2019 പിന്‍വാങ്ങിയത് ഒരു സൂര്യഗ്രഹണത്തോടുകൂടിയായിരുന്നു. സൂര്യതേജസ്സിന്റെ മങ്ങല്‍, ലോകത്തിലെ കര്മതേജസ്സിനും മങ്ങലേല്‍പ്പിക്കുമെന്ന് ജ്യോതിഷ നിഗമനങ്ങള്‍ കൂട്ടിയും കുറച്ചും കണ്ടെത്താന്‍ ശ്രമിച്ച കാലം. രാശിക്കുള്ളികളില് ജീവിതം വിടര്ത്തിക്കാണിക്കാന് മനസ്സും ബുദ്ധിയും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എന്റെ അനിയത്തി, രാജി, ആ ഗ്രഹണത്തെക്കുറിച്ച് സംസാരിച്ചത് ഭയചകിതയായിട്ടാണ്. ”പേടിയാണ്, രമേടത്തീ, എന്തൊക്കെയോ അപകടങ്ങള്‍, അസ്വാഭാവികതകള്‍ വരാനിരിക്കുന്നു; ഇവിടെ മാത്രമല്ല, ലോകമൊട്ടാകെ. അതിവിനാശത്തിന്റെ ലക്ഷണങ്ങള്‍! നാമം ചൊല്ലുന്നത് മുടക്കല്ലേ…” പ്രളയം മുതല്‍ വറുതിവരെ ചികഞ്ഞുനോക്കി, വരാനിരിക്കുന്ന അജ്ഞാത ദുരന്തത്തെയോര്‍ത്ത് അന്ന് ഞാനും നെടുവീര്‍പ്പിട്ടു.
മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഏത് ഭീകര സങ്കല്പത്തിനും അപ്പുറത്ത് നില്ക്കുന്ന കൊറോണ ദുരന്തത്തിന്റെ അഭിശപ്തത നമ്മെയും ഗ്രസിച്ചുകൊണ്ടിരിക്കുന്നു. വിഷുവിനെ പുല്‍കാനാവാതെ നെടുവീര്‍പ്പിടുന്ന കൊന്നപ്പൂക്കള്‍ വിളറിയ ചിരിയോടെ പറമ്പിലുണ്ട്. വീട്ടിന് മുന്നിലെ ക്ഷേത്ര ശ്രീകോവില്‍ തുറന്നടയുമ്പോഴും അവിടം പരക്കെ വിജനമാണ്. മനുഷ്യന് മനുഷ്യനെ നോക്കുന്നതുപോലും സംശയത്തോടെ. എങ്കിലും ലോകഭൂപടത്തിലേക്ക് നോക്കുമ്പോള്‍ കുളിരില്ലാതില്ല. ശക്തിയും ശാസ്ത്രവും കൈവെള്ളയിലിട്ടമ്മാനമാടുന്ന ലോകരാജ്യങ്ങളിലെ ഞെട്ടിക്കുന്ന കൊറോണക്കുറിപ്പ് കാണുമ്പോള്‍, നമുക്കാശ്വസിക്കാം. തന്റേടവും ആത്മവിശ്വാസവും സര്‍വ്വോപരി ജനതയോടുള്ള നിസ്സീമമായ പ്രതിബദ്ധതയും കൊറോണക്കളരിയില് നമ്മെ തുണയ്ക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തകരുന്നു. അവരുടെ അറിവുകളിപ്പോള് ഞെട്ടിക്കുകയാണ്. വൃദ്ധര്‍ക്ക് ചികിത്സ വേണ്ട, രാഷ്ട്രത്തിന്റെ ചെലവില്‍ കൊറോണ ടെസ്റ്റുകളില്ല, അക്കൗണ്ടില്‍ വന്നു വീഴാന്‍ രാജ്യത്തെ സര്‍ക്കാരിന്റെ സാമ്പത്തികസഹായമോ മാനസികമായ കൈത്താങ്ങോ ഇല്ല! സൗജന്യമാസ്ക്കുകളും സൗജന്യ റേഷനും സമൃദ്ധമായി ലഭിക്കുന്ന ഭാരതത്തിന്റെ മുന്നില്‍ അവരൊക്കെ പകച്ചു നില്ക്കുന്നു. ലോക്ക് ഡൗണിന്റെ ഗൃഹാന്തഃപുരങ്ങളിലേക്ക് ഉള്‍വലിഞ്ഞ് 130 കോടി ജനങ്ങള്‍ ഭാരത സര്‍ക്കാരിന്റെ ക്രിയാപദ്ധതികളെ കയ്യടിച്ചും ദീപം കൊളുത്തിയും പ്രോത്സാഹിപ്പിച്ചു.
കൊറോണ പഠിപ്പിച്ചത് ശാരീരിക സുരക്ഷയെക്കുറിച്ച് മാത്രമല്ല. നമ്മുടെ പൗരാണികാചാരങ്ങളെ കുറിച്ചുമാണ്. കിണ്ടിയില്‍ വെള്ളവും തോര്‍ത്തുമൊക്കെ ഉമ്മറക്കോലായില്‍ ഉണ്ടായിരുന്ന, ചാണകം മെഴുകി ശുദ്ധമാക്കിയ മുറ്റങ്ങളുണ്ടായിരുന്ന ആ മുന്കാലം! ഷൂസും ചെരിപ്പുമായി കാല് നനയ്ക്കാന്‍ മടിക്കുന്ന വര്‍ത്തമാനത്തിന്റെ ചതിക്കുഴി ഇപ്പോള്‍ ബോധ്യമാണ്. മലയാളി കൈകാലുകള്‍ കഴുകാന്‍ പഠിച്ചു! പെര്‍ഫ്യൂമും ലേപനങ്ങളും മാത്രം മതിയെന്ന മനസ്സിനും ചെറിയൊരിളക്കം വന്നുകാണും. സിന്തറ്റിക് ജീവിത വഴിയില്‍ നിന്നൊരു മാറ്റം. ‘നമസ്തേ’യുടെ ‘പഴമ’ കൈവിട്ട് ‘വീം റീ ്യീൗ റീ’ വില്‍ കൈകുലുക്കി കെട്ടിപ്പിടിക്കാന്‍ ഓടിപ്പോയവര്‍ ഇന്നൊന്ന് തിരിഞ്ഞുനോക്കും. അന്നത്തെ ഓട്ടം ചുംബനക്കാലത്തിലേക്കും ‘ചുംബനസമര’ത്തിലേക്കും വരെയെത്തി. സ്വാതന്ത്ര്യം മെയ്യടുപ്പമാണെന്ന തത്വത്തിന്റെ അപ്പോസ്തലരായിക്കൊണ്ട്, വിമര്‍ശിച്ചവരെ പഴഞ്ചരക്കുകളോ ‘സംഘി’കളോ ആയി ചിത്രീകരിച്ചതും നമ്മള് കണ്ടു.
പണ്ട് വിവാഹ നിശ്ചയത്തിന് ചെറുക്കനും പെണ്ണും അവശ്യ സാന്നിദ്ധ്യമായിരുന്നില്ലല്ലൊ. എന്നാല്‍ കാലം മാറിയതോടെ അതിഥിപ്പെരുക്കം, സദ്യ, ഷോപ്പിങ്. ചെറുക്കനും പെണ്‍കുട്ടിയും വിദേശരാജ്യത്തുനിന്നെത്തി, നേരെ ക്വാറന്റൈനിലേക്ക് കടക്കുന്നു. വാഹനങ്ങളും യാത്രയും ലോക്ഡൗണിലൊതുങ്ങുന്നു. വിവാഹനിശ്ചയം തല്ക്കാലം കൊറോണക്കാലത്തില്‍ വിലയം പ്രാപിച്ചു. നിശ്ചയിച്ചുറച്ച് ക്ഷണപത്രമയച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്ത് വാഹനങ്ങളേല്പ്പിച്ചശേഷം നടക്കാതെ മാറ്റിവച്ച കല്യാണങ്ങളത്രെ! അതിനേക്കാളേറെയും നിശ്ശബ്ദമായി അനാര്‍ഭാടമായി നടന്നവയാണ്. രക്ഷിതാക്കളടക്കം വിരലിലെണ്ണാവുന്നവരുടെ സാന്നിദ്ധ്യം. അവര്‍ ഭാര്യാഭര്ത്താക്കന്മാരായി ജീവിക്കില്ലേ! സ്വയം ഇത് ചോദിക്കാന്‍ ഒര് കൊറോണക്കാലം വേണ്ടിവന്നു. സമ്പന്നവര്‍ഗ്ഗത്തിന്റെ പണം തികട്ടലില്‍, ചിരട്ടയുടയ്ക്കുന്നപോലെ കടം വാങ്ങി ധൂര്‍ത്ത് കാണിച്ച് നിശ്വസിക്കുന്ന മധ്യവര്‍ഗവും ഒരു പുനരാലോചനയ്ക്ക് വിധേയരാവേണ്ടതുണ്ട്. തലേന്നത്തെ മദ്യസല്‍ക്കാര കൊഴുപ്പിക്കലും പാര്‍ട്ടിയും ഇല്ലെങ്കിലും കല്യാണം നടക്കും. ഇന്നത്തെ നിര്‍ബന്ധിത ലാളിത്യം നാളെ ഒരു സ്വഭാവമാക്കിയാല് ജീവിതശൈലിക്ക് അത് മുതല്‍ക്കൂട്ടാവും. പഴയ ഋഷിമാര്‍ സൂചിപ്പിച്ചതും അതാണ്. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും. ലോക നന്മക്കുവേണ്ടി, നാടിനും നാട്ടാര്‍ക്കും വേണ്ടി ചെയ്യാനൊരു മിച്ചംവെയ്പ്. കൊറോണക്കാലം നല്കുന്ന ഒരു പോസിറ്റീവ് ചിന്തയാണ് ഇത്.
എത്ര ലക്ഷം വാഹനങ്ങളായിരുന്നു സഞ്ചാരപഥത്തില്‍. വിഷപ്പുകയില്‍ വീര്‍പ്പുമുട്ടി വിങ്ങിയ അന്തരീക്ഷം ഇന്ന് സമാധാനത്തിലാണ്. കാഴ്ച മറയ്ക്കുന്ന പുകയില്ല, കാര്‍ബണ്‍ മോണോക്സൈഡിന്റെ വിഷമില്ല, ഹോണുകളുടെ ശബ്ദമാലിന്യവുമില്ല. ‘മഹാഭാരതവും’ ‘രാമായണവും’ ഒരിക്കല്‍ക്കൂടി ദൂരദര്ശന് സംപ്രേഷണം ചെയ്യുന്നതും ഒരു സാംസ്കാരിക ശുദ്ധീകരണത്തിനും ഇതിഹാസ ബോധത്തിനും വഴിയൊരുക്കാനാണ് എന്ന് മറക്കാതിരിക്കാം. തിരിഞ്ഞുനോക്കാനും കണ്ടുപിടിക്കാനും മൂല്യങ്ങളെ തിരിച്ചുപിടിക്കാനും സ്വയം അച്ചടക്കം പാലിക്കാനും കോറോണക്കാലത്തിലൂടെ സാധിക്കണം. കൊറോണ തുരത്തപ്പെടുമ്പോള് കര്ക്കിടകക്രാന്തിപോലെ, ‘പൊട്ടി പുറത്ത്, ശ്രീഭഗവതി അകത്ത്’ എന്നായിരിക്കണം. കോവിഡ് സംസ്കൃതത്തിലെഴുതിയാല്, ‘കോവിദ്’ എന്നാണ്. അതായത് ‘ആരാണ് അറിയുന്നവന്’ അതെ അറിയാനുള്ള കാലമാണ്. തിരിച്ചറിവിന്റെ കാലമാണ് കൊറോണക്കാലം.
പ്രൊഫ. വി.ടി. രമ
(9447309021)
പ്രതികരിക്കാൻ ഇവിടെ എഴുതുക: