മൂലമറ്റം: ഇടുക്കിയിലെ ആ മൂന്നു കൊറോണ രോഗികള്‍ എവിടെപ്പോയി? വനിത കൗണ്‍സിലറടക്കം മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ഇന്നലെ രാവിലെ കളക്ടര്‍ എച്ച്. ദിനേശന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വൈകിട്ടത്തെ പതിവു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കളക്ടറുടെ പ്രസ്താവന തള്ളുകയാണ് ചെയ്തത്.
ഗുരുതരമായ വിഷയം മൂടിവെയ്ക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടര്‍ മൂന്നു പേര്‍ക്കു കൂടി രോഗമുണ്ടെന്ന് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഇത് സ്ഥിരീകരിക്കാത്തതോടെ മൂന്നു പേരെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.
തിങ്കളാഴ്ചത്തെ പത്രസമ്മേളത്തില്‍ മുഖ്യമന്ത്രി ഇടുക്കിയില്‍ നാല് കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. രാത്രി 11നാണ് മൂന്ന് കേസുകള്‍ കൂടി ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഫോണ്‍ വന്നത്. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്, ബെംഗളൂരുവില്‍ നിന്ന് വന്ന ഇടുക്കി നാരകക്കാനം സ്വദേശി എന്നിവര്‍ക്ക് പോസിറ്റീവാണെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നുമായിരുന്നു അറിയിപ്പ്.
ജനപ്രതിനിധിക്കും നഴ്സിനും രോഗം സ്ഥിരീകരിച്ചതോടെ വളരെ വേഗത്തില്‍ തന്നെ നടപടി എടുത്തു. ആശുപത്രിയിലെ ഒപിയും അടച്ചു. എല്ലാം മുഖ്യമന്ത്രി പറഞ്ഞ ശേഷമാണ് പുറത്ത് വരുന്നതെന്ന പതിവ് ഇതോടെ തെറ്റി. കൃത്യസമയത്ത് വാര്‍ത്ത പുറത്ത് വന്നതിനെ പ്രതിപക്ഷ നേതാക്കള്‍ അടക്കം അഭിനന്ദിക്കുകയും ചെയ്തു.
ഇതോടെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇത് തള്ളി. മാത്രമല്ല ഒരു ഫലം കൂടി വന്ന ശേഷമേ ഉറപ്പിക്കാനാകൂവെന്നും പറഞ്ഞു. താന്‍ പറയാതെ ഫലം വന്നതിലുള്ള കടുത്ത നീരസമാണ് മുഖ്യമന്ത്രി ഇന്നലെ കാട്ടിയതെന്നാണ് ആരോപണം. കളക്ടര്‍ ഫലം പുറത്ത് വിട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയടക്കം ശാസിച്ചതായാണ് സൂചന.
ആശയക്കുഴപ്പമില്ല: കളക്ടര്‍
തൊടുപുഴ: സംഭവത്തില്‍ ആശയക്കുഴപ്പമില്ലെന്നാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ പ്രതികരണം. ആശുപത്രിയിലുള്ളവരുടെ സ്രവം വീണ്ടും പരിശോധനയ്ക്കെടുത്തതായും ഇതിന്റെ ഫലം ഇന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നിട്ടും ഇവരെ ആശുപത്രിയിലാക്കത്തത് വലിയ വീഴ്ചയാകുമെന്ന് കണ്ടാണ് നടപടി എടുത്തതെന്നും വാര്‍ത്ത പുറത്ത് വിട്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: