കൊച്ചി: പാലാരിവട്ടത്തെ മേല്‍പ്പാലത്തിന്റെ ഗതാഗതം അടച്ചിട്ട് ഒരു വര്‍ഷം കഴിയുന്നു. പാലം പൊളിക്കുമോ, പുതുക്കി പണിയുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. കേസ് സുപ്രീം കോടതിയിലാണ്. സര്‍ക്കാരാകട്ടെ പാലം വിഷയം രാഷ്ട്രീയ നേട്ടത്തിന് വിനിയോഗിക്കുകയാണ്.
പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ മുസ്ലിം ലീഗിനെ വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ പാലം വിഷയം വിനിയോഗിക്കുന്നത്. യുഡിഎഫ് കാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. പക്ഷേ, സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നില്ല.
പാലം പണിയുകയോ ഗതാഗതത്തിന് തുറന്നുകൊടുക്കുകയോ ചെയ്യാത്തതിനാല്‍ അനുഭവിക്കുന്നത് യാത്രക്കാരാണ്. വൈറ്റിലയിലും കുണ്ടന്നൂരിലും പുതിയ മേല്‍പ്പാലം പണിയുന്നത് പൂര്‍ത്തിയാകാറായി. ഇവ തുറന്നുകൊടുത്താലും പാലാരിവട്ടം പാലം സ്തംഭിച്ചതോടെ ദേശീയപാത 66 ബൈപാസിലെ യാത്രക്കാര്‍ക്ക് ഗുണമുണ്ടാകില്ല എന്നാണ് സ്ഥിതി.
പാലാരിവട്ടം പാലത്തിന്റെ ചരിത്രം
- ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പാലാരിവട്ടം ബൈപാസില്‍ മേല്‍പാലം പണിയാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു.
- നിര്‍മാണ കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക്. 2014 ജൂണില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മാണം ഉദ്ഘാടനം ചെയ്തു.
- 2016 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
- ചില നിര്‍മാണ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു, കരാറുകാര്‍, ഡിസൈനര്‍മാരായ കിറ്റ്കോ മുഖേന പാളിച്ച സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ 23, 2016ല്‍ നല്കിയ ആദ്യ കത്തില്‍ അറ്റകുറ്റപ്പണിക്ക് ഏതാനും ദിവസം പാലം അടച്ചിടാന്‍ ആവശ്യപ്പെട്ടു.
- പക്ഷേ, മൂന്നു വര്‍ഷത്തിനുശേഷം 2019 ഏപ്രിലിലാണ് അനുമതി നല്കി, മെയ് ഒന്നിന് പാലം അടച്ചു.
- ചെന്നൈ ഐഐടി യുടെ വിദഗ്ധ സംഘം പരിശോധിച്ച് നിര്‍ദേശിച്ച പ്രകാരം കരാര്‍ കമ്പനി രണ്ടു മാസം കൊണ്ട് 2.5 കോടി രൂപ മുടക്കി അറ്റകുറ്റപ്പണി ചെയ്തു.
- പാലം പണിയില്‍ അഴിമതി നടന്നു എന്നു പറഞ്ഞ് വകുപ്പു മന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.
- വിഷയം ഹൈക്കോടതിയില്‍, ഭാരപരിശോധന നടത്തണമെന്ന് കരാര്‍ കമ്പനിയുടെ ഹര്‍ജി.
- വിധിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി, അതിലെ ആവശ്യം ഡിവിഷന് ബെഞ്ച് തള്ളി.
- കേസ് സുപ്രീം കോടതിയിലേക്ക്. ഇപ്പോഴും കേസ് നടക്കുന്നു.
വിജിലന്‍സ് കേസും രാഷ്ട്രീയവും
വിജിലന്‍സ് കേസിനെ തുടര്‍ന്ന് കേസില്‍ കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, ഡിസൈന്‍ ചെയ്ത കിറ്റ്കോയുടെ മുന്‍ എംഡി ബെന്നി പോള്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് എജിഎം പി.ഡി. തങ്കച്ചന് എന്നിവരെ അറസ്റ്റ് ചെയ്തു. അവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രഹാം കുഞ്ഞിന്റെ ബന്ധം അറസ്റ്റിയാവര് വെളിപ്പെടുത്തി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍ എംഡി മുഹമ്മദ് ഹനീഷിന്റെ പേരും പുറത്തുവന്നു. പക്ഷേ, സര്‍ക്കാര്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ അനുവദിച്ചില്ല. അതിനിടെ വിദഗ്ധരുടെ പല ഉപദേശം വന്നു. പാലം പൊളിച്ചു പണിയണമെന്നും അറ്റകുറ്റപ്പണി മതിയെന്നും അഭിപ്രായങ്ങളായി. അറ്റകുറ്റപ്പണി മതിയെന്ന് ചെന്നൈ ഐഐടി വിദഗ്ദ്ധരും പാലം പൊളിച്ച് പുതിയത് പണിയണമെന്ന് മെട്രോമാന് ശ്രീധരനും അഭിപ്രായം പറഞ്ഞു. പക്ഷേ ഭാരപരിശോധന എന്ന കരാറുകാരന്റെ ആവശ്യവും കോടതിയുടെ വിധിയും തടസമായി നില്ക്കുന്നു.
പാലമടച്ച ശേഷം റീടാറിങ് നടക്കുമ്പോള്‍ ടാറു നിറച്ച 25 ടണ്‍ ഭാരമുള്ള നാല് ടിപ്പറുകള്‍ നിരന്തരം പാലത്തിലുണ്ടായിരുന്നു. വന്‍ഭാരമുള്ള ടാറിങ്് പാവര്‍ മെഷീന് ടാര്‍ വിരിച്ച് 10 ടണ്‍ ഭാരമുള്ള രണ്ട് വൈബ്രേറ്റര്‍ റോളറുകള്‍ പ്രവര്‍ത്തിച്ചു. അതിന്റെ ആഘാതം 16 ടണ്‍ വീതം വരും. ഇതിനു പുറമേ ഒട്ടേറെ വാഹനങ്ങള്‍ കയറ്റി, ഭാരം കയറ്റി. എന്നിട്ടും തകരുകയോ വിള്ളലുകള്‍ വികസിക്കുകയോ ചെയ്തിട്ടില്ല എന്നാണ് കരാര്‍ കമ്പനിയുടെ കോടതികളിലെ വാദം.
മുസ്ലിം ലീഗ് നേതാവുകൂടിയായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാതെ പ്രതിസ്ഥാനത്തുനിര്‍ത്തി സിപിഎം രാഷ്ട്രീയമാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന ആക്ഷേപമുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിലും അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും സിപിഎം ഈ വിഷയം വെച്ച് രാഷ്ട്രീയം കളിച്ചു. വരാന്‍പോകുന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ വിലപേശലിന് അവസരം കാക്കുകയാണ് സര്‍ക്കാര്‍ എന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: