ന്യൂദല്‍ഹി : ലോകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്നതില്‍ അസ്വസ്ഥരായി പാക്കിസ്ഥാന്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനാണ് പുതിയ പാക് നീക്കം. ഇസ്ലാമോഫോബിയ ആയുധമാക്കി വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതായി സുരക്ഷാ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ വികാരം രൂക്ഷമാകുന്നു എന്ന തരത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലാണ് പാക് സര്‍ക്കാര്‍ വ്യാജ പ്രചാരണം നടത്തുന്നത്. ഒരു ദേശീയ മാധ്യമം ആണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൈബറിടങ്ങളില്‍ പ്രചരിക്കുന്ന ഭൂരിഭാഗം മെസേജുകളിലും പാക്കിസ്ഥാന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും സുരക്ഷ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തിയെടുക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം.
ഇന്ത്യയുമായി അടുപ്പം സൂക്ഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലും ശത്രുത സൃഷ്ടിക്കാനും പ്രധാനമന്ത്രിയെ ഈ രാജ്യങ്ങള്‍ക്കിടയില്‍ മോശമായി ചിത്രീകരിക്കാനുമാണ് പാക്കിസ്ഥാന് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പാക്കിസ്ഥാനും ഗള്‍ഫിലും നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇത്തരം ഹാന്‍ഡിലുകള്‍ പ്രധാനമായും പുറത്ത് വിടുന്നത്. ‘ഇന്ത്യയില്‍ അസന്തുലിതാവസ്ഥ’ ‘മോദിക്ക് ലജ്ജയില്ലേ’ എന്ന തരത്തിലുള്ള ഹാഷ്ടാഗുകളും ഈ വ്യാജപ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പാക് ഭീകര സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം ഇതാദ്യമായല്ല രാജ്യത്തേയും പ്രധാനമന്ത്രിയെയും ലോകരാജ്യങ്ങള്‍ക്കിടയില്‍ കരിവാരിത്തേക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നത്. കേന്ദ്രം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞപ്പോഴും കാശ്മീരില്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നപ്പോഴും പാകിസ്ഥാന് സൈബര്‍ ഇടങ്ങള്‍ വഴി രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: