തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സഹായകമായ മാസ്ക് ഉപയോഗം വിവേകത്തോടെ ആയിരിക്കണമെന്നും ഇതിന്റെ അമിത ഉപയോഗം പാടില്ലെന്നും എച്ച്1എന്‍1കൊറോണ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ ഫെറ്റില്‍ പറഞ്ഞു.
അടച്ചുപൂട്ടിയ സാഹചര്യങ്ങളിലും പലചരക്കുകട, ലിഫ്റ്റ്, തിരക്കേറിയ കെട്ടിടം തുടങ്ങി നിരവധി ആളുകളുള്ള പരിമിതമായ സ്ഥലത്തും മാസ് ക് ഉപയോഗിക്കാം. വിശാലമായ സ്ഥലത്ത് ഇതിന്റെ ആവശ്യമില്ല. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവരാണ് ചുറ്റിലുമുള്ളതെങ്കില് മാസ് ക് ഉപയോഗിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
പനി, ശ്വാസതടസം എന്നിവയുള്ളവരും കൊവിഡ് ബാധിതരും സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കണം. കൊവിഡ് പരിശോധനയ്ക്കായി പോകുമ്പോഴും മാസ് ക് ധരിക്കാനാകാത്ത രോഗബാധിതരെ പരിചരിക്കുമ്പോഴും ഇത് ഉപയോഗിക്കാം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന സര്‍ജിക്കല്‍ മാസ് ക് കേടുപറ്റിയാല്‍ വീണ്ടും മാറ്റി പുതിയത് ഉപയോഗിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.
രണ്ട്, മൂന്ന് അടുക്കുകളുള്ള ഇത്തരം മാസ് കുകള്‍ സ്പ്രേ, സ്പ്ലാഷസ്, സ്രവങ്ങള്‍ എന്നിവയില്‍ നിന്നും പ്രതിരോധിക്കുന്നു. ധരിക്കുന്ന വ്യക്തിയില്‍ നിന്നും അണുബാധ മറ്റുള്ളവരിലേക്കെത്തുന്നതിനേയും ഇത് തടയുന്നു.
തുണിയിലെ മാസ് കുകള്‍ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തവര്‍ സംസാരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ വ്യാപിക്കുന്ന രോഗാണുവിനെ പ്രതിരോധിക്കുന്നതിന് ഇവ സഹായകമാണ്. മറ്റു മാസ്കുകള്‍ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ ഇവ നല്ലതാണ്. സാമൂഹ്യ അകലം പാലിക്കാന്‍ പ്രയാസമുള്ള സന്ദര്‍ഭങ്ങളില്‍ സുരക്ഷിതത്വം നല്കുന്നു. പ്രശ്ന ബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് പലചരക്കുകട, മെഡിക്കല്‍ സ്റ്റോര്‍ പോലുള്ള പൊതുയിടങ്ങളില്‍ പോകേണ്ടിവരുന്ന സാഹചര്യത്തില്‍ തുണി മാസ്കുകള്‍ സഹായകമാണ്.
രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍, ശ്വാസംമുട്ടുളളവര്, അബോധാവസ്ഥയിലുള്ളവര്‍, സ്വന്തമായി മാസ്ക് അഴിച്ചെടുക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ തുണി മാസ്ക് ഉപയോഗിക്കരുതെന്ന് ഡോ. അമര്‍ വ്യക്തമാക്കി.
സ്പ്രേ, സ്പ്ലാഷസ്, സ്രവങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കുന്നതിനു പുറമേ വൈറസ്, ബാക്ടീരിയ പോലുള്ള 95 ശതമാനം സൂക്ഷ്മ പദാര്ത്ഥങ്ങളേയും തടയുവാന്‍ സഹായകമാണ് എന്‍95 മാസ് കുകള്‍ . വളരെ ഇറുകിയ ഇത്തരം മാസ് കുകള്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനു വേണ്ടിയുള്ളതല്ല. എന്നിരുന്നാലും അപൂര്‍വ്വം ചിലര്‍ ഇത് ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത് ആരോഗ്യപരിരക്ഷാ പ്രവര്‍ത്തകരും രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരുമാണ് ഉപയോഗിക്കേണ്ടത്. ഇത് ചിലവേറിയതാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ആരോഗ്യ പരിരക്ഷാ മേഖലയിലുള്ളവര്‍ മാനദണ്ഡങ്ങള്‍ പ്രകാരം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ മൂന്നു ലെയര്‍ മാസ്കുകള്‍ അല്ലെങ്കില്‍ എന്‍95 മാസ്ക് ഉപയോഗിക്കണം.
മാസ്ക് ഉപയോഗത്തില്‍ ചെയ്യേണ്ടതും അല്ലാത്തതുമായ നിര്‍ദേശങ്ങള്‍ കേരള ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടറേറ്റ്, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: