തിരുവനന്തപുരം: സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സെക്രട്ടേറിയറ്റില്‍ വാര്‍റൂം. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രത്യേക സംവിധാനം എന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഐഎഎസ്, ഐപിഎസ് തുടങ്ങിയ സര്‍ക്കാര്‍ മിഷണറി ഉപയോഗിച്ച് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതിശ്ചായ സൃഷ്ടിക്കാനാണ് ശ്രമം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ പിആര്‍ സംവിധാനമായി വാര്‍റൂമിനെ സജ്ജമാക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിലും സൗത്ത് ബ്ളോക്കിലുമായി രണ്ടു വാര്റൂമുകളാണ് ഉള്ളത്. കൊറോണ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും മുഖ്യമന്ത്രി വഴിയാക്കുകയാണ് വാര്‍റൂമിന്റെ ദൗത്യം. മറ്റു വകുപ്പ് മന്ത്രിമാരുടെയും സംസ്ഥാനത്തിന് കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ വിവരങ്ങളും പ്രവര്‍ത്തനങ്ങളും വാര്‍റൂമില്‍ എത്തും.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, ധനകാര്യ സെക്രട്ടറി മനോജ് ജോഷി തുടങ്ങിയവരുമായി മുഖ്യമന്ത്രി എല്ലാ ദിവസവും കൂടി ആലോചന നടത്തും. അന്നു വൈകുന്നേരം മുഖ്യമന്ത്രി എന്തെല്ലാം പറയണമെന്നത് പിആര്‍ ഏജന്‍സിയുടെ മെയ്വഴക്കത്തില് മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ടീം പോയിന്റുകള്‍ തയാറാക്കി നല്‍കും. ഓരോ ദിവസത്തെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു, ജനങ്ങളുടെ പ്രതികരണം എന്നിവ പ്രസ് വിഭാഗം ശേഖരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ഇതനുസരിച്ചായിരിക്കും അടുത്ത ദിവസത്തെ വാര്‍ത്താ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തയാറാക്കുക.
കൊറോണ വ്യാപനത്തിന്റെ കണക്കുകളും മറ്റ് നിര്‍ദേശങ്ങളും പത്രകുറിപ്പായി ഇറക്കി പ്രതിരോധ പ്രവര്‍ത്തന ഏകോപനത്തില്‍ വ്യാപൃതനാകേണ്ട മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പ്രതിശ്ചായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. അത്യാധുനിക സംവിധാനത്തോടെയുള്ള സ്റ്റുഡിയോ റൂമിന് സമാനമായാണ് സെക്രട്ടറിയേറ്റിലെ നോത്ത് ബ്ളോക്ക് മീഡിയാ റൂം സജ്ജീകരിച്ചിരിക്കുന്നത്. വൈകുന്നേരം ആറുമണിക്ക് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രിയിലൂടെ മാത്രമെ കൊറോണ കണക്കുകള്‍ പുറത്തുവരാവൂ എന്ന നിര്‍ബന്ധമുണ്ട്. ഇതു മൂലം വൈറസ് ബാധ വൈകി മാത്രമാണ് ജനങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സംവിധാനത്തിനും അറിയാന്‍ സാധിക്കുന്നുള്ളു.
ആറു മാസം കഴിഞ്ഞാല്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പുമാണ് വരുന്നത്. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള സംവിധാനമായി കൊറോണകാലത്തെയും വാര്റൂമിനെയും സജ്ജമാക്കുകയാണ് സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളും സമാനമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊറോണ കണക്കുകള്‍ അപ്പോള്‍ തന്നെ ലഭിക്കുന്നതിന് ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ലോക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ അയവുണ്ടാക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്കാവും. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ശ്രദ്ധിക്കുന്നുണ്ട്. ചാനലുകള്‍ക്ക് പുറമെ രണ്ട് ലക്ഷത്തോളം പേരാണ് ഓണ്‍ലൈനായി വീക്ഷിക്കുന്നത്. ഇതിനെ മുതലെടുത്ത് പുകമറയില്‍ പ്രതിശ്ചായ സൃഷ്ടിച്ച് വോട്ടാക്കിമാറ്റാനുള്ള ശ്രമമാണ് പിണറായിയും സര്‍ക്കാരും ഇപ്പോള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: