കുഞ്ഞാലിക്കുട്ടിയും കൂട്ടരും ഇത്രയും പോരാട്ടവീര്യമുള്ള ഇനങ്ങളാണെന്ന് കരിപ്പൂരില്‍ നടന്ന സമാനതകളില്ലാത്ത സഹനസമരത്തിലൂടെയാണ് മലയാളികള്‍ക്ക് മനസ്സിലായത്. പ്രവാസികള്‍ക്ക് വേണ്ടി ഒരു മണിക്കൂര്‍ നേരം ഉണ്ണാതിരുന്ന് കളഞ്ഞു കുഞ്ഞാപ്പയും പിള്ളേരും. അതും കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍. എല്ലാ പ്രവാസികളും ലീഗിന്റെ ഈ അത്യുജ്ജ്വല സമരവീര്യത്തിന് മുന്നില്‍ നമിക്കണം. വിശുദ്ധ റംസാന്മാസത്തില് നോയമ്പ് നോക്കുന്നവരെന്ന് സ്വയം പറയുന്ന പതിമൂന്ന് എംഎല്‍എമാരും മൂന്ന് എംപിമാരുമാണ് ഒരു മണിക്കൂര്‍ ഉപവാസമിരുന്ന് കേന്ദ്ര, കേരള സര്‍ക്കാരുകളെ വെല്ലുവിളിച്ചതെന്ന് ഓര്‍ക്കണം. പ്രവാസികളേ നിങ്ങള്നന്ദിയുള്ളവരായിരിക്കണമെന്ന് സാരം….
അമിത് ഷായ്ക്കെതിരെ കോയിക്കട്ടങ്ങാടീ മുയ്മനും കരിമതില്‍ കെട്ടിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പാണ് ലീഗിന്റെ ഐതിഹാസികമായ ഉപവാസസമരം. ഈ കൊറോണക്കാലത്ത് സമരം ചെയ്തേ അടങ്ങൂ എന്ന വാശിയിലായിരുന്നു നേരത്തെതന്നെ കുഞ്ഞാപ്പ. പ്രത്യേകിച്ചും മൂക്കറ്റം രാഷ്ട്രീയം നിറഞ്ഞുതുളുമ്പിയ അഴീക്കോട് എംഎല്‍എ കെ.എം. ഷാജി പിണറായിക്കെതിരെ വാളോങ്ങി വിജിലന്‍സില്‍ കുടുങ്ങിയ സമയത്ത്. സക്കാത്തായി കിട്ടുന്നതൊക്കെ സര്‍ക്കാരിന് പോകുമെന്ന് കേട്ടപ്പോള്‍ കലിപ്പായിറങ്ങിയതാണ് ഷാജി. കൂടെയിരുന്ന് മേനി പറഞ്ഞ പല വമ്പന്മാരും സര്‍ക്കാരിന്റെ സക്കാത്തില്‍ കഴിയുന്നവരാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്ക് കേസായി, പുക്കാറായി.
സ്പ്രിങ്കഌറില്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. പത്രസമ്മേളനത്തിനപ്പുറത്ത് സമരം കണ്ടിട്ടില്ലാത്ത ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ മിണ്ടാട്ടം മുട്ടിയിരിപ്പായതോടെ കുഞ്ഞാപ്പയുടെ കുഞ്ഞുങ്ങള്‍ സമരം ചെയ്യുമോ എന്നായി നാട്ടുകാരുടെ ചോദ്യം. ആ സമരവും കൊറോണയില്‍ ചോര്‍ന്നപ്പോഴാണ് പ്രവാസികളുടെ പ്രശ്നം വരുന്നത്.
കുഞ്ഞാലിക്കുട്ടിയെയും കൂട്ടരെയും വെട്ടി ഹസന്‍ജി രാജ്ഭവനില്‍ മുന്നില്‍ ഉപവാസമെന്നും പറഞ്ഞിരുന്നതാണ് കരിപ്പൂരിലെ ഒരുമണിക്കൂര്‍ വിപ്ലവത്തിന് പ്രകോപനമായത്. എന്തായാലും നോമ്പെടുക്കണം. എന്നാല്പിന്നെ അത് രാജ്ഭവനുമുന്നിലാവുമ്പം ഓസിനൊരു സമരവുമാവും എന്ന ബുദ്ധിയാണ് ഹസന്റെ പകല്സമരത്തിലേക്ക് നയിച്ചത്. ഹരിപ്പാട്ടിരുന്ന് കായംകുളത്തുള്ള കൊച്ചാട്ടനോട് ഫോണില്‍ സംസാരിച്ചിട്ട് ഗള്‍ഫിലേക്ക് വിളിച്ച് പ്രവാസികളുടെ പ്രശ്നം പഠിക്കുകയായിരുന്നു എന്ന് കഥയിറക്കിയ ചെന്നിത്തലയായിരുന്നു ഹസന്റെ സമരം ഉദ്ഘാടിച്ചത്.
സമരം ചെയ്യാന്‍ വല്ലാണ്ട് മുട്ടിനിന്ന കുഞ്ഞാപ്പയെയും കൂട്ടരെയും അറിയിക്കാതെയാണ് ഹസന് രാജ്ഭവനുമുന്നില്‍ ഇരുന്നത്. അതില്‍പ്പരം നാണക്കേടുണ്ടോ ലീഗിന്. അപ്പോള്‍ത്തന്നെ ആകെയുള്ള എംഎല്‍എമാരോടും എംപിമാരോടും കരിപ്പൂരിലെത്താന്‍ ആഹ്വാനമായി. പിന്നെ പട്ടിണിയോട് പട്ടിണിയാണ്. പ്രവാസികള്‍ക്കായി എന്തു ചെയ്തു എന്നാരേലും ചോദിച്ചാല്‍ പറയാന്‍ ഒരുത്തരം വേണമല്ലോ…. റംസാന്മാസത്തില് അനുഷ്ഠിക്കുന്ന നോയമ്പ് സമരാഭാസത്തിന്റെ ഉപകരണമാക്കാമോ എന്ന തീര്‍ത്തും മതപരമായ ചോദ്യത്തിന് ഉത്തരം പറയേണ്ട പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളിനെക്കൊണ്ട് തന്നെ ഉദ്ഘാടനവും ചെയ്യിച്ചാണ് കുഞ്ഞാപ്പയും കൂട്ടരും സമരക്കൊതി തീര്‍ത്തതെന്നും അറിയണം…. ഇത്രയൊക്കെ ചെയ്തിട്ടും നാട്ടുകാര്‍ വട്ടം നിന്ന്, ‘എന്ത് പ്രഹസനമാണിത് കുഞ്ഞാപ്പ’ എന്ന് ചോദിക്കുന്നതിന്റെ പൊരുള്‍ മാത്രമാണ് കുഞ്ഞാലിക്കുട്ടിക്ക് മനസ്സിലാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: