മുംബൈ: ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ദുഷ്കരമാകുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമില്‍ ധോണിക്ക് പകരം വയ്ക്കാന്‍ പറ്റിയ കളിക്കാരാനാണ് നിലവിലെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലെന്നും ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ഇതുവരെ ധോണി മത്സരക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് വിഷമകരമാകുമെന്ന് ഇതിഹാസ താരങ്ങളായ സുനില്‍ ഗാവസ്ക്കറും കപില്‍ദേവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ധോണി. പക്ഷെ കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഈ വര്‍ഷം നടക്കാനുള്ള സാധ്യത കുറവാണ്.
ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് വിഷമകരമാകുമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ധോണിയെപ്പോലെ വിക്കറ്റ് കീപ്പ് ചെയ്യുന്നില്ലെങ്കിലും രാഹുല്‍ മികച്ച കളിക്കാരനാണ്. ടി 20യില്‍ അദ്ദേഹത്തെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റിങ്ങിനിറക്കാനാകുമെന്ന് ഗംഭീര്‍ പറഞ്ഞു.
വിരമിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വ്യക്തിപരമാണ്. ധോണിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും ഗംഭീര്‍ വ്യക്തമാക്കി.
ധോണിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമെന്ന് ടെസ്റ്റ് സ്പെഷ്യലിസ്റ്റ് വി.വി.എസ്. ലക്ഷ്മണ്. ഒന്ന് രണ്ട് വര്‍ഷം കൂടി ഐപിഎല്‍ കളിച്ചശേഷമേ ധോണി ഭാവിയെക്കുറിച്ച് തീരുമാനമെടുക്കൂയെന്നും ലക്ഷ്മണ് പറഞ്ഞു. മുന്‍ സ്പിന്നര്‍ സുനില്‍ ജോഷി തലവനായ സെലക്ഷന് കമ്മിറ്റി ധോണിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ചചെയ്യും. 2019ലെ ലോകകപ്പിനുശേഷം തന്റെ പദ്ധതികളെക്കുറിച്ച് ധോണി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോടും കോച്ച് രവിശാസ്ത്രിയോടും ചര്ച്ചചെയ്തിട്ടുണ്ടാകുമെന്നും ലക്ഷ്മണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: