തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) രണ്ടു പ്രധാന കേന്ദ്രങ്ങളൊഴികെ ഏല്ലാം അടച്ചെങ്കിലും കളിക്കാരും അവരുടെ പരിശീലനവും ഉഷാര്‍. ഒളിമ്പിക്സിന് തയാറെടുക്കുന്ന കളിക്കാര്‍ക്കായി പട്യാല, ബെംഗളൂരു കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ പരിശീലനം നടക്കുന്നത്. അതും കൊറോണ കാലത്തെ എല്ലാ നിര്‍ദേശങ്ങളും അനുസരിച്ചുകൊണ്ട്.
മറ്റു താരങ്ങള്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആണ്. അവര്‍ വീടുകളില്‍ പരിശീലനം തുടരുന്നു. പരിശീലകര്‍ വീഡിയോയിലൂടെ നിരീക്ഷിച്ചു വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കും. കായിക ക്ഷമതയും ഫിറ്റ്നസ്സും നിലനിര്‍ത്താനുള്ള വര്‍ക്കൗട്ടുകളാണ് പ്രധാനമായും നടക്കുന്നത്. അത്ലറ്റുകള് വീട്ടുമുറ്റത്തോ വീട്ടിനകത്തോ വേണം പരിശീലനം നടത്താന്‍. വീട്ടു പരിസരംവിട്ടു പുറത്ത് പോകരുതെന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സായിയുടെ തിരുവനന്തപുരം റീജണല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ പറഞ്ഞു.
ലോക്ഡൗണ്‍ വന്ന ഉടന്‍ തിരുവനന്തപുരം കേന്ദ്രത്തിലെ എല്ലാവരെയും വീട്ടിലയച്ചു. കളിക്കളങ്ങളില്‍ ആളൊഴിഞ്ഞു. പരിശീലകര്‍ വീഡിയോ ചര്‍ച്ചകളിലൂടെ ആശയങ്ങള്‍ കൈമാറും. കുട്ടികളുടെ പ്രകടനം ചര്‍ച്ചചെയ്തു വിലയിരുത്തുകയും ചെയ്യും. പരിശീലകര്‍ക്കായി ക്ലാസ്സുകളും നടക്കുന്നുണ്ട്.
വിവിധ സെന്ററുകളിലെ ഡയറക്ടര്‍മാരുമായി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ഇടയ്ക്കിടെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചര്‍ച്ചയും വിലയിരുത്തലും നടത്തും. ഫലത്തില്‍, കൊറോണയെക്കാള്‍ മുന്നില്‍ ഓടുകയാണ് കായിക രംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: