മനോമയകോശവിവരണം തുടരുന്നു.
ശ്ലോകം 172
വായുനാ നീയതേ മേഘഃ
പുനസ്തേനൈവ നീയതേ
മനസാ കല്പ്യതേ ബന്ധോ
മോക്ഷസ്തേനൈവ കല്പ്യതേ
കാറ്റ് മേഘത്തെ കൊണ്ടുവരുന്നു. പീന്നീട് കാറ്റ് തന്നെ മേഘത്തെ കൊണ്ടു പോകുകയും ചെയ്യുന്നു. അതു പോലെ മനസ്സാണ് ബന്ധത്തെ കല്‍പ്പിക്കുന്നത്. മോക്ഷവും മനസ്സിന്റെ കല്‍പ്പന തന്നെയാണ്.
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുന്നതും ഒഴിഞ്ഞു പോകുന്നതും കാറ്റ് അവയെ നയിക്കുന്നത് കൊണ്ടാണ്. കാറ്റ് കൊണ്ടുവന്ന മേഘം കാറ്റ് തന്നെ അടിച്ച് പറത്തിക്കളയും. ഇതു പോലെ തന്നെയാണ് മനസ്സിന്റെ പ്രവര്‍ത്തനവും.
ഞാന്‍ ബദ്ധനെന്ന് തോന്നിക്കുന്നത് മനസ്സ് കാരണമാണ്. മുക്തിയേയും അത് തന്നെ തോന്നിപ്പിക്കും. കാറ്റുകൊണ്ടു വരുന്ന മേഘങ്ങള്‍ സൂര്യനെ മറയ്ക്കുന്നു. അപ്പോള്‍ പ്രകാശം കുറയുകയോ ഇരുട്ടായി തോന്നുകയോ ചെയ്യാം. മേഘം നീങ്ങിയാല്‍ സൂര്യന് പഴയപടി പ്രകാശിക്കുന്നത് കാണാം. അതുപോലെ നമ്മുടെ ഉള്ളിലും മനസ്സ് വിക്ഷേപങ്ങളാകുന്ന മേഘക്കൂട്ടത്തെ കൊണ്ട് വന്ന് ആത്മസൂര്യനെ മറയ്ക്കുന്നു. വിക്ഷേപങ്ങള്‍ നീങ്ങി മനസ്സ് പ്രശാന്തമായാല്‍ ബന്ധനം തീരുന്നു മുക്താവസ്ഥയെ നേടുകയും ചെയ്യുന്നു.
മനസ്സിലെ രജോഗുണമാണ് കാറ്റിന്റെ രൂപത്തില്‍ മേഘക്കൂട്ടത്തെ കൊണ്ട് വന്ന് ആത്മസൂര്യനെ മൂടിക്കളയുന്നത്. എന്നാല്‍ സാധനാ പദ്ധതികളിലൂടെ സാത്വികഭാവം വന്ന മനസ്സ് ഈ വിക്ഷേപമാകുന്ന മേഘങ്ങളെ തുരത്തുന്നു. തെളിഞ്ഞ മനസ്സില്‍ ആത്മസൂര്യപ്രകാരമാകുന്ന മോക്ഷത്തെയും അത് തന്നെ നല്‍കാനിടയാകുന്നു.
ശ്ലോകം 173
ദേഹാദിസര്വവിഷയേ പരികല്പ്യ രാഗം
ബധ്നാതി തേന പുരുഷം പശുവത്ഗുണേന
വൈരസ്യമത്ര വിഷവത് സുവിധായ പശ്ചാത്
ഏനം വിമോചയതി തന്മന ഏവ ബന്ധാത്
ദേഹം മുതലായ എല്ലാ വിഷയങ്ങളിലും മനസ്സ് രാഗം ഉണ്ടാക്കും. പശുവിനെ കയറ് കൊണ്ട് കെട്ടുന്ന പോലെ രാഗം മനുഷ്യനെ ബന്ധിക്കുന്നു. പിന്നീട് അതേ മനസ്സ് തന്നെ വിഷയങ്ങളെ വിഷമായി കണ്ട് ആസക്തി ഇല്ലാതാക്കി അയാളെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുന്നു.
മനസ്സ് എല്ലാറ്റിലും വലിയ താല്പര്യത്തെ വച്ച് പുലര്‍ത്തും. ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവ വിഷയങ്ങളോടുള്ള ഈ രാഗത്തെ വര്‍ദ്ധിപ്പിക്കും. അമിതമായ താല്പര്യം നമ്മെ ബന്ധിക്കാന്‍ ഇടയാക്കും.ഇത് ദുഃഖത്തിലേക്ക് നയിക്കും. രാഗ പൂരിതമായ മനസ്സിന് അടിമയായി ബന്ധനത്തില്‍ പെട്ട് കിടക്കുന്നതാണ് ജീവന്. വിഷയങ്ങളിലുള്ള രാഗം ഓരോ ആളെയും കെട്ടിയിടും.പശുവിനെയോ മറ്റ് മൃഗങ്ങളെയോ കയറ് കൊണ്ട് കെട്ടിയിടും പോലെയാണിത്. ഗുണം എന്ന വാക്കിന് കയര്‍ എന്നും ത്രിഗുണങ്ങള്‍ എന്നും അര്‍ത്ഥമുണ്ട്. ബന്ധിക്കുന്നതാണ് ഗുണം.കയറില്‍ കെട്ടിയിട്ട ഒന്നിന് വളരെ പരിമിതമായ സ്വാതന്ത്ര്യമേ ഉള്ളൂ. അതുപോലെ തന്നെ രാഗമാകുന്ന കയറിനാല്‍ കെട്ടിയിടപ്പെട്ട ജീവനും. വിഷയങ്ങളിലെ രാഗവും അതുവഴിയുണ്ടാകുന്ന ബന്ധനവും മനസ്സിന്റെ കല്പന മാത്രമാണ്. ആ കെട്ട് അറുത്ത് നമ്മെ മോചിപ്പിക്കാ
നും മനസ്സിന് കഴിയും. വിഷയവസ്തുക്കള്‍ വിഷം പോലെ തള്ളേണ്ടവയെന്ന് മനസ്സിന് ബോധ്യമായാല്‍ പിന്നെ അവയില്‍ ആസക്തിയെ നീക്കി ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കും.
വൈരാഗ്യത്തിന് വൈരസ്യം എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. രസമില്ലാത്ത അവസ്ഥ താല്പര്യം ഒട്ടും ഇല്ലായ്മയാണിത്. രാഗത്തിന്റെ അഭാവത്തില്‍ നിന്നാണ് വൈരാഗ്യമുണ്ടാകുന്നത്. നമ്മള് വളരെ കേമമായി ആസ്വദിക്കുന്ന പല വിഷയങ്ങളും രസം ഇല്ലാത്തവയുമെന്നും ഇത്രത്തോളമേ ഉള്ളൂ എന്നും ബോധ്യമായാല്‍ മനസ്സ് തന്നെ കെട്ടില്‍ നിന്ന് നമ്മെ മുക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: