അന്തിക്കാട്: ഇക്കൊലത്തെ വിഷുവിന് ശോഭ കുറവാണെങ്കിലും കണിവെക്കാന്‍ വെള്ളരിയും, വിഷുക്കൈനീട്ടവുമായി പോലീസ് വീട്ടിലെത്തിയതോടെ അന്തിക്കാട്, മണലൂര്‍, ചാഴൂര്‍ മേഖലയില്‍ പല നിര്‍ധന വീടുകളിലും സന്തോഷത്തിന്റെയും കരുതലിന്റെ വിഷുപ്പടക്കം പൊട്ടി.
അന്തിക്കാട് സ്റ്റേഷനിലെ എസ്.ഐ മണികണ്ഠന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് വിഷുത്തലേന്ന് തെരഞ്ഞെടുക്കപ്പെട്ട 20 നിര്‍ധന കുടുംബങ്ങള്‍ക്ക് കൈനിറയെ പചരക്കും പച്ചക്കറിയും വിഷു കൈനീട്ടവുമായെത്തിയത്. വലപ്പാട് സി.പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ സഹകരണത്തോടെയാണ് പൊലിസ് വിഷു കിറ്റുകള്‍ നല്‍കിയത്. കണിവെള്ളരി അഞ്ച് കിലോ അരി, ചായല,പഞ്ചസാര, പയറ്, മുളക്, മഞ്ഞള്‍, മല്ലി, മുതിര, ഉപ്പ്, റസ്ക്ക്, കുമ്പളം, മത്തങ്ങ, ചേന, തക്കാളി, ഉരുളന്‍ കിഴങ്ങ്, പച്ചക്കായ, ബീറ്റ്റൂട്ട്, കാരറ്റ് ,എന്നിങ്ങിനെയുള്ള വിഭവങ്ങളാണ് മൂന്ന് കിറ്റുകളിലാക്കി നിശ്ചിത വീടുകളിലെത്തിച്ചത്.
അന്തിക്കാട്, താന്ന്യം, ചാഴൂര്‍, മണലൂര്‍, ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 20 കുടുംബങ്ങള്‍ക്കാണ് വിഷു വിഭവ കിറ്റുകള്‍ എത്തിച്ചത്. കിറ്റുകള്‍ക്കു പുറമെ പോലീസ് സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് കണിവെള്ളരിക്കൊപ്പം വിഷുക്കൈനീട്ടമായി നല്കി. പോലീസിന്റെ സ്നേഹവായ്പ് കണ്ടതോടെ ചില കുടുംബങ്ങള്‍ മരുന്നിന് ചിലവിനായി തുകയില്ലാതെ ബുദ്ധിമുട്ടുന്നതായും അറിയിച്ചു. അവര്‍ക്കു വേണ്ട മരുന്നിനുള്ള തുകയും എസ്.ഐ മണികണ്ഠന് തന്റെ കയ്യില്‍ നിന്ന് എടുത്ത് നല്കി. താഴെ തട്ടില്‍ നിന്നും പട്ടിണിയും, ദാരിദ്ര്യവും അനുഭവിച്ച വന്ന തനിക്ക് വിഷമം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് എസ്.ഐ മണികണ്ഠന് പറഞ്ഞു.
കടുത്ത വെയിലിനെ വക വെക്കാതെ വീട് വീടാന്തരം കയറിയിറങ്ങിയ പോലീസ് സംഘം വിഷുവിന് സമ്മാനങ്ങള്‍ എത്തിക്കുന്നത് ഞായറാഴ്ച രാത്രിയോടെ തന്നെ തുടങ്ങിയിരുന്നു. ഓരോ കുടുംബത്തിനു മുള്ള മൂന്ന് കിറ്റുകള്‍ വീതം ചുമന്ന് ഉള്‍ഭാഗത്തുള്ള വീടുകളിലേക്ക് കാല്‍നടയായും എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: