കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളില്‍ റേഷനെത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മാത്രമായിരുന്നുവെന്ന് ദുരിതബാധിതര്‍ പറയുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ നീങ്ങുമ്പോള്‍ തന്നെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും സര്‍ക്കാര്‍ മറന്നു പോകരുതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന് പോലും വകവെക്കാതെ നടത്തുന്ന ദുഷ്ക്കരമായ പ്രവര്‍ത്തനത്തില്‍ ദുരിതബാധിതരും കൂടെയുണ്ടാകുമെന്ന് അറിയിച്ചു. മുഴുവന്‍ ദുരിതബാധിതര്‍ക്കും പെന്ഷന് നല്കാനാവശ്യപ്പെട്ടെങ്കിലും 1121 പേര്‍ക്ക് പെന്ഷന് നല്‍കാത്തതിന്റെ കാരണവും വ്യക്തമല്ല. 511 കുട്ടികളടക്കമുള്ള ദുരിതബാധിതര്‍ക്ക് ചികിത്സയും ലഭിക്കുന്നില്ല.
ദുരിതബാധിതര്‍ക്ക് വേണ്ടി കളക്ടേറ്റില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. നാഥനില്ലാത്ത ഒരവസ്ഥയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം നിലവിലുള്ളത്.
മംഗലാപുരം ആശുപത്രികളില്‍ ചികിത്സിക്കുന്നവരടക്കം ഇനിയെന്തെന്നുള്ള ചോദ്യം അവരെ വല്ലാതെ ആകുലരാക്കുന്നുണ്ട്. ഞങ്ങളെയും ഓര്ക്കണമേയെന്നാവശ്യപ്പെട്ട് കൊണ്ട് 27ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ അവരവരുടെ വീടുകളില്‍ ദുരിതബാധിതരും അവരെ പിന്തുണക്കുന്നവരും ഉപവാസം നടത്തും.
ഓണ്‍ലൈന്‍ യോഗത്തില്‍ ഡോ.അംബികാസുതന്‍ മാങ്ങാട്, മുനീസ അമ്പലത്തറ, പി.പി കെ.പൊതുവാള്, കെ.കൊട്ടന്, പദ്മനാഭന് ബ്ലാത്തൂര്‍, പ്രേമചന്ദ്രന് ചോമ്പാല, ഗോവിന്ദന് കയ്യൂര്‍, ചന്ദ്രാവതി കെ, ശിവകുമാര്‍ കെ. സിബി അലക്സ്, സി.വി നളിനി, വിമലാ ഫ്രാന്‍സിസ്, മിസിരിയ ബി, ഷൈനി പി, അരുണി ചന്ദ്രന്, ജമീല എം.പി, വിലാസിനി.ടി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: