ഡ്രാക്കുളക്കഥകളിലൂടെയും യക്ഷിക്കഥകളിലൂടെയും പണ്ടുമുതലേ വവ്വാലുകള്‍ നമ്മെ ഭയപ്പെടുത്തിയിരുന്നു. കൂടുതല്‍ അറിയുംതോറും അത്ഭുതങ്ങളുടെ ഒരു ഭണ്ഡാരംതന്നെ നമുക്ക് മുന്നില്‍ തുറന്നിടുന്നു ഈ ജീവികള്‍. ആ അത്ഭുതങ്ങളില്‍ പലതും ഇന്നും നമ്മുടെ തിരിച്ചറിവിന് അന്യമാണ്.
പഴച്ചാറും പ്രാണികളും മുതല്‍ മനുഷ്യരക്തം വരെ ഭക്ഷണമാക്കുന്ന (വാംബീര്‍ വവ്വാല്) വിവിധതരം വവ്വാലുകള്‍ ഇന്ന് ഭൂഗോളത്തിലെ തീവ്രകാലാവസ്ഥാ പ്രദേശങ്ങളിലൊഴികെ എല്ലായിടവും വ്യാപകമായി കാണപ്പെടുന്നു. ജീവിവര്‍ഗങ്ങളിലെ നിതാന്തമായ പരിണാമപ്രക്രിയയിലെ വേറിട്ട നൂതന കണ്ണികളാണിവ എന്നുപറയേണ്ടിവരും. ഇവയുടെ ശാരീരിക രാസപരിണാമങ്ങളില്‍ പലതും മനുഷ്യന് കണ്ടെത്താനോ മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ല. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സഹപരിണാമ പ്രക്രിയ കാണിച്ചിട്ടുള്ള ഒരു ജീവിവര്‍ഗമാണ് കൊറോപ്റ്റെറ വിഭാഗത്തില്‍പ്പെട്ട ഈ പറക്കും സസ്തനികള്‍.
ചെന്നായയുടെ മുഖവും പല്ലുകളും, പക്ഷിയുടെ ചിറകും പൂച്ചയുടെ കാല് നഖങ്ങളും ഇരുണ്ട രൂപവും തലകീഴായി കിടക്കുന്ന സ്വഭാവവും എല്ലാം ഈ ജീവിയുടെ പ്രത്യേകതകളാണ്. ഏകദേശം 64 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉടലെടുത്തുവെന്ന് കണക്കാക്കപ്പെടുന്ന ഇവയുടെ രൂപംപോലെതന്നെ വ്യത്യസ്തമാണ് ശാരീരിക രാസപ്രവര്‍ത്തനങ്ങളും. 1200ലധികം തിരിച്ചറിഞ്ഞ സ്പീഷീസുകളുള്ള ഇവയ്ക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാനും പാലൂട്ടി വളര്‍ത്താനും അപൂര്‍വമായ കഴിവുണ്ട്. അടുത്തു കാണുമ്പോള്‍ രക്തരക്ഷസ്സുകളെപ്പോലെ പേടി തോന്നുന്ന ഇവയില്‍ പലതും മാരകമായ വൈറസുകളുടെ വാഹകരാണ്. ഹെന്‍ഡ്രാ, എബോള, നിപ്പ, സാര്‍സ്, മെര്‍സ് തുടങ്ങി സാര്‍സ് ഇീ്.2 വില്‍ എത്തിനില്‍ക്കുന്നു ഈ വൈറസുകള്‍.
തലകീഴായി മരങ്ങളില്‍ തൂങ്ങിക്കിടന്ന്, പറക്കണമെന്നു തോന്നുമ്പോള്‍ പിടിവിട്ട് വീണ്, ആ വീഴ്ചയുടെ ആക്കത്തില്‍ ലഭിക്കുന്ന ശക്തിയില്‍ ചിറകുകള് വിടര്‍ത്തി പറന്നുപൊങ്ങുന്ന വവ്വാലുകള്‍ സൂപ്പര്‍സോണിക് ശബ്ദതരംഗങ്ങളുടെ സഹായത്തോടെ ഇരപിടിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നു. സ്വയം പുറപ്പെടുവിക്കുന്ന ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദതരംഗങ്ങള്‍ (30 കിലോ ഹെര്‍ട്സിന് മുകളില്‍) ഒരു വസ്തുവില്‍ തട്ടി പ്രതിധ്വനിച്ചു തിരികെയെത്തുമ്പോള്‍ അതു പിന്തുടര്ന്ന് സഞ്ചരിക്കുന്ന ഇവയില്‍ പലതിനും നല്ല കാഴ്ചശക്തിയാണുള്ളത്. 500ലധികം സസ്യവര്‍ഗങ്ങളുടെ പരാഗണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വവ്വാലുകള്‍ ഏറെയും രാത്രികാലങ്ങളില്‍ സഞ്ചരിക്കാനിഷ്ടപ്പെടുന്നവയാണ്. പിന്കാലുകള്ക്കു തീരെ ബലം കുറവായതിനാല്‍ ഇവക്ക് നിലത്തുകൂടി നടക്കുക വളരെ പ്രയാസകരമാണ്.
നരിച്ചീര്‍, കുറുമൂക്കന്‍ നരിച്ചീര്‍, എലിവാലന്‍ നരിച്ചീര്‍, കുതിരലാടന്‍ നരിച്ചീര്‍ എന്നീ പേരുകളിലറിയപ്പെടുന്ന വിവിധതരം വവ്വാലുകള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നു. യൂറോപ്യന്‍ വവ്വാല് സംരക്ഷണ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍, യുഎന്‍ പരിസ്ഥിതി സംരക്ഷണ വിഭാഗം, വിവിധ വവ്വാല് വര്‍ഗങ്ങളുടെ വംശനാശം തടയുന്നതില്‍ അവബോധമുണ്ടാക്കാനായി 2011-12ല്‍ അന്താരാഷ്ട്ര വവ്വാല് വര്‍ഷമായി ആചരിച്ചു.
ലോകത്ത് ഇന്നോളം മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ടുണ്ടായിട്ടുള്ള പല വൈറസ് സാംക്രമിക രോഗങ്ങളുടെയും ഉറവിടം വവ്വാലുകളാണെന്നു പറയപ്പെടുന്നു. എന്നാല്‍ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യം, അവ പേറുന്ന ഇത്തരം വൈറസുകള്‍, വവ്വാലുകള്‍ക്ക് യാതൊരുവിധ അസുഖങ്ങളും വംശനാശവും വരുത്തുന്നില്ല എന്നതാണ്.
ലോകത്തെ വന്യജീവികളില്‍ കാര്ന്നുതിന്നുന്നവ കഴിഞ്ഞാല്‍ ഏറ്റവും അധികം വൈറസുകളെ ശരീരത്തില്‍ വഹിക്കുന്നവ വവ്വാലുകളത്രേ. ഏകദേശം 180 ഓളം വൈറസുകളെ വവ്വാലുകളില്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 60ലധികം മനുഷ്യരുള്‍പ്പെടെയുള്ള മറ്റു ജീവികളില്‍ അസുഖമുണ്ടാക്കാന്‍ കഴിവുള്ളവയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ തെക്കേ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പേവിഷബാധയാണ് മനുഷ്യ വൈറസുകളുടെ ഒരു കലവറയാണ് വവ്വാലുകളെന്ന് കണ്ടെത്തുന്നത്. പേവിഷബാധയുണ്ടാക്കുന്ന റാബ്ഡോ വൈറിഡേ കുടുംബത്തിലെ ഒട്ടുമിക്ക വൈറസുകളും പിന്നീട് വവ്വാലുകളില്‍ കണ്ടെത്തി. സ്വന്തം ജനിതകത്തില്‍ വ്യതിയാനം വരുത്തി ഒരു ജീവിവര്‍ഗത്തില്‍ നിന്ന് മറ്റൊരു ജീവിവര്‍ഗത്തിലേക്കു വൈറസുകള്‍ കയറിക്കൂടുന്നതായി പിന്നീടുള്ള പഠനങ്ങള്‍ വ്യക്തമാക്കി. ഇപ്രകാരം മാംസഭുക്കുകളായ ജീവികള്‍ക്കുണ്ടാവുന്ന പേവിഷബാധ വവ്വാലുകളിലെ ലിസ്സ വൈറസുകളില്‍ നിന്ന് എത്തപ്പെടുന്നുവെന്നു കണ്ടെത്തി. ലിസ്സ വൈറസുകളുടെ ഗ്ലൈക്കോപ്രോട്ടീനിലുണ്ടായ രൂപാന്തരമാണ് ഇതിന് കാരണമായി കണ്ടെത്തിയത്.
അതിജീവനത്തില്‍ കേമന്മാരായ വവ്വാലുകളുടെ ശരീരത്തില്‍ നടക്കുന്ന അത്ഭുതകരമായ രാസപരിണാമങ്ങളാണ് ഇതിനു കാരണമായി കണ്ടെത്തിയത്. വവ്വാലുകളുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഒരു ശക്തമായ വൈറസ് പ്രതിരോധം തീര്‍ക്കുക വഴി, വൈറസുകളുടെ വര്‍ധന തടയുന്നു. വവ്വാലുകളുടെ ശരീരത്തിലെ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തന വ്യതിയാനത്തിന് അനുസരണമായി വൈറസുകളും അവയുടെ ജനിതകത്തില്‍ രൂപാന്തരം വരുത്താന്‍ ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ അതൊരു സഹപരിണാമ പ്രക്രിയയായി മാറി. ഇത് പരാദജീവിയുടെയും ആതിഥേയ ജീവിയുടെയും ഒരുമിച്ചുള്ള ജനിതക പരിണാമത്തിന് കാരണമായി (റെസിപ്രോക്കല്‍ ഇവലൂഷന്‍). ഈ സഹപരിണാമത്തെക്കുറിച്ച് ശാസ്ത്ര ലോകത്തിന് ഇന്നും പരിമിതമായ അറിവ് മാത്രമേയുള്ളൂ.
വവ്വാലുകള്‍ക്ക് ചില ശാരീരിക പ്രത്യേകതകള്‍ ഉള്ളതിനാല്‍, അവയ്ക്ക് വൈറസുകളോടൊപ്പം കഴിയാന്‍ സാധിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതിന് കാരണം അവയുടെ സ്റ്റിംഗ് റെസ്പോണ്‍സ് ആണത്രേ. എന്നുവെച്ചാല്‍, മനുഷ്യശരീരം ഒരു രോഗാണുവിനോട് പെട്ടെന്ന് പ്രതികരിക്കുന്നതുപോലെ (അമിത പ്രതികരണം), വവ്വാലുകള്‍ പ്രതികരിക്കുന്നില്ല.
ഒരുതവണ പറന്നുയരാന്‍ വളരെയധികം പാടുപെടുന്ന വവ്വാലുകള്‍, ഒരു മിനിറ്റില്‍ 1000 തവണ ഹൃദയമിടിപ്പിച്ചാണ് പറക്കാനുള്ള ഊര്‍ജം കണ്ടെത്തുന്നത്. ഇത് അവരുടെ ശരീരതാപനില 100ത്ഥഎ വരെ കൊണ്ടുചെന്നെത്തിക്കുന്നു. കഠിനാധ്വാനത്തിലൂടെയുള്ള പറക്കലും പിന്നീട് പെട്ടെന്നുള്ള ഒരു വിശ്രമാവസ്ഥയും ശരീരതാപനില പെട്ടെന്ന് കുറയുന്നതിന് കാരണമാകുന്നു. ഇപ്രകാരം ശരീരതാപനിലയില്‍ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, വൈറസിന്റെ വര്‍ദ്ധനവിനെ തടയുകയും, ശരീരപ്രതിരോധ സംവിധാനങ്ങളെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. പല വാവല് വൈറസുകളുടെയും വര്‍ധനവിന് പറ്റിയ ശാരീരിക താപനില 37ത്ഥഇ മുതല്‍ 41ത്ഥഇ വരെയാണ്.
മനുഷ്യനുള്‍പ്പെടെയുള്ള ജീവികളില്‍ വൈറസ് ബാധ ഉണ്ടാകുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്റര്‍ഫെറോണ്‍. ഈ ഹോര്‍മോണ്‍ വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള ഇതരജീവികളിലും ഉണ്ട്. ഇത് പലപ്പോഴും മനുഷ്യശരീരത്തിലെ മറ്റു കലകളെയും ഒരു സിഗ്നലിങ് വഴി അമിതപ്രതികരണത്തിനു വിധേയമാക്കുകയും, ശരീരകലകളില്‍ ഒരു തടിപ്പ് അഥവാ നീര്‍ക്കെട്ടിന് കാരണമാക്കുകയും ചെയ്യുന്നു. എന്നാല്‍ വവ്വാലുകള്‍ക്ക് ഈ അവസ്ഥയെ തരണം ചെയ്യുന്നതിനുഉള്ള പ്രത്യേക സംവിധാനം ശരീരത്തിലുണ്ട്.
മനുഷ്യശരീരത്തിലെ ഇന്റര്‍ഫെറോണിന്റെ രാസപ്രവര്‍ത്തന സ്ഥാനം വളരെ വലുതാണ്. എന്നാല്‍ വവ്വാലുകള്‍ സ്വപരിണാമത്തിലൂടെ അവയുടെ ശരീരത്തിലെ ഇന്റര്‍ഫെറോണുകളുടെ പ്രവര്ത്തനസ്ഥാനം വളരെ ചെറുതാക്കി എടുത്തിരിക്കുന്നു. ഇതുമൂലം ശരീരകലകളുടെ, വൈറസുകള്‍ക്കെതിരെയുള്ള പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഒരു തടയിട്ടുകൊണ്ട് വൈറസുകളുടെ അമിതവര്‍ധന തടയുന്ന മെക്കാനിസം രൂപപ്പെടുത്തി ഒരു സാധാരണ ശാരീരിക അവസ്ഥയില്‍ നിലനിര്‍ത്തുന്നു.
അങ്ങനെ ശരീര സംവിധാനങ്ങളെ സ്വയം രൂപപ്പെടുത്തി നൂറുകണക്കിന് വൈറസുകളെ പരാജയപ്പെടുത്തി അവയെ സ്വയം മാറാന്‍ വവ്വാലുകള്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ സ്വയം മാറിവരുന്ന വൈറസുകള്‍ക്ക് മറ്റൊരു ജീവശരീരത്തില്‍ പ്രവേശിച്ച് വളരെ എളുപ്പത്തില്‍ വര്‍ധനവിനുള്ള വഴിയൊരുക്കി കൊടുക്കുന്നു. ഇങ്ങനെ അതിജീവനത്തില്‍ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട്, പരിണാമപ്രക്രിയയില്സ്വയം മാറ്റങ്ങള്‍ക്ക് വിധേയ നാവാനുള്ള മനുഷ്യന്റെ കഴിവ് മറ്റേതൊരു ജീവിക്കും പുറകിലാണെന്ന് കടവാവലുകള്‍ കാണിച്ചുതരുന്നു. അതിജീവനത്തിന്റെ അത്ഭുതങ്ങള്‍ പേറുന്ന ഈ ജീവിയെപ്പറ്റിയുള്ള അറിവ് ഇന്നും മനുഷ്യരാശിക്ക് ഒരു പ്രഹേളികയായി തുടരുന്നു.
(പന്തളം എന്‍എസ്എസ് കോളജ് ബോട്ടണി വിഭാഗം അസി.പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: