ന്യൂയോര്‍ക്ക്: ട്രംപും ലോകാരോഗ്യസംഘടനയും തമ്മില്‍ വാക്പോര് മുറുകുന്നു. വൈറസ് പ്രതിസന്ധിയെ രാഷ്ട്രീയവത്കരിക്കരുതെന്ന ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസിന്റെ പ്രതികരണത്തിന് മറുപടി നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ സംഘടന പരാജയപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവനയോട് ഗെബ്രയേസസ് ഇന്നലെ പ്രതികരിച്ചിരുന്നു. വൈറസിനെ രാഷ്ട്രീയവത്കരിക്കരുത്. കൂടുതല്‍ ശവശരീരങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അതാണ് നല്ലത്. കൊറോണ രാഷ്ട്രീയത്തെ ക്വാറന്റൈന് ചെയ്യൂ എന്നായിരുന്നു ഗെബ്രയേസസിന്റെ പ്രതികരണം.
എന്നാല്‍, താനല്ല ഗെബ്രയേസസാണ് വിഷയം രാഷ്ട്രീയവത്കരിക്കുന്നതെന്നും സംഘടന ചൈനയോട് പ്രീതി കാട്ടുന്നുവെന്നും ട്രംപ് വൈറ്റ്ഹൗസിലെ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വിശ്വസിക്കാനാകുന്നില്ല. അമേരിക്ക 450 ദശലക്ഷം ഡോളര്‍ സംഘടനയ്ക്ക് വേണ്ടി ചെലവാക്കിയപ്പോള്‍ ചൈന 45 ദശലക്ഷം മാത്രമാണ് ചെലവാക്കിയത്.
എന്നിട്ടും എല്ലാം ചൈനയുടെ വഴിക്കാണ് നടക്കുന്നത്. അതു ശരിയല്ല. തങ്ങളോട് മാത്രമല്ല ലോകത്തോടു മുഴുവന്‍ കാട്ടുന്ന അനീതിയാണത്, ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടന കൃത്യമായ കണക്കുകള്‍ നല്കിയിരുന്നെങ്കില് കൊറോണ വൈറസ് ബാധയില്‍ ലക്ഷം പേര് മരിക്കുമായിരുന്നില്ലെന്നും ട്രംപ് സൂചിപ്പിച്ചു. ലോകാരോഗ്യ സംഘടന തലവന്‍ രാജിവയ്ക്കണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരം മാറ്റങ്ങള്‍ക്കുള്ള സമയമല്ല ഇതെന്ന് യുഎസ് വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: