കൊല്ലം: ചട്ടം ലംഘിച്ച് കൊല്ലം കളക്ടറുടെ ഹാം റേഡിയോ ഉപയോഗം വിവാദമാകുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഐസി യൂണിറ്റിലെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നാശത്തിന് ഹാം റേഡിയോ കാരണമാകുന്നതാണ് പ്രശ്നം. മെഡിക്കല്‍ കോളേജിലെ കോവിഡ് 19 ഐസി യൂണിറ്റില്‍ നിന്ന് വിവരങ്ങള്‍ അപ്പപ്പോള്‍ കൊല്ലത്ത് കളക്ടറുടെ ചേംബറില്‍ സ്ഥാപിച്ചിരിക്കുന്ന ഹാം റേഡിയോ യൂണിറ്റിലേക്ക് നല്കാന് വയര്‍ലെസ് സെറ്റുമായി ഹാം റേഡിയോ ഓപ്പറേറ്ററെ ഐസി യൂണിറ്റിന് മുന്നില്‍ നിയോഗിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മുതല്ക്കാണ് ഈ സംവിധാനം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വയര്‍ലെസ് സെറ്റില്‍ നിന്നുള്ള റേഡിയോതരംഗങ്ങള്‍ ഐസി യൂണിറ്റിലെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് കേടുണ്ടാക്കുമെന്ന്് ഈ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ് ന്ല്കിയെങ്കിലും അവഗണിക്കുകയായിരുന്നു.
ഹൈ ഫ്രീക്വന്‍സി, വെരി ഹൈ ഫ്രീക്വന്‍സി, അള്‍ട്രാ ഹൈ ഫ്രീക്വന്‍സി എന്നിങ്ങനെ മൂന്നു തരത്തിലുള്ള റേഡിയോ കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഹാം റേഡിയോ സെറ്റുകളാണ് ഉപയോഗത്തിലുള്ളത്. ഇവയ്ക്കൊക്കെ വ്യത്യസ്തമായ അളവിലുള്ള റേഡിയോ തരംഗങ്ങളാണുള്ളത്. അള്‍ട്രാ ഹൈ ഫ്രീക്വന്‍സി, വെരി ഹൈ ഫ്രീക്വന്‍സി സെറ്റുകളാണ് ് കളക്ടര്‍ക്ക് വിവരം നല്‍കാനായി ഉപയോഗിക്കുന്നത്. കളക്ടര്‍ നിയോഗിച്ച ആള് കോവിഡ് പ്രതിരോധിക്കാനുള്ള പ്രത്യേകതരം വസ്ത്രങ്ങളും ധരിച്ച് ഐസി യൂണിറ്റിന് മുന്നില്‍ നിന്ന് ഹാം റേഡിയോ സെറ്റിലൂടെ കളക്ടര്‍ക്ക് വിവരം നല്‍കുന്നതിന്റെ ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള റേഡിയോതരംഗങ്ങള്‍ പതിച്ചാല്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവ തകരാറിലാകും. അതൊരുപക്ഷേ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കോവിഡ് ബാധിതന്റെ ജീവന് ഹാനിയാകുകയും ചെയ്തേക്കുമെന്ന് ഹാം റേഡിയോ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക് ഡൗണ്‍ പ്രഖ്യാപനം മുതല്‍ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ഹാം റേഡിയോ ഉപയോഗിക്കുന്നത് ചട്ടം ലംഘിച്ചെന്ന് നിയമവിദഗ്ധരും വ്യക്തമാക്കുന്നു. വ്യക്തമായ ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഹാം റേഡിയോ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ്. പ്രത്യേക എഴുത്തുപരീക്ഷയുടെയും പോലീസ് അന്വേഷണത്തിന്റെയും ഒക്കെ ഫലമായാണ് അനുമതി ലഭിക്കുക. അനുമതി ഇല്ലാതെ ഹാം റേഡിയോ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്.
വെള്ളപ്പൊക്കം, സുനാമി, ഭൂകമ്പം, കൊടുങ്കാറ്റടിക്കല് തുടങ്ങി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴാണ് ഹാം റേഡിയോയുടെ സേവനം സാധാരണ ഭരണകൂടങ്ങള്‍ തേടുന്നത്. മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി ആശയവിനിമയ ഉപാധികള്‍ തകരുമ്പോഴാണ് ഹാം റേഡിയോ ഉപയോഗിക്കുക. ഈ സേവനം ഇതിന് അനുമതി ലഭിച്ചിട്ടുള്ളവരുടെ നിയന്ത്രണത്തിലായിരിക്കും ലഭിക്കുക.
കോവിഡ് 19 പ്രകൃതി ദുരന്തമല്ല. അതിനാല്‍ തന്നെ ഇതിന്റെ രക്ഷാപ്രവര്‍ത്തനം പോലീസ്, റവന്യൂ വകുപ്പുകളുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നത് ആരോഗ്യവകുപ്പാണ്. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ മറ്റ് സൗകര്യങ്ങള്‍ ഒരുക്കലാണ് കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ ചുമതല. അതിന് ഹാം റേഡിയോയുടെ സേവനം ആവശ്യമില്ല. സാധാരണ വാര്‍ത്താവിനിമയ ഉപകരണങ്ങളും അവയുടെ സേവനവും മതിയാകും. പിന്നെ എന്തിനാണ് കൊല്ലം കളക്ടര്‍ കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങള്‍ക്കായി ഹാം റേഡിയോയുടെ സേവനം തേടിയെന്ന ചോദ്യമാണ് ഉയരുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: