ഇന്ന് ദേശീയ പഞ്ചായത്ത് രാജ് ദിനം. ഫലപ്രദമായ രീതിയില്‍ ജനായത്തഭരണം താഴെത്തട്ടിലും നടപ്പാക്കുക എന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും ഈ അവസരത്തില്‍ ആവശ്യമാണ്. ധനം, ചുമതല, അധികാരം എന്നിവയുപയോഗിച്ച് വികേന്ദ്രീകരണം ഫലപ്രദമായി നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ?
വികേന്ദ്രീകരണ ഭരണത്തിന്റെ ആധാരശില 2.5 ലക്ഷം പഞ്ചായത്തുകളാണ് എന്ന് നിസ്സംശയം പറയാം. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കാണ് പഞ്ചായത്തുകള്‍ക്കുള്ളത്. എന്നിരുന്നാലും, നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വിഭാവനം ചെയ്തതുപോലെ സ്വയം പര്യാപ്ത ഗ്രാമ റിപ്പബ്ലിക്കുകളായി അവയെ മാറ്റിയെടുക്കുന്നതിന് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു.
എഴുപത്തിമൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും നടപ്പിലാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന പ്രക്രിയയില്‍ അര്‍ത്ഥവത്തായ പങ്കാണ് വഹിക്കുന്നത്. കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍, ഗ്രാമത്തലവന്മാരെ അംഗീകരിച്ചുകൊണ്ടുള്ള ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ നടപടിയെ ഞാന്‍ അഭിനന്ദിക്കുന്നു. ജില്ലാ കളക്ടര്‍ക്കുള്ള അധികാരമാണ്, കോവിഡിനെതിരായി പ്രവര്‍ത്തിക്കുന്നതിന് ഗ്രാമത്തലവന്മാര്ക്ക് അവരുടെ അധികാരപരിധിക്കുള്ളില്‍ പട്നായിക് നല്‍കിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഈ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനും ഈ പ്രതിസന്ധിയില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കുന്നതിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്്.
അനാദിയായ കാലം മുതല്‍ തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ അവിഭാജ്യഘടകമായിരുന്നു. സഭ, സമിതി, വിദത പോലുള്ള സ്വയംഭരണ യൂണിറ്റുകള്‍ ഉണ്ടായിരുന്നതായി വേദങ്ങളില്‍ പരാമര്‍ശമുണ്ട്. മഹാഭാരതം, കൗടില്യന്റെ അര്‍ത്ഥശാസ്ത്രം തുടങ്ങിയവയില്‍ ഗ്രാമസഭകള്‍ സ്വയംഭരണാവകാശം മാനദണ്ഡമാക്കിയിരുന്നതായും ഗ്രാമീണ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നതായും സൂചനകളുണ്ട്. പൗരാണിക ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയില്‍ അഭിമാന സ്തംഭങ്ങളായിരുന്നു ഇത്തരം ഗ്രാമസഭകള്‍. പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ്, പഞ്ചായത്തുകള്‍ക്ക് ഇന്നുകാണുന്ന രൂപവും ഘടനയും കൈവന്നത്. 27 വര്‍ഷം മുമ്പ്, ഏപ്രില്‍ 24നാണ് ഗ്രാമപഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ തരംതിരിച്ചുകൊണ്ട് പഞ്ചായത്ത് രാജ് വ്യവസ്ഥിതിയെ സ്ഥാപനവത്കരിച്ചത്.
ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളെ ധനപരമായും ഭരണപരമായും ശക്തിപ്പെടുത്തുന്നതിന്, എഴുപത്തിമൂന്നാം ഭരണഘടനാ ഭേദഗതിപ്രകാരം 29 ചുമതലകള്‍ കൈമാറുന്നതിന് വ്യവസ്ഥ ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍, ധനകാര്യ കമ്മീഷനുകള്‍ എന്നിവയുടെ രൂപീകരണം, വനിതകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മൂന്നില്‍ ഒന്ന് സംവരണം, എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം എല്ലാം ഇതില്‍ പെടുന്നു. ജനപങ്കാളിത്തത്തോടെ ഗ്രാമസഭകള്‍ രൂപീകരിക്കുന്നതിന് പുറമെയാണിത്. വാസ്തവത്തില്‍, എഴുപത്തിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ, ഭരണഘടനയിലെ 40-ാം വകുപ്പ് പ്രാവര്‍ത്തികമാക്കുകയായിരുന്നു. ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഇതും ഉള്‍പ്പെട്ടിരിക്കുന്നു. ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അതില്‍ പരാമര്‍ശിക്കുന്നു.
സ്പഷ്ടമായ ചട്ടക്കൂടോടുകൂടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭേദഗതിയിലൂടെ രൂപം നല്‍കിയത്. സംസ്ഥാന ധനകാര്യ കമ്മീഷന് രൂപീകരിക്കുക, അഞ്ച് വര്‍ഷം കൂടുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ നിബന്ധനകള്‍ നിര്‍ബന്ധമായും സംസ്ഥാനം നടപ്പാക്കണം. കൂടാതെ, തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികള്‍ക്ക് പദ്ധതികള്‍ നടപ്പാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള അധികാരം നല്‍കുകയും വേണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ എത്തേണ്ടത് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാവണം. പണം വിനിയോഗിക്കേണ്ടത് അതാത് തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനപ്രകാരമായിരിക്കണം. ഇവിടെ പഞ്ചായത്തുകളുടെ കര്‍ത്തവ്യത്തെക്കുറിച്ച്, കൂടുതല്‍ വ്യക്തതയോടെ പറയേണ്ടതുണ്ട്. പതിനൊന്നാം ഷെഡ്യൂള്‍ പട്ടികയില്‍ വരുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള 29 ഇനങ്ങള്‍ പഞ്ചായത്തുകളുടെ അധികാരപരിധിയിലാണ് വരുന്നത്. കൃഷി എന്നതുതന്നെ വിശാലമായ ഒരു വിഷയമാണ്. കാര്‍ഷിക മേഖലയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ പഞ്ചായത്തുകള്‍ പ്രധാന പങ്ക് വഹിക്കണം.
ഗ്രാമത്തലവനെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു സമ്പ്രദായമല്ല പഞ്ചായത്ത് രാജ്. താഴെത്തട്ടും കേന്ദ്രബിന്ദുവായിക്കണ്ടുകൊണ്ടാണ് ഗ്രാമസഭ വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമീണരുടെ സജീവ പങ്കാളിത്തം മുടങ്ങാതെയുള്ള ഓരോ ഗ്രാമസഭയിലും ഉണ്ടായിരിക്കണം. ജനാധിപത്യം കൂടുതല്‍ അര്‍ത്ഥമുള്ളതും ശക്തവും ആകണമെങ്കില്‍ ജനങ്ങള്‍ അവരുടേതായ ഉത്തരവാദിത്തം കാഴ്ചവയ്ക്കണം. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്നതിന്റെ അന്തഃസത്തയെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കണം. ഭഗവാന് രാമന്റെ രാജ്യമാണ് ഒരു മാതൃക ഭരണസംവിധാനത്തിന് ഉദാഹരണം. ഈ സങ്കല്‍പ്പം ഉള്‍ക്കൊണ്ടുവേണം ഗ്രാമ രാജ്യം, അല്ലെങ്കില്‍ ഗ്രാമീണ സ്വയംഭരണ സംവിധാനം സാക്ഷാത്കരിക്കാന്‍. പഞ്ചായത്ത് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പിക്കാന്‍ സാധിക്കണം. ഗ്രാമ പഞ്ചായത്തുകളില്‍ കമ്മിറ്റികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക വഴി ജനങ്ങളുടെ ഊര്‍ജ്ജസ്വലതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും. ഗ്രാമസഭയിലെ അംഗങ്ങളെ വിവിധ പഞ്ചായത്ത് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുക വഴി ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാവും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മൂന്നില്‍ ഒന്ന് സീറ്റുകളില്‍ സ്ത്രീ സംവരണം എന്നത് ചില സംസ്ഥാനങ്ങളില്‍ 50 ശതമാനമായി വര്‍ധിപ്പിച്ചതും സ്വാഗതം ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനം കൊണ്ടുവാരാനാകും. എന്നിരുന്നാലും ചിലയിടങ്ങളില്‍ ഗ്രാമമുഖ്യകളായിട്ടുള്ളവര് റബ്ബര്‍ സ്റ്റാമ്പുകളായാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ കുടുംബങ്ങളിലെ പുരുഷന്മാരാണ് അവിടെ സര്‍പഞ്ചുമാരെ പോലെ പ്രവര്‍ത്തിക്കുന്നത്. ഇത് അനാരോഗ്യ പ്രവണതയാണ്. അത് അനുവദിക്കരുത്. സംവരണത്തിലൂടെ അവര്‍ക്ക് ലഭിച്ചിട്ടുള്ള അധികാരത്തെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും അവര്‍ ബോധവതികളാവണം. എല്ലാ തലത്തിലുമുള്ള പഞ്ചായത്ത് പ്രവര്‍ത്തനങ്ങളെയും ബാധിക്കാനിടെയുള്ള വിഷയങ്ങളെക്കുറിച്ച് അറിയുകയും അത് പരിഹരിക്കുന്നതിന് ശരിയായ പരിശീലനം നേടുകയും വേണം. രാഷ്ട്രീയ, നിയമ, സാമ്പത്തിക പ്രക്രിയകളെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിന് അത് സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അത് കൂടുതല്‍ ഊര്‍ജ്ജസ്വലവുമാക്കും.
പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഊന്നലാണ് നല്‍കിയിട്ടുള്ളത്. അതുപ്രകാരം 2015-2020 കാലയളവില്‍ 200, 292.2 കോടി രൂപയാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് നേരിട്ട് അനുവദിച്ചത്. 13-ാം ധനകാര്യ കമ്മീഷന് ശുപാര്‍ശ ചെയ്തതിനേക്കാള്‍ മൂന്നിരട്ടിയാണത്. മുന്‍കാലങ്ങളില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയ്ക്കെല്ലാം കൂടിയാണ് തുക അനുവദിച്ചിരുന്നത്.
പര്യാപ്തമായ രീതിയില്‍ ധനം, ചുമതല, അധികാരം എന്നിവയുടെ കൈമാറ്റം നടക്കുകയും സാമ്പത്തിക ആസൂത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയു ചെയ്താല്‍ വ്യത്യസ്ത മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി ഗ്രാമീണര്‍ നഗരങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് തടയുന്നതിനും സാധിക്കും. സമൂഹത്തിന്റെ താഴേത്തട്ടില്‍ വരെ ഫലപ്രദമായ സ്വയംഭരണം കൊണ്ടുവരുന്നതിലൂടെ ഗ്രാമ രാജ്യത്തിലൂടെ രാമരാജ്യം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് വഴി തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: