തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ അഴിമതിയുടെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തിരിഞ്ഞതോടെ രക്ഷിച്ചെടുക്കാനുള്ള ന്യായീകരണങ്ങളുമായി സിപിഎം സൈബര്‍ പേരാളികള്‍ രംഗത്ത്. അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്ക്കുന്ന പിണറായിക്ക് വീരപരിവേഷം നല്കി സൈബര്‍ ഇടത്തില്‍ ന്യായീകരണങ്ങള്‍ ചമയ്ക്കലാണ് ഇവരുടെ പ്രധാന ജോലി. സ്പ്രിങ്ക്ളര്‍ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദ്യം ഉയര്‍ന്നപ്പോള്‍ ദിവസേനയുള്ള പത്രസമ്മേളനം നിര്‍ത്തി പിണറായി മുങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അഴിമതിയെക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ എറിഞ്ഞതോടെ പ്രതിരോധത്തിലായ പിണറായി പത്രസമ്മേളനം പാതിവെച്ച് നിര്‍ത്തി പോകുകയായിരുന്നു. ഇതിനു പുതിയ ന്യായീകരണം ചമച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് സിനിമയില്‍ വേഷങ്ങള്‍ ചെയ്യുന്ന മാല പാര്‍വ്വതിയാണ്.
ഇന്ന് 5.55ന് അലാറം അടിച്ചപ്പോള്‍ വല്ലാതെ നൊന്തു. മുഖ്യമന്ത്രി പിണറായിയുടെ ‘6മണി തള്ള്’ എന്ന് പറയുന്ന കുറെ പേര് ഉണ്ടാകും. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ ആള്ക്കാര് കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യതയാണ് പിണറായി പത്രസമ്മേനം നിര്‍ത്തിയതിലൂടെ അനുഭവപ്പെടുന്നതെന്ന് ഇവര്‍ പറയുന്നു.
അഴിമതി ആരോപണത്തില്‍ മുങ്ങിനില്ക്കുന്ന പിണറായിയെ രക്ഷിക്കാനുള്ള അവസാന അടവാണ് സിപിഎം സൈബര്‍ പേരാളികള്‍ ഇപ്പോള്‍ നടത്തുന്നത്. എന്തുകൊണ്ട് സ്പ്രിങ്ക്ളര്‍ എന്ന കമ്പനിയെ മാത്രം തെരെഞ്ഞെടുത്തു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പിണറായി ഇതുവരെ നല്‍കിയിട്ടില്ല. രോഗബാധ ഉണ്ടായപ്പോള്‍ പെട്ടെന്ന് വിശകലനം ചെയ്യാനായി സോഷ്യല്‍ മീഡിയയിലൂടെ വന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പരിണിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇത്തരം സന്ദര്‍ഭത്തില്‍ എല്ലാ നടപടികളും നടത്താനാകില്ലെന്നുള്ള ന്യായവും മുഖ്യമന്ത്രി നിരത്തി. രാജ്യത്തിന് അകത്തുള്ള അവരുടെ സെര്‍വറിലാണ് ആദ്യം വിവരങ്ങള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് സിഡിറ്റിന്റെ നിയന്ത്രണത്തിലുള്ള സെര്‍വറിലേക്ക് നല്‍കിയെന്നും സമ്മതിച്ചു. മാത്രമല്ല കമ്പനി ഉടമ മലയാളി ആയതിനാലാണ് കരാര്‍ നല്‍കിയതെന്ന സ്ഥിരം പല്ലവിയും മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.
ഡാറ്റാ തട്ടിപ്പില്‍ പ്രതിയായത് നിസാരകാര്യമാണെന്നും വലിയ കമ്പനികള്‍ക്കെതിരെ കേസുകളും നിയമ നടപടികളും സാധാരണമാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. കേസ് നടക്കുന്നതിനാല്‍ എല്ലാ വിവരങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചെന്നും മുഖ്യമന്ത്രി പറയുന്നു. സെപ്തംബര്‍ വരെ സൗജന്യം ആണെന്നും അതിന് ശേഷം സേവനം തുടരണമെങ്കില്‍ മാത്രം ഫീസ് കമ്പനി അറിയിക്കുമെന്നും മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ചെലവ് അറിയിക്കുമെങ്കിലും പണം നല്‍കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി ഇപ്പോഴും ഉയര്‍ത്തുന്ന വാദം. സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ അന്താരാഷ്ട്ര കരാറായാലും നിയമ വകുപ്പ് അറിയേണ്ടതല്ലെന്ന വിചിത്ര വാദവും മുഖ്യമന്ത്രി നടത്തുന്നുണ്ട്. തുടര്‍ന്ന് ഐടി സെക്രട്ടറിയെ വ്യക്തിപരമായി ദ്രോഹിക്കുകയാണെന്നടക്കമുള്ള സ്ഥിരം ന്യായീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിനെയെല്ലാം വെളുപ്പിച്ചെടുക്കാനാണ് ഇപ്പോള്‍ സൈബര്‍ ന്യായീകരണ തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: