മുംബൈ : കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ 55 വയസുകഴിഞ്ഞ പോലീസുകാർക്ക് അവധിയിൽ പോകാൻ അധികൃതർ അനുമതി നൽകി. മുംബയിൽ കൊവിഡ് ബാധിച്ച് മൂന്ന് പോലീസുകാർ മരിച്ചതിനെ തുടർന്നാണ് അവധിയെടുക്കാൻ അനുമതി നൽകിയത്.
അമ്പത്തഞ്ചു വയസാകാത്ത രോഗങ്ങളുള്ള പോലീസുകാർക്കും അവധിയെടുക്കാൻ അനുമതിയുണ്ട്. ഇവർക്കെല്ലാം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും നൽകുക എന്നാണ് റിപ്പോർട്ട്. പ്രായക്കൂടുതലും മറ്റുരോഗങ്ങളും ഉള്ളവർക്ക് കൊവിഡ് വരാൻ സാദ്ധ്യതകൂടുതലാണ്. മുംബൈ ധാരാവിയിലും കൊവിഡ് പടർന്നുപിടിക്കുകയാണ്. നിരവധിപേരാണ് മരിച്ചത്.
ഇന്നലെയാണ് 56-കാരനായ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മുംബൈയിലെ കെഇഎം ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അസുഖബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മൂന്ന് ആശുപത്രികൾ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു. അതിന് ശേഷമാണ് ഇദ്ദേഹത്തെ കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബൈയിൽ ഏറ്റവും ആദ്യം മരിച്ച പോലീസ് കോൺസ്റ്റബിളിന് 56 വയസ്സായിരുന്നു പ്രായം. വകോല പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഏപ്രിൽ 22-നാണ് ഇദ്ദേഹത്തിന് അസുഖം സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 25-ന് മരിക്കുകയും ചെയ്തു.
53-കാരനായ പോലീസ് കോൺസ്റ്റബിളാണ് മരിച്ച രണ്ടാമത്തെയാൾ. പ്രൊട്ടക്ഷൻ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് അസുഖം ബാധിച്ചത് ഏപ്രിൽ 23-ന്. മരിച്ചത് ഏപ്രിൽ? 26-നാണ്. ഇദ്ദേഹം കാൻസർ രോഗമുക്തനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: