കൊല്ലം: പച്ചക്കറി ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങിയ വാഹനത്തിൽ ഒളിച്ച കടക്കാൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ. തെങ്കാശി ഇന്ദിര സ്ട്രീറ്റ് സ്വദേശികളായ ശങ്കർ, ഇയാളുടെ സഹോദര പുത്രനും ലോറി ഡ്രൈവറുമായ അജിത്ത്, മറ്റൊരു തമിഴ്നാട് സ്വദേശി എന്നിവരാണ് ആര്യങ്കാവ് പോലീസ് ഔട്ട് പോസ്റ്റിൽ പിടിയിലായത്.
ലോറിയുടെ കാബിനിൽ ഒളിച്ച് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകായിരുന്നു ഇവർ. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയച്ചു. കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധനകൾ കർശനമാക്കിയത്. അതിർത്തി കടക്കുന്ന എല്ലാ വാഹനങ്ങളും കർശന പരിശോധന നടത്തിവരികയാണ്. സംസ്ഥാനത്തേക്ക് കടക്കുന്ന ചരക്ക് വാഹനങ്ങൾക്ക് മഞ്ഞ കാർഡും പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പിങ്ക് കാർഡും നൽകുന്നുണ്ട്.
വാഹനങ്ങളുടെ പാസിന്റെ സീരിയൽ നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, തീയതി, സമയം, ഡ്രൈവറുടെയും ക്ളീനറുടെയും വിലാസങ്ങൾ എന്നിവ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും വേണമെന്നാണ് നിർദ്ദേശം. ട്രക്കുകൾ ഉൾപ്പടെ തിരികെ വരുമ്പോൾ അതേ യാത്രക്കാരാണ് വാഹനത്തിലുള്ളതെന്ന് ബോർഡർ പാസ് ക്രോസ് ചെക്ക് ചെയ്ത് ഉറപ്പ് വരുത്തും.
കാനന പാതകൾ ഉൾപ്പടെ നിരീക്ഷിക്കുന്നതിനാൽ ഇനി അനധികൃതമായി തമിഴ് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഉണ്ടാകില്ലെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: