കോഴിക്കോട്: കോവിഡ് രോഗം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ച് കോറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ചികിത്സ നല്‍കുന്നതിനുള്ള കോണ്‍വലസെന്റ് സെറ ചികിത്സാ പ്രോട്ടോക്കോളിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്റിസര്ച്ച് അനുമതി നല്‍കിയതായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ടാസ്ക് ഫോഴ്സ് അംഗവും ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യനുമായ ഡോ. അനൂപ്കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
ഈ രംഗത്ത്പരീക്ഷണാത്മക തെറാപ്പി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. രോഗം ഭേദമായവരില്‍ നിന്ന് പ്ലാസ്മ സ്വീകരിക്കുന്നതിന് ഡ്രഗ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ നിലവിലുള്ള നിബന്ധനകളില്‍ അയവ് വരുത്തേണ്ടതുണ്ട്. രക്തം സ്വീകരിക്കുന്നതിന് 3 നിബന്ധനകളാണ് നിലവിലുള്ളത്. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരിക്കരുത്, മൂന്ന് മാസത്തിനിടയില്‍ പനി മുതലായ അസുഖങ്ങള്‍ ഉണ്ടാകരുത്, മൂന്ന് മാസത്തിനിടയില്‍ രക്തദാതാവ് വിദേശത്ത് യാത്ര ചെയ്യാത്ത ആളായിരിക്കണം എന്നീ നിബന്ധനകളാണ് നിലവിലുള്ളത്. കൊറോണ രോഗം ഭേദമായവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവ് വരുത്തിയാലേ പ്ലാസ്മ ശേഖരിക്കാനാകൂ. ഇത് ലഭിച്ചാലുടനെ തുടര്‍ നടപടികള്‍ ഉണ്ടാവും. ഒരാള്‍ക്ക് 8 രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനാവും.
വിവിധതരത്തിലുള്ള വൈറസ്കള്ക്കെതിരെ പ്ലാസ്മ ചികിത്സാരീതി പ്രയോഗിച്ചിരുന്നുവെങ്കിലും ഫലപ്രദമാണെന്ന് തെളിഞ്ഞത് കൊറോണ രോഗത്തിനാണ്. വിവിധ രാജ്യങ്ങളില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് പ്ലാസ്മ ചികിത്സ രീതി ഉപയോഗിക്കുന്നുണ്ട്.രോഗം ഭേദമായവര്‍ക്ക് ആവശ്യമായബോധവല്ക്കരണം നല്കി പ്ലാസ്മ ദാനം ചെയ്യാന്‍ തയാറാക്കും. ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയട്ട് ഫോര്‍ മെഡിസിന് വിഭാഗം മേധാവി ദേബാശിഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് ചികിത്സാരീതി നടപ്പാക്കുക.
ആന്റിബോഡി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാലാണ് നടത്തുക.എന്നാല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇതിനാവശ്യമായ ഉപകരണങ്ങള്‍ എത്തിക്കാന്‍ വ്യോമഗതാഗതത്തിനുള്ള തടസങ്ങളും ഒഴിവാകണം അദ്ദേഹം പറഞ്ഞു.ഡോ.ബി.ഇക്ബാല്‍ ചെയര്‍മാനായ വിദഗ്ദ്ധ സമിതി രൂപീകരിച്ച ടാസ്ക് ഫോഴ്സ് ചെയര്‍മാനാണ് ഡോ.അനൂപ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: