ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പ്രവാസികള്‍ക്ക് ആശ്വാസമാണ് ലോക് ഡൗണ്‍ കഴിഞ്ഞ് അവര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയെത്താം എന്നത്. അതിനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിക്കഴിഞ്ഞു. പക്ഷേ, ആശ്വാസം ആശങ്കയ്ക്ക് വഴിവയ്ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഏറ്റവും പ്രധാനം. പ്രവാസികളെ ക്വാറന്റൈന് ചെയ്യാനുള്ള സംവിധാനങ്ങള്‍ വേണ്ടത്ര സജ്ജമാക്കേണ്ടതുണ്ട്. അതിനാവണം ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. ആളുകളെ പാര്‍പ്പിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ഉടന്‍ കണ്ടെത്തി നിശ്ചയിക്കണം. കൂടുതല്‍ പേര് എത്തുന്നതോടെ കൂടുതല്‍ ആശുപത്രികളും കോവിഡ് 19 ചികിത്സയ്ക്കായി വേണ്ടിവരും.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം അതാത് സംസ്ഥാനങ്ങള്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍. എത്രപേര്‍ സംസ്ഥാനത്ത് മടങ്ങിയെത്തും എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് സംസ്ഥാനങ്ങളുടെ കൈവശമുണ്ടാവണം. കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്ക റൂട്ട്സ് വഴി രജിസ്ട്രേഷന് ആരംഭിച്ചു. ഏകദേശം അഞ്ചരലക്ഷത്തോളം പേര് ആദ്യ മുപ്പത് ദിവസത്തിനുള്ളില്‍ എത്തിയേക്കാം എന്നാണ് കണക്കാക്കുന്നത്.
മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റേയും അഭിപ്രായം രണ്ടുതട്ടിലാണ്. കേരളത്തില്‍ എത്തുന്ന മുഴുവന്‍ പേരേയും വിമാനത്താവളത്തോട് തൊട്ടുചേര്‍ന്നു തന്നെ ക്വാറന്റൈന് ചെയ്യണം എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. എന്നാല്‍ കോവിഡ് 19 പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നെഗറ്റീവ് ആകുന്നവരെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷിച്ചാല്‍ മതിയെന്നാണ് കെ.ടി. ജലീല്‍ പറയുന്നത്. നിലവിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുവാനെ ഈ തീരുമാനം ഇടയാക്കൂ. രോഗികളുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും അശ്രദ്ധകൊണ്ട് അതില്‍ മാറ്റം വരരുത്. കൂടുതല്‍ പരിശോധനകള്‍ നടക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.
വൈറസ് വ്യാപനം എങ്ങനെയെന്ന കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന നിഗമനങ്ങള്‍ പലതും തെറ്റാണെന്ന് നാം മനസ്സിലാക്കി വരുന്നതേയുള്ളൂ. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും ഒരുമാസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇത്തരമൊരു അവസ്ഥാവിശേഷമാണ് നിലവിലുള്ളത്. കേരളത്തില്‍ ആദ്യം തന്നെ സുരക്ഷിത മേഖലയിലായ കോട്ടയം, ഇടുക്കി ജില്ലകളില്‍ പിന്നീട് സ്ഥിതി വഷളായി. ഇതൊരു പാഠമാണ്. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വന്‍ ഇളവുകള്‍ നല്‍കുന്നത് രോഗവ്യാപന തോത് വര്‍ധിപ്പിക്കും.
കോവിഡ് 19 രൂക്ഷമായ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിദേശത്തുനിന്നും വന്നവരിലൂടെയാണ് ഇന്ത്യയില്‍ രോഗം പടര്‍ന്നത്. ആ സാധ്യത മുന്നില്‍ കണ്ടുവേണം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍. കേരളത്തില്‍ നാല് വിമാനത്താവളങ്ങളിലും അവിടെത്തന്നെ സ്ക്രീനിങ് നടത്താന്‍ സജ്ജീകരണം ഒരുക്കണം. രോഗലക്ഷണം ഉള്ളവരെ ആശുപത്രികളിലും അല്ലാത്തവരെ ക്വാറന്റൈനില്‍ നിര്‍ത്തുന്നതുമാണ് ഉചിതം.
കേരളത്തില്‍ ഏറ്റവും കൂടതല്‍ പ്രവാസികളുള്ളത് മലപ്പുറത്താണ്. നാല് ലക്ഷത്തിലേറെപ്പേര്‍. ഇവരില്‍ തിരിച്ചുവരുന്നവരെ എങ്ങനെ ക്വാറന്റൈന് ചെയ്യും എന്നതാണ് പ്രധാന ചോദ്യം. വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുക എന്ന നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുക പ്രയാസമാണ്. വിദേശത്തും ക്വാറന്റൈന് സമാനമായ അന്തരീക്ഷത്തില്‍ കഴിഞ്ഞവര്‍ക്ക് വീട്ടിലെത്തിയാലും അത് തുടരണമെന്ന് പറയുന്നത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട്, സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ അവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കണം.
പ്രവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലാവണം അവരെ തിരിച്ചുകൊണ്ടുവരേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുന്നുണ്ട്. അവരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യ സുരക്ഷയും ഉറപ്പാക്കണം. അത്രയേറെ ശ്രമകരമായ ഒരു ദൗത്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ളത്. കേരളത്തില്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നല്ലാതെ കാര്യമായ ഒരുക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ചില ജില്ലകളില്‍ ഒഴികെ ക്വാറന്റൈന് സൗകര്യങ്ങള്‍ വേണ്ടത്ര ഏര്‍പ്പാടാക്കിയിട്ടുമില്ല. അതിനായി സ്ഥലസൗകര്യങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പാര്‍പ്പിട യോഗ്യമായ ഇടങ്ങള്‍ വിട്ടു നല്കാന് മതസ്ഥാപനങ്ങളും മറ്റും തയ്യാറായി മുന്നോട്ടുവരണം. വെറുതെ കിടക്കുന്ന കെട്ടിടങ്ങള്‍ ഈ ഒരാവശ്യത്തിന് പ്രയോജനപ്പെടുത്തണം.
ഗര്‍ഭിണികള്‍, കുട്ടികള്‍, വിസാ കാലാവധി തീര്‍ന്നവര്‍, വയോജനങ്ങള്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെയുള്ള മുന്‍ഗണനാ ക്രമത്തിലാവും പ്രവാസികളെ നാട്ടിലെത്തിക്കുക. ലക്ഷക്കണക്കിന് ആളുകള്‍ ഘട്ടം ഘട്ടമായിട്ട് എത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കണം സംസ്ഥാനം. മാനുഷിക പരിഗണനവച്ചുകൊണ്ടുള്ള എല്ലാ സൗകര്യങ്ങളും അവര്‍ക്ക് ലഭ്യമാക്കണം. പ്രവാസികളെങ്കിലും അതിഥികളായി കണ്ടുള്ള പരിചരണമാണ് അവര്‍ക്ക് നല്‍കേണ്ടത്. വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിപ്പോകുവാന്‍ പ്രവാസികളും തിടുക്കം കാണിക്കരുത്. ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കി, പൂര്‍ണ്ണ ആരോഗ്യത്തോടെ വീടുകളില്‍ ചെന്നെത്തുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാവണം വിദേശത്തുനിന്നും ഓരോ പ്രവാസിയും നാട്ടിലേക്ക് തിരിക്കാന്‍. ആ രാജ്യങ്ങളില്‍ കിട്ടാത്ത കരുതലും ശുശ്രൂഷയും മാതൃരാജ്യത്ത് ലഭിക്കുമെന്നും മരണമുഖത്തുനിന്നും രക്ഷപെട്ടെത്തുന്നത് സുരക്ഷിതത്വത്തിലേക്കാണെന്നും ഉള്ള തോന്നലാണ് പ്രവാസികളെ കൂട്ടത്തോടെ ഇവിടേക്കെത്താന്‍ പ്രേരിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഭാരതം പോലെ സുരക്ഷിതത്വം മറ്റെവിടെയുമില്ല. ആ സുരക്ഷിതത്വം വരും നാളുകളിലും കാത്തുസൂക്ഷിക്കേണ്ടത് പ്രവാസികളാണ്. ആശങ്കകള്‍ക്ക് ഇടയില്ലാത്തവിധം, രോഗവ്യാപനത്തിന്റെ പഴുത് അടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ആവണം ഈ അവസരത്തില്‍ സര്‍ക്കാര്‍ ഒരുക്കേണ്ടത്. അവിടെ ഇളവുകളും വിട്ടുവീഴ്ചകളും കൊണ്ട് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: