മേപ്പയ്യൂര്‍: ജില്ലയുടെ നെല്ലറയായ കരുവോട് ചിറയില്‍ കര്‍ഷക വിലാപം തുടര്‍ക്കഥയാവുന്നു. അശാസ്ത്രീയ സമീപനം മൂലം ലക്ഷങ്ങള്‍ മുടക്കുകയല്ലാതെ കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. കരുവോട് ചിറയില്‍ ഇത്തവണ കൃഷിയിറക്കിയത് നാമമാത്ര കര്‍ഷകര്‍ മാത്രമാണ്. മുന്‍ ദുരനുഭവങ്ങളില്‍ തളരാതെ മണ്ണിനോടും കാര്‍ഷികവൃത്തിയോടുമുള്ള ഇടപിരിയാത്ത ആത്മബന്ധം ഒന്നുകൊണ്ട് മാത്രമാണ് ഇവര്‍ ലോണെടുത്തും കടംവാങ്ങിയും കൃഷി ഇറക്കിയത്.
എന്നാല്‍ ഇത്തവണയും വില്ലനായി വന്നത് അധികൃതരുടെ അവഗണനയും കാഴ്ച്ചപ്പാടില്ലായ്മയുമാണ്. വിത്തിട്ട് രണ്ടുമാസം കഴിഞ്ഞപ്പോള്‍ കണ്ണിനും മനസ്സിനും കുളിര്‍മയേകി നൂറ്മേനി വിളവെന്ന് പ്രതീക്ഷ നല്കിയ വയലുകളെല്ലാം ഇന്ന് കരിഞ്ഞുണങ്ങുകയാണ്. കനാല്‍വെള്ളം വേണ്ട സമയത്ത് ലഭിക്കാത്തതാണ് പ്രധാന പ്രശ്നമായത്. ഒരുതുള്ളി വെള്ളം പോലും കിട്ടാതെ നെല്ചെടികള് ഉണങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ചെറിയൊരാശ്വാസം നല്കി വേനല്‍മഴ എത്തിയെങ്കിലും ഇത് തികച്ചും അപര്യാപ്തമായിരുന്നു.
മന്ത്രി ടി.പി. രാമകൃഷ്ണന്റെ മണ്ഡലത്തിലാണ് കരുവോട് ചിറ. വികസനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കുകയല്ലാതെ കൃഷിയോഗ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മേപ്പയ്യൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലായി 1500റോളം ഏക്കര്‍ കൃഷിയിടമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ എഴുപത് ശതമാനത്തിലേറെ കൃഷിയിടവും ഇന്ന് പായലും പുല്ലും നിറഞ്ഞ് കിടക്കുകയാണ്.
ഇത് നീക്കം ചെയ്യാനും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ജലസംഭരണി വൃത്തിയാക്കാനും ധാരാളം പണംമുടക്കി ഓരോ പ്രാവശ്യവും പരിശ്രമം നടത്തുന്നു എന്ന് വരുത്തി തീര്‍ക്കുകയല്ലാതെ കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. അശാസ്ത്രീയമായ രീതിയിലുള്ള വികസനപ്രവര്‍ത്തനം മൂലമാണ് കൃഷിസ്ഥലം വീണ്ടെടുക്കാന്‍ കഴിയാത്തതും നിലവിലെ കൃഷി നശിക്കാന്‍ കാരണമാകുന്നതെന്നും വ്യാപക പരാതിയുണ്ട്.
ജലസംഭരണി കൃഷി ഇടത്തേക്കാള്‍ ഉയരത്തില്‍ ചെളിനിറഞ്ഞുകിടക്കുകയാണ്. ഒരു മഴ പെയ്താല്‍ മൂന്ന് പഞ്ചായത്തുകളുടെയും പലഭാഗങ്ങളില്‍ നിന്നുള്ള വെള്ളം കരുവോട് ചിറയില്‍ എത്തുന്നത് പലപ്പോഴും പുഞ്ചകൃഷി മുങ്ങാന്‍ കാരണമാകുകയാണ്. ഇതിനൊന്നും ശരിയായ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കൃഷിയില്‍ നിന്നും പല കര്‍ഷകരെയും പിന്നോട്ട് നയിക്കാന്‍ ഇക്കാര്യങ്ങള്‍ പ്രേരിപ്പിക്കുകയാണ്. 2018ല്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് 300ഓളം ഏക്കറില്‍ പായല്‍ നീക്കി കൃഷി ഇറക്കിയത് ചരിത്രമായിരുന്നു.
എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരുഗുണവും ഇല്ലാതെ ഈ പ്രവര്‍ത്തനങ്ങലെല്ലാം പാഴായിപ്പാകുകയാണ്. കരുവോട് ചിറയിലെ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് മുഴുവന്‍ നെല്‍പ്പാടങ്ങളും കൃഷി യോഗ്യമാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: