തൃശൂര്‍: കൊറോണ ദുരിത കാലത്ത് ആവറേജ് മീറ്റര്‍ റീഡിങിന്റെ മറവില്‍ ഉപഭോക്താക്കളെ കെഎസ്ഇബി കൊള്ളയടിക്കുന്നുവെന്ന ആരോപണത്തിന് വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. സോഫ്റ്റ്വെയര് തകരാറാണ് വൈദ്യുതി ബില്‍ തയ്യാറാക്കുന്നതിലുണ്ടായ പിശകിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കൊറോണ കാലത്ത് വൈദ്യുതി ബില്ലില്‍ ആവറേജ് ബില്ലിങ് രീതി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് വിരുദ്ധമായി കൂടുതല്‍ തുക ഈടാക്കുന്നുവെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.
കോറോണ വൈറസ് വ്യാപന പ്രതിരോധത്തിനു മുമ്പ് വരെ 60 ദിവസം കഴിയുമ്പോഴാണ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി മീറ്റര്‍ ചാര്‍ജ് എടുത്താണ് ബില്ല് നല്‍കാറുള്ളത്. കോറോണയെ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള മീറ്റര്‍ റിഡിങ് നിര്‍ത്തി വെച്ചിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് 60 ദിവസം തോറും എടുക്കുന്ന മീറ്റര്‍ റീഡിങ് ഇപ്പോള്‍ 70 ദിവസത്തിനു ശേഷം എടുത്തപ്പോള്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത് കൂടിയ നിരക്കിലുള്ള ചാര്‍ജാണ്.
രണ്ടു മാസത്തെ റീഡിങിന് പകരം ചിലര്‍ക്കെങ്കിലും 65ഉം 70ഉം ദിവസത്തെ ഉപഭോഗത്തിനുള്ള റീഡിങാണ് എടുത്തിട്ടുള്ളത്. ഇതുവെച്ച് ബില്ല് തയ്യാറാക്കുമ്പോള്‍ സ്ലാബു മാറി ഉയര്‍ന്ന നിരക്ക് നല്‍കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന ഉപഭോക്താക്കളുടെ പരാതി പരിശോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രണ്ടുമാസത്തില്‍ കൂടുതല്‍ ദിവസത്തെ റീഡിങ് വരുമ്പോള്‍ ആ റീഡിങ് രണ്ടുമാസത്തേത് എന്ന നിലയിലാണ് ബില്ലിങിനുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കണക്കാക്കുന്നത്.
ഇങ്ങനെ വരുന്ന റീഡിങ് രണ്ടുമാസത്തേക്ക് എത്രവരുമെന്ന് കണക്കുകൂട്ടി ആ സ്ലാബിലുള്ള നിരക്കില്‍ ആകെ യൂണിറ്റിനുള്ള ബില്ല് കണക്കാക്കുകയാണ് ശരിയായ രീതി. അങ്ങനെയല്ലാതെ വന്നതിനെ തുടര്‍ന്ന് ചില ബില്ലുകളില്‍ യഥാര്‍ത്ഥത്തില്‍ അടക്കേണ്ടതിനേക്കാള്‍ കൂടുതല്‍ തുക കാണിച്ചിട്ടുണ്ടെങ്കില്‍ അത് പിശകാണ്. ഇക്കാര്യത്തില്‍ സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്താന്‍ വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു ഉപഭോക്താവും നിശ്ചയിക്കപ്പെട്ട നിരക്കിലുള്ളതിനപ്പുറമുള്ള തുക അടക്കേണ്ട. ബില്ലില്‍ പിശക് വന്നിട്ടുണ്ടെങ്കില്‍ ബില്ലടക്കുന്ന സമയത്ത് തിരുത്തി സ്വീകരിക്കാവുന്നതാണ്. ആരെങ്കിലും തിരുത്തല്‍ വരുത്താതെ ബില്ല് അടച്ചിട്ടുണ്ടെങ്കില്‍ അധികത്തുക കണക്കാക്കി അഡ്വാന്‍സായി വരവുവെക്കുന്നതിനും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടിയും സ്വീകരിക്കും. മെയ് 3ന് ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം ബില്ലുകള്‍ അടച്ചാല്‍ മതി. ഈ കാലയളവില്‍ യാതൊരുവിധ പിഴയും ഈടാക്കുന്നതല്ല. ഇതുകൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്സഡ് ചാര്‍ജ്ജ് 6 മാസത്തേക്ക് മാറ്റിവെച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: