തിരുവനന്തപുരം: ബുധനാഴ്ച്ച രാവിലെ ഒമ്പതു മണിയോടെയാണ് ആ ഫോണ്‍വിളി എത്തിയത്. മുതിര്‍ന്ന പൗരനും ബിജെപി നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അയ്യപ്പന് പിള്ളയുടെ തിരുവനന്തപുരം തൈക്കാട്ടെ വസതിയിലേക്കാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു ഫോണ്‍ എത്തിയത്. ആദ്യം വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു. മകളുടെ ഭര്‍ത്താവ് വി.രാജ്കുമാറാണ് ഫോണെടുത്തത്. അയ്യപ്പന് പിള്ള സാറിനെ ഫോണില്‍ ലഭിക്കുമോ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു അറിയിച്ചു. അപ്പോള്‍ അയ്യപ്പന് പിള്ള കുളിമുറിയിലായിരുന്നു. അഞ്ചു മിനിറ്റിനു ശേഷം വീണ്ടും വിളിക്കുമെന്നും പ്രധാനമന്ത്രിക്ക് അയ്യപ്പന് പിള്ള സാറിനോട് സംസാരിക്കണമെന്നും അറിയിച്ചു.
കൃത്യം അഞ്ചു മിനിറ്റിനു ശേഷം ആ വിളിയെത്തി. അയ്യപ്പന് പിള്ള ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് പറഞ്ഞു, നമസ്കാര്‍ പിള്ള സര്, ഐ ആം നരേന്ദ്ര മോദി, ഹൗ ആര് യു. ഇംഗ്ലിഷിലായിരുന്നു നരേന്ദ്രമോദിയുടെ സംഭാഷണം. അയ്യപ്പന് പിള്ളയുടെ ആരോഗ്യത്തെക്കുറിച്ചാണ് മോദി ആദ്യം തിരക്കിയത്. 1991 ല്‍ ഡിസംബര്‍ 11 ന് കന്യാകുമാരിയില്‍ നിന്നുള്ള ഏകതായാത്രയില്‍ അന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയായിരുന്നു മുഖ്യ സംഘാടകന്‍. അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനായി അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അയ്യപ്പന്‍പിള്ളയും അന്ന് കന്യാകുമാരിയിലെത്തിയിരുന്നു. ഇക്കാര്യവും അയ്യപ്പന് പിള്ള അയവിറക്കി. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അയ്യപ്പന് പിള്ള,? താന്‍ മോദിയുടെ ആരാധകനാണെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്ര മാക്കണമെന്നായിരുന്നു മോദിയോട് അയ്യപ്പന്‍പിള്ളയുടെ അഭ്യര്‍ത്ഥന. നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹമുണ്ടെങ്കില്‍ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചു മിനിട്ടോളം രണ്ടുപേരും പഴയ ഓര്‍മകള്‍ പങ്കിട്ട് സംസാരിച്ചു.
105 വയസ്സുകാരനായ അയ്യപ്പന്‍പിള്ള കാലിലെ പഴുപ്പുകാരണം പത്ത് ദിവസം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം കുറച്ചു ദിവസം മുമ്പാണ് വീട്ടിലെത്തിയത്. 105ാം വയസിലും തൈയ്ക്കാട് ശാസ്താകോവിലിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. തികച്ചും അപ്രതീക്ഷിതമായിരുന്നു പ്രധാനമന്ത്രിയുടെ ഫോണ്‍വിളിയെന്ന് അയ്യപ്പന്‍പിള്ളയുടെ മകള്‍ രാജമ്മ പിള്ള വ്യക്തമാക്കി. എന്തായാലും കോവിഡ് കാലത്തെ തിരക്കിനിടയിലും പ്രധാനമന്ത്രി നേരിട്ട് വിളിച്ചതില്‍ ഏറെ സന്തോഷത്തിലാണ് അയ്യപ്പന് പിള്ളയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: