നീലീശ്വരം എസ്എന്‍ഡിപി ഹൈസ്കൂള്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പത്താം ക്ലാസ്സ് ബാച്ച്. 1984/85ലെ ആയിരുന്നിരിക്കണം. ആ ക്ലാസ്സിലെ ഒരു വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായിരുന്നു ഗംഗാധരന് മാസ്റ്റര്‍.
ഞങ്ങളുടെ പത്താം ക്ലാസ്സില്‍ ഏറെ പേരും എസ്എസ്എല്‍സി തോല്‍ക്കാനുള്ളവരായിരുന്നു. ഒരു ദിവസം സാര്‍ ക്ലാസ്സിലെ എട്ട് കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവരോട് വൈകീട്ട് സ്കൂള്‍ വിട്ടതിനു ശേഷം ക്ലാസില്‍ ഇരിക്കാന്‍ പറഞ്ഞു. അതിലൊരു പേരുകാരന് ഞാനായിരുന്നു. കുട്ടികളെല്ലാം ഒഴിഞ്ഞു പോയപ്പോള്‍ സാര്‍ ക്ലാസില്‍ വന്നു. എന്തിനെന്നറിയാതെ ഞങ്ങളുടെ ഹൃദയങ്ങള്‍ മിടിക്കുന്നുണ്ടായിരുന്നു.
സാര്‍ വന്നു. ക്ലാസ്സിലെ പരിപൂര്‍ണ്ണ നിശ്ശബ്ദതയിലേക്ക് സാറിന്റെ ഇടിമുഴങ്ങുന്ന ശബ്ദം കടന്നുവന്നു. സാര്‍ പറഞ്ഞു. ”നിങ്ങള്‍ എട്ടു പേരും ഒന്ന് ശ്രമിച്ചാല്‍ പത്താംക്ലാസ്സ് ജയിക്കും. പക്ഷേ ഞാന്‍ പറയുന്നതനുസരിക്കണം.”
ഞങ്ങള്‍ സമ്മതിച്ചു. അന്നുമുതല്‍ വൈകുന്നേരങ്ങളില്‍ സാര്‍ ഞങ്ങളെ പ്രത്യേകം പഠിപ്പിക്കാന്‍ തുടങ്ങി.
സാര്‍ അന്ന് അവിവാഹിതനായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സാറിന്റെ വീട്ടില്‍ വിളിച്ചു വരുത്തി പഠിപ്പിച്ചു. സാറിന്റെ അമ്മ ഞങ്ങള്‍ക്ക് കട്ടന്‍ ചായയും കഴിക്കാന്‍ മറ്റെന്തെങ്കിലുമൊക്കെ തന്നുകൊണ്ടിരുന്നു.
ചില ഒഴിവു ദിവസങ്ങളില്‍ സാര്‍ സ്കൂളിലേക്ക് ക്ലാസ്സ് മാറ്റും. അന്ന് ഇപ്പോള്‍ സ്കൂളിലുള്ള ഓപ്പണ്‍ സ്റ്റേജിന്റെ പണി നടക്കുകയാണ്. സാറിനായിരുന്നു അതിന്റെ മേല്‍നോട്ടം. ഞങ്ങളും കൂടും ഇഷ്ടിക ചുമക്കാനും നനയ്ക്കാനുമൊക്കെ. അധ്യാപക വിദ്യാര്‍ഥി ബന്ധം അത്രമേല്‍ അകന്നുനിന്നിരുന്ന ആ കാലത്താണ് ഗംഗാധരന് മാസ്റ്റര്‍ ഞങ്ങളുടെ അകംതുറന്നത്.
ഏതെങ്കിലും മാസികകളില്‍ എന്റെ എന്തെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി കണ്ടാല്‍ അതിന്റെ കോപ്പിയെടുത്ത് സ്കൂളിലെ സ്റ്റാഫ്റൂമിന്റെ ചുമരില്‍ ഒട്ടിച്ചുവയ്ക്കുമായിരുന്നു. എന്നിട്ട് അഭിമാനത്തോടെ ‘ഞാന്‍ പഠിപ്പിച്ച കുട്ടിയാണെന്ന്’ പറയുമായിരുന്നത്രേ. ഒരിക്കല്‍ ഞാന്‍ സാക്ഷിയായിട്ടുണ്ട്.
ഓര്‍മകള്‍ ഇപ്രകാരം ഒത്തിരിയുണ്ട് സാര്‍. എന്നെപ്പോലെ കണക്കിന് മോശമായ എന്റെ മകള്‍ക്കും സാര്‍ ട്യൂഷന് അധ്യാപകനായിടത്തോളം ആ തലമുറ ബന്ധം നീണ്ടുനില്ക്കുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം സാര്‍ വിരമിക്കുമ്പോള്‍, ഞങ്ങള്‍ പഴയ പത്താംക്ലാസ്സുകാര്‍ ഒത്തുകൂടി. അന്ന് സാര്‍ പറഞ്ഞു. ”എന്റെ മുപ്പത്തി രണ്ടു കൊല്ലത്തെ സര്‍വീസില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ക്ലാസ് ടീച്ചര്‍ പദവി ഏറ്റെടുത്തിട്ടുള്ളു. അത് നിങ്ങളുടേതാണ്; ആരും ഏറ്റെടുക്കാതെ വന്നപ്പോള്‍, അത്രയ്ക്കും മോശപ്പെട്ട കുട്ടികളായാണ് നിങ്ങളെ അന്ന് ഞങ്ങള്‍ വിലയിരുത്തിയിരുന്നത്.”
സാര്‍ പ്രതീക്ഷിച്ചതുപോലെ ഞങ്ങള്‍ നല്ലവരായോ എന്നറിയില്ല. പക്ഷേ ആരും സമൂഹികദ്രോഹികളോ പിന്തിരിപ്പന്മാരോ ആയില്ല സാര്‍. ആ കരുതലിന് എന്നും കടപ്പാടും നന്ദിയും മാത്രം. നിറഞ്ഞ ഹൃദയത്തോടെ ആദരാഞ്ജലികള്‍. ഇഹത്തില്‍നിന്ന് പോയാലും അകമേ അങ്ങ് നിറഞ്ഞുനില്ക്കും.
ബിജു പി. നടുമുറ്റം
ഗവ.എല്‍.പി.എസ്, നീലീശ്വരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: