രാത്രി ഏറെ വൈകിയിരിക്കുന്നു. ആകെ ഒരു ശൂന്യതപോലെ. ചിന്താധീനനായി ഞാനങ്ങനെ കിടന്നു. മനസ്സ് നിറയെ ചിന്തകള്‍. നാട് അഭിമുഖീകരിക്കുന്ന ദൈന്യത. നാളുകള്‍തോറും മരണങ്ങളുടെ വാര്‍ത്തകള്‍. ദിവസങ്ങളോളം ഇതുതന്നെയാണ് അവസ്ഥ. ദിനംപ്രതി വര്‍ദ്ധിക്കുന്ന മരണസംഖ്യ.
ജനല്‍പ്പാളിയിലൂടെ പുറത്തേക്കൊന്നു നോക്കി. ചളിയും പൊടിയും പാറിയ വെള്ളിത്തകിട്ടുപോലെ കാണായ പൂര്‍വചക്രവാളത്തില്‍ അടഞ്ഞുകിടന്ന കാര്‍മേഘങ്ങള്‍ക്കു മുകളില്‍ ചന്ദ്രഗോളം ഉയര്ന്നുനില്ക്കുന്നു.
കെട്ടുതുടങ്ങിയ തീക്കനല്‍പോലെ തോന്നിക്കുന്ന അതിന്റെ ചുവന്ന നിറം. താമ്രവര്‍ണ്ണ പ്രകാശവലയം ചമയ്ക്കുന്നതു അദ്ഭുതത്തോടെ നോക്കിനിന്നു. ഇനി നാഴികകള്‍ കഴിഞ്ഞാല്‍ വെള്ളിയുടെ കൈത്തിരി പൂര്‍വദിക്കില്‍ തെളിയുമെന്നും അതോടെ രാത്രി അവസാനിക്കുമെന്നുമുള്ള ആശ്വാസമാണ് അപ്പോള്തോന്നിയത്.
ദുഃഖത്തിന്റെ നനവൂറിയ നേത്രങ്ങള്‍ക്കു താഴെഅവിടെയെല്ലാം അപ്പോഴും തീക്കനലുകള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്നു എനിക്ക് തോന്നി. ഞാന്ഉറങ്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു. ഇനിയും ഉറക്കമില്ലാത്ത അനേകം ദിനങ്ങള്‍ കണ്മുന്നിലെങ്ങും പരന്നു കിടക്കുന്നപോലെ. എന്റെ കണ്ണുകള്‍ അപ്പോഴും ചക്രവാളത്തില്‍ തെളിയുന്ന ചന്ദ്രബിംബത്തെ നോക്കിക്കൊണ്ടിരിക്കുകയാണ്.
പലതരം ചിന്തകളുമായി കിടന്നതുകൊണ്ടാവാം, രാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കത്തിലേക്കു വഴുതിവീണതു ഞാന്‍ അറിഞ്ഞതേയില്ല. അബോധമനസ്സിലെ എന്റെ ചിന്തകള്‍ മാത്രം ഉണര്‍ന്നിരിക്കുകയാണ്. ലോക വാര്‍ത്തകളോരോന്നും എന്റെ മനസ്സിനെ ദുഖിപ്പിച്ചിരിക്കുന്നു. അപ്പോഴാണ് ആ രൂപം എന്നെ ലക്ഷ്യമാക്കിവന്നത്. ഗോളാകൃതിയിലുള്ള ഒരു ഭീകരരൂപം. അടുത്തെത്തിയ രൂപം ചിരകാല പരിചിതനായ ഒരുവനെപ്പോലെ ചോദിച്ചു. ”എന്നെ അറിയുമോ?”
ഞാന്‍ പകച്ചുപോയി. ഒരുതരത്തിലും എനിക്ക് ഓര്‍മിച്ചെടുക്കാനാവുന്നില്ല. എന്റെ ചിന്താധീനമായ മനസ്സിന് ഓര്‍ത്തെടുക്കാന്‍ ആകുന്നില്ലെന്നു മനസിലാക്കിയാവാം രൂപം സ്വയം പരിചയപ്പെടുത്തി.
ഞാനാണ് കൊറോണ. നിങ്ങള്‍ ഇത്രനേരം ചിന്തിച്ചുരുന്ന കൊറോണ വൈറസ്. ഇന്ന് ലോകത്തില്എന്നെക്കുറിച്ചറിയാത്തവരില്ല. നിങ്ങള്‍ കേള്ക്കുവാന്തയ്യാറാണെങ്കില് എന്റെ കഥ ഞാന്‍ പറയാം.
ലോകം മുഴുവന്‍ കീഴടക്കിവച്ചിരിക്കുന്ന അവന്റെഅദ്ഭുതകഥ എന്തെന്നറിയാമെന്ന മോഹത്താല്‍ ഞാന്‍ കഥ കേള്‍ക്കാന്‍ തയ്യാറായി. നിന്റെ കഥയെന്താണെന്നു പറയൂ. എനിക്കതറിയാമല്ലോ?
തുടര്‍ന്ന് കൊറോണ അതിന്റെ അനുഭവകഥ വിവരിച്ചുതുടങ്ങി.
ഞാനിന്നു ലോകജനതയുടെ ഇടയില്‍ ഹീറോയാണ്. എന്നെ പേടിച്ചു രാജ്യങ്ങള്‍ മുഴുവന്‍ അടച്ചിട്ടിരിക്കുകയാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാല്ലോ? എന്നാല്‍ അതൊന്നും എനിക്കൊരു പ്രശ്നനമല്ല. എനിക്ക് പ്രവേശിക്കാന്‍ അത്ര സ്ഥലമൊന്നും വേണ്ട. ബൃഹത്തായ രൂപമല്ല എന്റേത്. ഞാനൊരു സൂക്ഷ്മജീവിയാണ്. എനിക്ക് വായുവിലൂടെ ആരുടേയും നഗ്നനേത്രങ്ങള്‍ക്കു കാണാന്‍ ആകാതെ സഞ്ചരിക്കാന്‍ ആകും. എല്ലാ മനുഷ്യരില്ലേക്കും എനിക്ക് സഞ്ചരിച്ചെത്താന്‍ കഴിയും. അതുകൊണ്ട് നിങ്ങള്‍ക്ക് എന്നെ തടഞ്ഞുനിര്‍ത്താന്‍ എളുപ്പമല്ല. എനിക്ക് വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല. രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ല. എല്ലാവരും എന്റെ മുന്നില്‍ ഒരുപോലെയാണ്.
കൊറോണയുടെ സംഭാഷണത്തിനിടെ ഞാന്‍ ഒരുകാര്യം സംസാരിക്കാനായി അല്‍പ്പം തടസ്സപ്പെടുത്തി ചോദിച്ചു
”ഹേ! കൊറോണ എന്തിനാണ് നീ ഞങ്ങളെ ഇങ്ങനെ അപായപ്പെടുത്തി ഞങ്ങളുടെ വിലപ്പെട്ട ജീവന് കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ എന്തെങ്കിലും ദ്രോഹം നിനക്ക് ചെയ്തിട്ടുണ്ടോ?”
എന്റെ സംഭാഷണം മുഴുമിപ്പിക്കുന്നതിനു മുമ്പ് അട്ടഹാസത്തോടെ ആ രൂപം എന്റെ സംസാരത്തിനു വിരാമമിട്ടുകൊണ്ട് പറഞ്ഞു.
”ഹേ! മനുഷ്യ നീ നിരപരാധിയാണെന്ന് ആര് പറഞ്ഞു. നീ ഈ പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിന്റെ സ്വാര്‍ത്ഥത ഈ ലോകത്തിനു നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അത് നിര്‍ത്തുന്നതിനാണ് എന്റെ ഈ സംഹാരതാണ്ഡവമെന്ന് നീ അറിഞ്ഞാലും. അഹങ്കാരിയായ മനുഷ്യ! നിന്റെ അഹങ്കാരം അവസാനിപ്പിക്കുകയാണെന്റെ ലക്ഷ്യം.”
കൊറോണ കഥ തുടര്‍ന്നു: ഇതിനു മുന്‍പും ഇത്തരം ഉദ്ദേശ്യങ്ങളുമായി നിന്റെ മുന്നില്‍ വന്നിട്ടുണ്ട്. അന്ന് എന്നെ നിങ്ങള്‍ ‘നിപ്പ’ എന്നാണ് വിളിച്ചത്. മനുഷ്യനിലേക്കെത്താനുള്ള മാര്‍ഗമായി ഞാന്‍ അന്ന് തിരഞ്ഞെടുത്തത് പക്ഷിമൃഗാദികളെയായിരുന്നു. ഇതറിഞ്ഞ നിങ്ങള്‍ ആ പക്ഷികളെയും മൃഗങ്ങളെയും കൂട്ടത്തോടെ കൊന്നൊടുക്കി. വാസ്തവത്തില്‍ അവര്‍ നിരപരാധികളായിരുന്നു. ഈ ഭൂമി നിങ്ങളെപ്പോലെ അവര്‍ക്കും അവകാശപ്പെട്ടതാണെന്ന സത്യം നിങ്ങള്‍ അംഗീകരിച്ചില്ല. ഭൂമിയിലുള്ളതെല്ലാം മനുഷ്യനു മാത്രമുള്ളതാണെന്നാണ് നിങ്ങളുടെ അവകാശവാദം. എന്നാല്‍ അങ്ങനെയല്ല. മനുഷ്യന് അവനാവശ്യമുള്ളവ മാത്രം നിലനിര്‍ത്തുകയും, അല്ലാത്തവ നശിപ്പിച്ചു കളയുകയും ചെയ്യുന്നതിലൂടെ അവന്റെ സ്വാര്‍ത്ഥതയാണ് തെളിയിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. അതുകൊണ്ടാണ് ഞാന്‍ ഇത്തവണ പക്ഷിമൃഗാദികളിലൂടെ അല്ലാതെ സ്വയം വായുവിലൂടെ സഞ്ചരിക്കാന്‍ ഉറച്ചത്.
അല്ലയോ മനുഷ്യാ, നീ ലോകത്തെ മുഴുവന്‍ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമം നടത്തുകയാണല്ലോ? അതിനായി ആണവ യുദ്ധസാമഗ്രികള്‍ ശേഖരിക്കുന്ന തിരക്കിലാണല്ലോ നിങ്ങള്‍? അപ്പോള്‍ നിങ്ങള്‍ ആലോചിച്ചുവോ മനുഷ്യന് ആണവനിലയങ്ങളില്‍ നിന്നുണ്ടാവുന്ന മരണം തടയാന്‍ ആതുരാലയങ്ങള്‍ വേണമെന്ന്? അതിനെ ഓര്‍മപ്പെടുത്തുകയാണ് എന്റെ മറ്റൊരു ഉദ്ദേശ്യം. അത് മനസിലാക്കിത്തരാന്‍ എനിക്ക് കഴിഞ്ഞതല്ലേ പുതിയ ആശുപത്രികള്‍ നിര്‍മിക്കാനുള്ള തീരുമാനങ്ങള്‍. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ആശുപത്രി നിര്‍മിക്കാനുള്ള കഴിവിനെ ഓര്‍മപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. അതില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു.
ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നിരവധി മനുഷ്യരെ കൊന്നൊടുക്കിയവനാണ് ഞാനെന്നതാണ് നിങ്ങള്‍ക്കെന്നോടുള്ള പ്രധാന കാലുഷ്യം. ഞാന്‍ ചോദിക്കട്ടെ, അര്‍ത്ഥശൂന്യമായ ചിന്തകളുടെ ഫലമായി നിങ്ങള്‍ കോടിക്കണക്കിനാളുകളെ കൊന്നൊടുക്കിയിട്ടില്ലേ. പഴയ ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്ക്. മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും അധികാരമോഹത്തിന്റെ പേരിലും നിരപരാധികളായ എത്രയോലക്ഷം ജനങ്ങളെ നീ കൊന്നൊടുക്കിയിട്ടുണ്ട്. അതെല്ലാം നോക്കുമ്പോള്‍ ഞാന്‍ മാത്രമെങ്ങനെ കുറ്റക്കാരനാകും?
ഹേ! മനുഷ്യ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിന്റെ ജീവിതലക്ഷ്യമായി മാറിയിരിക്കുകയാണല്ലോ? അത് നിര്ത്തലാക്കുകയെന്നതായിരുന്നുഞാന് ലക്ഷ്യമിട്ടിരുന്ന മറ്റൊരു കാര്യം. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വര്‍ഗവിവേചനത്തിന്റെ പേരിലും എന്തല്ലാം അനാചാരങ്ങളാണ് മനുഷ്യനുള്ളത്. അത് നിര്‍ത്തലാക്കാന്‍ ഏതെങ്കിലും ഭരണാധികാരികള്‍ക്ക് കഴിഞ്ഞുവോ? മതങ്ങളുടെ പേരിലുള്ള ആചാരങ്ങളെല്ലാം ഇപ്പോള്‍ വേണ്ടെന്നുവച്ചില്ലേ? എന്നിട്ട് ഇവിടെ എന്തെങ്കിലും അനര്‍ത്ഥം സംഭവിച്ചുവോ?
ഏറെനാളായി മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങിക്കൂടുകയാണ്. അതും എന്നെ പേടിച്ചു തന്നെയാണ്. എല്ലാവരും ഒന്നിച്ചു താമസിക്കുന്നു. അച്ഛനും മക്കളുംഭാര്യയും വൃദ്ധന്മാരും എല്ലാവരും ഒരുമിച്ചു വീടുകളില്‍ കഴിയുന്നു. ഒന്നിച്ചിരുന്നു കുശലം പറയുന്നു. ഇത് മുന്പില്ലാത്തതായിരുന്നു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. ഇമ്പമുള്ള സുന്ദരമായ ജീവിതം നയിക്കുന്നു. ഈ സ്നേഹമാണ് മനുഷ്യകുലത്തിനാവശ്യമെന്ന് മനസിലാക്കിത്തരുകയായിരുന്നുഎന്റെ ഉദ്ദേശ്യം.
മനുഷ്യന്റെ ജീവിതരീതിയിലുള്ള താളപ്പിഴകള്‍ പരിഹരിക്കണമെന്ന് ഞാന്‍ തീര്‍ച്ചയാക്കി. അതിനാണ് ഞാനിവിടെ ഉദയംകൊണ്ടത്. ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ മനുഷ്യന് ആര്‍ഭാട ജീവിതമാണ്നയിച്ചിരുന്നത്. അതെല്ലാം നിര്‍ത്തിയില്ലേ? ഇപ്പോള്‍ മനുഷ്യന് വീട്ടിലിരുന്ന് പരിമിതമായ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കുന്നു. അപ്പോള്‍ അവന് അസുഖങ്ങള്‍ ഇല്ല. പ്രശ്നങ്ങള്‍ ഇല്ല. കഷ്ടപ്പാടുകള്‍ ഇല്ല. കഠിനാധ്വാനമില്ല. ഇങ്ങനെയും ജീവിക്കാമെന്ന് ഞാന്മനസിലാക്കിത്തന്നില്ലേ? ഇത് എനിക്കര്‍ഹതപ്പെട്ട അംഗീകാരമല്ലെ?
ഇപ്പോള്‍ മനുഷ്യാ നീ വീട്ടിലിരിക്കാന്‍ പഠിച്ചില്ലേ. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന സംസ്കാര ശൂന്യമായ കാലത്തുനിന്ന് സംസ്കാര സമ്പന്നമായ മനുഷ്യനിലേക്ക് ഉയര്‍ന്നില്ലേ? കൃഷി ചെയ്യാന്‍ തുടങ്ങിയതുമുതലാണ് ഒരു പ്രദേശത്തു സ്ഥിരതാമസം തുടങ്ങിയത്. കാര്‍ഷികവിളകള്‍ കൊയ്തെടുക്കുന്നതുവരെ ഒരു സ്ഥലത്തു സ്ഥിരമായി താമസിക്കുകയെന്ന സ്വഭാവം മനുഷ്യന് ശീലമാക്കി. ഈ നിങ്ങള്‍ പുറത്തുപോകുന്നത് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനോ നല്‍കുന്നതിനോ ആണെന്നെനിക്കറിയാം. അങ്ങനെ വൈകിയാണെങ്കിലും നീ നാടിന്റെ നട്ടെല്ലായ കര്‍ഷകനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ഈ നാട്ടിലെ ജനതയ്ക്ക് മുഴുവന്‍ ഭക്ഷണം നല്കുന്നവനാണ് കര്ഷകന്. അവനെ അവഹേളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കര്‍ഷകന്റെ വില മനസിലാക്കിത്തരികെയെന്ന എന്റെ ആവശ്യവും ഇതിലൂടെ നിറവേറ്റാനായി.
ഇതൊക്കെ പറഞ്ഞതുകൊണ്ട് എനിക്ക് ശത്രുക്കളില്ല എന്നൊന്നും വിചാരിക്കണ്ട. എന്റെ ശത്രുക്കളാണ് നിങ്ങളുടെ അടുത്ത മിത്രങ്ങള്‍. ഞാന്‍ പ്രവേശിക്കുന്ന മനുഷ്യരില്‍നിന്ന് ഞാന്‍ പുറത്താക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് എന്റെ ശത്രുക്കള്‍. അവര്‍ ദിനരാത്രങ്ങള്‍ കഠിനാധ്വാനത്തിലൂടെ എന്നെ തുരത്തിയോടിക്കുകയാണ്. അവരെ എനിക്ക് ഭയമില്ലാതില്ല. ഞാന്‍ എത്രയൊക്കെ ബലശാലിയാണെങ്കിലും എനിക്കുമുണ്ട് ചില വൈകല്യങ്ങള്‍. നിങ്ങള്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. മനുഷ്യന് ഉപയോഗിക്കുന്ന സാനിറ്ററിലായനികള് എനിക്കലര്‍ജിയാണ്.
അന്യോന്യം കലഹിച്ചുകൊണ്ടിരുന്ന ലോകരാഷ്ട്രങ്ങളെ ഒന്നിച്ചുചേര്‍ത്ത് ഒരു കുടക്കീഴിലാക്കാന്‍ കഴിഞ്ഞത് എന്റെ കഴിവാണ്. അന്യോന്യം മത്സരിച്ചുക്രൂരത കാണിച്ചു നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് എന്നോടുള്ള ഭയംകൊണ്ടു തന്നെയാണ്. അവര്‍ ചെയ്യുന്ന ക്രൂരതയൊന്നും ഞാന്‍ ചെയ്യുന്നില്ല. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുന്നതിന് പൈശാചികമായ രീതിയില്‍ നാനൂറോളം കുത്തുകള്‍ കുത്തികൊണ്ട് ക്രൂരമായി പ്രതിയോഗിയെ കൊലചെയ്യുന്ന രാക്ഷസീയമായ പ്രവൃത്തികളൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ക്രൂരനല്ലെന്നും രാക്ഷസനല്ലെന്നുമൊക്കെ പറയുന്നത്.
ആരോ വാതിലില്‍ മുട്ടുന്ന ശബ്ദംകൊണ്ടാണ് നിദ്രയിലായിരുന്ന ഞാന്‍ ഉണര്‍ന്നത്. ഉഷസ്സിന്റെ വരവു കാത്തിരുന്ന ക്ഷമകെട്ട രാത്രി അന്തഃക്ഷോഭത്താല്മുഖം കറുപ്പിച്ചു. നിദ്രയില്‍ നിന്നുണണര്ന്നപ്പോള് ചക്രവാളത്തില്‍ തിളക്കമുണ്ടാക്കുന്ന ആ കൊടുംതീ കാണുന്നു. ആകാശ നിറവില്‍ മുഷിഞ്ഞ മേല്‍വിരി കുത്തിക്കീറിക്കൊണ്ട് വിലാപവുമായി പുതിയ ഒരു ദിനം പിറന്നിരിക്കുന്നു. ഞാനെപ്പോഴും പ്രഭാതത്തോടു അടുത്ത് സ്വപ്നത്തില്‍ക്കണ്ട രൂപവും അതിന്റെ അശരീരി വാക്യങ്ങളും ഓര്‍മിച്ചെടുക്കുവാനുള്ള തത്രപ്പാടിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: