തൃശൂര്‍: വാദ്യമേളങ്ങളുടെ വിസ്മയപ്പെരുക്കങ്ങള് കേട്ട് ഇക്കുറി ഇലഞ്ഞിമരക്കൊമ്പുകള്‍ മത്ത് പിടിക്കില്ല, ജനസഹസ്രങ്ങളും. മേടച്ചൂടിനെ നറുനിലാവാക്കി മഠത്തില്‍ വരവും ഉണ്ടാകില്ല. കൈലാസനാഥന്റെ തെക്കേഗോപുരനടയില്‍ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ജനലക്ഷങ്ങളുടെ ആരവങ്ങള്‍ക്കിടെ എഴുന്നള്ളിയെത്തി കുടമാറ്റം നടത്തില്ല. ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനത്തോടെ ഇക്കുറി മുടങ്ങുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്.
പഴമക്കാരുടെ ഓര്‍മയില്‍ നാലു പതിറ്റാണ്ട് മുന്‍പാണ് ഒരിക്കല്‍ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടന്നത്. 1962 ലായിരുന്നു അത്. ഇന്ത്യാ-ചൈന യുദ്ധം നടക്കുന്ന സമയമായതിനാല്‍ പൂരം ഒരാനപ്പുറത്ത് ചടങ്ങ് മാത്രമായി നടത്തുകയായിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പക്ഷേ ഇക്കുറി അതുമുണ്ടാകില്ല. ക്ഷേത്രമതില്ക്കെട്ടുകള്ക്ക് പുറത്ത് ഒരു ചടങ്ങുമുണ്ടാകില്ല. മതില്‍ക്കെട്ടിന് പുറത്ത് ചെറുതായിപ്പോലും പൂരച്ചടങ്ങുകള്‍ സംഘടിപ്പിച്ചാല്‍ ജനക്കൂട്ടമെത്തുമെന്ന ആശങ്കയാണ് അധികൃതര്‍ ഇന്നലെ പങ്കുവെച്ചത്.
പൂരം നടക്കുന്നത് വടക്കുന്നാഥന്റെ തിരുമുറ്റത്താണെങ്കിലും പ്രധാനപങ്കാളികള്‍ തിരുവമ്പാടിയും പാറമേക്കാവുമാണ്. വടക്കുന്നാഥന് പൂരത്തില്‍ പങ്കെടുക്കില്ല. സാക്ഷി മാത്രമാണ്. തിരുവമ്പാടിയില്‍ നിന്നും പാറമേക്കാവില്‍ നിന്നും ഭഗവതിമാര്‍ പതിനഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നള്ളിയെത്തിയാണ് പൂരം നടക്കുക. ഇത് കൂടാതെ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്നും എഴുന്നള്ളിപ്പുകള്‍ എത്തും.
ഒരാനപ്പുറത്ത് പോലും പൂരം എഴുന്നള്ളിക്കാനാകാത്ത അവസ്ഥ ചരിത്രത്തില്‍ ഇതാദ്യമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി പറഞ്ഞു. പക്ഷേ നാടിന്റെ അതിജീവനമാണ് മുഖ്യം. ആഘോഷങ്ങള്‍ മാറ്റിവെക്കുന്നതില്‍ വിഷമമുണ്ടെങ്കിലും നാടിന്റെ പൊതുനന്മയെ കണക്കിലെടുക്കുമ്പോള്‍ അത് സഹിക്കാവുന്നതേയുള്ളൂവെന്നാണ് പൂരപ്രേമികളുടെ നിലപാട്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവവും ഇക്കുറി വേണ്ടെന്ന് തീരുമാനിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്സവചടങ്ങുകള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്ക് സമാപനമാകുന്നത് ഇരിങ്ങാലക്കുട ഉത്സവത്തോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: