കൊച്ചി: ഉത്തരേന്ത്യന്‍ സംഭവങ്ങളില്‍ മാത്രമല്ല, കേരള സംഭവങ്ങളിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സംസ്ഥാനത്തെ ചില നേതാക്കളും മാധ്യമങ്ങളും മത്സരിക്കുന്നു. അവരില്‍ സംസ്ഥാന മന്ത്രിമാരുമുണ്ടെന്നതാണ് ഗൗരവം കൂട്ടുന്നത്.
സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് വ്യാജവാര്‍ത്ത ആധാരമാക്കി കുപ്രചാരണം നടത്തിയത്. ടെലിവിഷന്‍ ചര്‍ച്ചയില്‍ മന്ത്രിയുടെ കുപ്രചാരണം തടയാനോ തിരുത്താനോ ചര്‍ച്ചയില്‍ പങ്കെടുത്തവരോ ടിവി ചര്‍ച്ച നിയന്ത്രിച്ചയാളോ തയാറായില്ല.
‘ലോക്ഡൗണ്‍ കാലത്ത് യോഗിയുടെ യുപിയില്‍ ഭക്ഷണം ലഭിക്കാത്തതിനാല്‍ ഒരു അമ്മ അഞ്ചുമക്കളെ പുഴയിലെറിഞ്ഞു,’ എന്ന വാര്‍ത്തയാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ‘ഭര്‍ത്താവുമായി വര്‍ഷങ്ങളായി നിരന്തരം വഴക്കിലായിരുന്ന സ്ത്രീ അതിനെത്തുടര്‍ന്നാണ് മക്കളെ നദിയിലെറിഞ്ഞത്’ എന്ന് യുപി പോലീസ് വിശദീകരിച്ചു. എന്നാല്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടാണ് സംസ്ഥാന മന്ത്രി വ്യാജപ്രചാരണം നടത്തിയത്.
”യുപിയില്‍ കൊറോണ ബാധിച്ചു മരിച്ച വൃദ്ധന്റെ മൃതദേഹം നാട്ടുകാരോ സംസ്ഥാന സര്‍ക്കാരോ സഹായിക്കാത്തതിനാല്‍ അഞ്ച് പെണ്മക്കള്ചേര്ന്നു സംസ്കരിച്ചു. കൊറാണ ബാധിച്ചു മരിക്കുമ്പോള്‍ സംസ്കരിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു ശവസംസ്കാരം. കേരളം എത്ര കഷ്ടപ്പെട്ടിട്ടെന്താ; ഇതാണ് ഇന്ത്യയിലെ അവസ്ഥ. ഇത് കോവിഡിന്റെ വ്യാപനം തടയുന്നതിനെ തടയും,” എന്നായിരുന്നു ഒരു പ്രചാരണം. എന്നാല്‍, ക്ഷയം ബാധിച്ച് മരിച്ചയാളുടെ അന്ത്യകര്‍മങ്ങള്‍ അദ്ദേഹത്തിന് ആണ്മക്കളില്ലാത്തതിനാല് ആചാരപ്രകാരം പെണ്മക്കള് ചെയ്യുന്നതായിരുന്നു സംഭവവും ചിത്രവും.
യുപി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. അതിനാല്‍ അവിടെനിന്നുള്ള ഏതു വാര്‍ത്തയും ആദ്യം തെറ്റായേ ഇവിടെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കൂ. പിന്നെ സമ്മര്‍ദം വന്നാല്‍ മാത്രം തിരുത്തും. ഇത്തരം വാര്‍ത്തകളില്‍ മാധ്യമങ്ങളുടെ ഓഫീസുകളിലേക്ക് ജനങ്ങളുടെ ഫോണ്‍വിളി പ്രതികരണങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. അത് സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു.
ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്, പിണറായി സര്‍ക്കാരിനെ പിന്തുണച്ചുവെന്നും അന്ധമായി എതിര്‍ക്കുന്ന കോണ്‍ഗ്രസ് പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നുവെന്ന കുപ്രചാരണമുള്പ്പെടെ ബിജെപി-സംഘപരിവാര്‍ അനുബന്ധ വാര്‍ത്തകള്‍ക്കെതിരേയുള്ള വ്യാജ പ്രചാരണങ്ങള്‍ തുടരുകയാണ്.
ഉത്തരേന്ത്യയില്‍ നടക്കുന്ന ഏതു സംഭവങ്ങളും കേന്ദ്ര സര്‍ക്കാരിന്റെയോ പ്രധാനമന്ത്രിയുടെയോ ബിജെപിയുടെയോ സംഘപരിവാറിന്റെയോ തലയില്‍ കെട്ടിവെച്ച് പ്രചരിപ്പിക്കുന്ന പരിപാടികള്‍ ഇപ്പോള്‍ വന്നുവന്ന് കേരള വാര്‍ത്തകളിലും സാധാരണമായി. ഇതിനു പിന്നില്‍, പാര്‍ട്ടി സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് കണ്ടുപിടിച്ച് വിമര്‍ശിച്ച ‘മാധ്യമ സിന്‍ഡിക്കേറ്റാ’ണ്. സിന്‍ഡിക്കേറ്റ് ഇപ്പോള്‍ കൂറുമായി, അല്ലെങ്കില്‍ പുതിയ ആളുകളുടെ സിന്‍ഡിക്കേറ്റായി.
അവര്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ അപഹാസ്യമായി വ്യാഖ്യാനിക്കുന്നു. കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കണമെന്നും ഘോഷമുണ്ടാക്കി അഭിനന്ദിക്കണമെന്നും പറഞ്ഞപ്പോള്‍ ‘പാട്ടകൊട്ടി’യിട്ടു കാര്യമില്ലെന്ന് വിമര്‍ശിച്ചത് ചില മാധ്യമങ്ങള്‍ക്കൊപ്പം സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമാണ്. ചൈനയില്‍ കൊറോണ പ്രതിരോധം ഫലിക്കുന്നുവെന്നു കണ്ടപ്പോള്‍ പ്രതിരോധ പ്രവര്‍ത്തകര്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ വലിയ വാര്‍ത്തയാക്കിയപ്പോള്‍, ഇന്ത്യന്‍ വിജയത്തില്‍ ആഹ്ലാദിച്ച് വിളക്കു തെളിക്കാന്‍ പ്രധാനമന്ത്രി മോദി പറഞ്ഞതിനെ ‘പന്തം കാണിച്ച് കൊറോണയെ പേടിപ്പിക്കുന്നവെന്നായിരുന്നു’ ചിലരുടെ ആക്ഷേപം. അവര്‍ക്ക് ആരോപണവും ആക്ഷേപവുമുന്നയിക്കാന് മുഖ്യധാരാ മാധ്യങ്ങള്‍ വേദിയും അവസരവും നല്കി.
പ്രവാസികാര്യം കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലാണ്. മോദി സര്‍ക്കാരും വിദേശ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ക്ഷേമത്തിന് ചെയ്യുന്ന പലതും പ്രവാസികളുടെ പിന്തുണ മോദിക്ക് വര്‍ധിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മലയാളിയുമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മന്ത്രിയും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ വ്യാജ പ്രചാരണ പദ്ധതി ഇങ്ങനെ: ‘യുഎഇ ഓരോ രാജ്യക്കാരെ തിരിച്ചു കൊണ്ടുപോകാനാവശ്യപ്പെട്ടു. ഇന്ത്യക്കും അന്ത്യശാസനം നല്കി.’ ഏഷ്യാനെറ്റും മാതൃഭൂമിയുമാണ് പ്രചരിപ്പിച്ചത്. കേന്ദ്രത്തിന്റെ തലയില്‍ എല്ലാം വച്ച് പ്രവാസികാര്യ മന്ത്രി കെ.ടി.ജലീല്‍ കൈ കെട്ടിയിരുന്നു. ഇതിന് ആസൂത്രിതമായി പ്രചാരണം നല്കി. പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മോദി വിരോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. വാര്‍ത്തയുടെ വാസ്തവമിതാണ്. യുഎഇ , കൊറോണ പശ്ചാത്തലത്തില്‍ ജയിലിലുള്ള പാക് തടവുകാരെ മോചിപ്പിച്ചു. അവരെ നിര്‍ബന്ധമായും പാകിസ്ഥാനില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ആ വാര്‍ത്തയാണ് വ്യാജമായി പ്രചരിപ്പിച്ചത്.
എതിരാളികളായി കാണുന്നവരെ ആക്ഷേപിച്ച് നശിപ്പിക്കുക, അവര്‍ പറഞ്ഞത് തെറ്റായി പ്രചരിപ്പിക്കുക, അവര്‍ നല്ലതു പറഞ്ഞാല്‍ അത് കണ്ടില്ലെന്നു നടിക്കുക എന്നതാണ് നവ മാധ്യമക്കാലത്തെ ചിലരുടെ, പ്രത്യേകിച്ച് ഇടതുപക്ഷ സൈബര്‍ പോരാളികളുടെ നയം. ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളും ഇത് പിന്തുടരുകയും മത്സരിച്ച് തെറ്റായ വാര്‍ത്തകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നു. അവര്‍ക്കൊപ്പം സംസ്ഥാനത്തെ മന്ത്രിമാരും ചേരുന്നു, അവര്‍ നയിക്കുന്നു, അവരെ വിലക്കാനോ ശാസിക്കാനോ സംസ്ഥാന മുഖ്യന്ത്രി പിണറായി വിജയനും തയാറാകുന്നില്ലെന്നതാണ് ഗുരുതര വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: