കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് ഏറാമല സ്വദേശിക്ക്. ഏറാമല സ്വദേശിയായ 31 കാരന് മാര്‍ച്ച് 22 ന് പുലര്‍ച്ചെ ദുബായില്‍ നിന്നു ബെംഗളൂരു വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി അവിടെ നിന്ന് ടാക്സി വഴി കുന്നുമ്മക്കര, പയ്യത്തൂരിലെത്തി പ്രത്യേകം സജ്ജമാക്കിയ വീട്ടില്‍ കഴിയുകയായിരുന്നു. ഭാര്യക്കൊപ്പമാണ് ഇദ്ദേഹം വിദേശത്ത് നിന്ന് എത്തിയത്. 27-ാം ദിവസമാണ് രോഗം സ്ഥിരീകരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ദുബായില്‍ കൂടെ ജോലി ചെയ്യുന്നവര്‍ പോസിറ്റീവ് ആയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 15 ന്ആമ്പുലന്സില് വടകര ആശുപത്രിയില്‍ എത്തിച്ച് സാംപിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗിയെ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നില തൃപ്തികരമാണ്.
വിദേശത്ത് നിന്ന് എത്തിയ ഉടനെ ഇവരെ വീട്ടില്‍ പ്രത്യേക നിരീക്ഷണത്തിലാക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഏറാമല പഞ്ചായത്തില്‍ 582 പേരായിരുന്നു ആകെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 54 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 49 പേര് വിദേശത്ത് നിന്നും 5 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
വടകരതാലൂക്കില് അഴിയൂര്‍, ഏറാമല, എടച്ചേരി തുടങ്ങിയ അടുത്തടുത്ത മൂന്ന് പഞ്ചായത്തുകളിലാണ് കോവി ഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ ജില്ലയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ 20 പോസിറ്റീവ് കേസുകളില്‍ 9 പേരും 4 ഇതര ജില്ലക്കാരില്‍ 2 പേരും രോഗമുക്തരായിയിട്ടുണ്ട്. ഇപ്പോള്‍ 11 കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ ഇന്ന് 1615 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 12,788 ആയി. 10,012 പേര് നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്ന് പുതുതായി വന്ന 6 പേര് ഉള്‍പ്പെടെ ആകെ 25 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 34 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 678 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 637 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 613 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 41 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: