പാലക്കാട്: ലോക്ഡൗണിന്റെ മറവില്‍ മലബാര്‍ സിമന്റ്സില്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി അനധികൃത നിയമനം. സിഐടിയുവിന്റെ ലേബര്‍ സൊസൈറ്റിയില്‍ ഉള്‍പ്പെട്ട 93 പേര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്.
14 കോടി രൂപയിലധികം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് മലബാര്‍ സിമന്റ്സ്. നഷ്ടക്കണക്ക് പറഞ്ഞ് ജീവനക്കാരോട് വിആര്‍എസ് എടുക്കാന്‍ രണ്ടുമാസം മുമ്പ് പ്രഖ്യാപനം നടത്തിയ സ്ഥാപനമാണ് ഇപ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തിയിരിക്കുന്നത്. പത്രപരസ്യം വഴിയോ, അതല്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ആണ് നിയമനം നടത്തേണ്ടത് എന്നിരിക്കെ ചട്ടങ്ങള്‍ മറികടന്ന് സിഐടിയുവിന്റെ കീഴിലുള്ള മലബാര്‍ സിമന്റ്സ് ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ്് സൊസൈറ്റിയിലെ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റിയിരിക്കുകയാണ്. നിയമനം നേടിയവര്‍ക്ക് അഭിരുചി പരീക്ഷയോ, അഭിമുഖമോ നടത്തിയിട്ടില്ല.
മറ്റ് ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് സ്വന്തം പ്രവര്‍ത്തകര്‍ക്കായി ഏപ്രില്‍ 21 വരെ അപേക്ഷിക്കാനായി അവസരം നല്‍കുകയായിരുന്നു. സൊസൈറ്റി തൊഴിലാളിയായി പ്രവര്‍ത്തിച്ചകാലം സീനിയോറിറ്റിയായി കണക്കാക്കി സിഎല്ആറില് ഉള്‍പ്പെടുത്തിയാണ് 93 പേര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ഇതോടെ സൊസൈറ്റി അംഗങ്ങള്‍ കമ്പനി ജീവനക്കാരായതോടെ സൊസൈറ്റിയില്‍ അംഗമല്ലാത്തവര്‍ക്ക് അപേക്ഷ നല്കാന് പോലും അവസരം ലഭിച്ചില്ലെന്നതാണ് സത്യാവസ്ഥ. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മലബാര്‍ സിമന്റ്സിലെ മുഴുവന്‍ താത്ക്കാലിക നിയമനങ്ങളും സിപിഎം നിയന്ത്രണത്തിലുള്ള ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി വഴിയായിരുന്നു. 2006ല്‍ മാനേജ്മെന്റും, യൂണിയനുകളും തമ്മിലുള്ള കരാര്‍ പ്രകാരം കമ്പനിയിലെ മുഴുവന്‍ നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നേരിട്ട് അഭിമുഖം വഴി മാത്രമേ നടത്താവൂ എന്ന ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് നിയമനം.
മലബാര്‍ സിമന്റ്സ് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചു. വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഇതുവരെ മാനേജ്മെന്റ് തയ്യാറാകാത്തതില്‍ നിന്നുതന്നെ നിയമലംഘനം വ്യക്തമാണ്. പത്രപരസ്യമോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി നടത്തിയ അനധികൃത നിയമനങ്ങള്‍ റദ്ദ് ചെയ്യണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിയമനങ്ങള്‍ റദ്ദാക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച പാലക്കാട് ജില്ലാധ്യക്ഷന്‍ പ്രശാന്ത് ശിവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: