തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്ന ലോക നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ചിത്രം കൂടി ചേര്‍ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ്ങിലെ രാഷ്ട്രീയം വ്യക്തമാണെന്ന് രാഷ്ട്രീയ സംവാദകന് ശ്രീജിത് പണിക്കര്‍. മാധ്യമങ്ങള്‍, പ്രത്യേകിച്ചും പത്ര മാധ്യമങ്ങള്‍, നിസ്സാരമെന്നു തോന്നുന്ന ചില കണക്കുകളിലൂടെ നടത്തുന്ന ഒരു സോഷ്യല്‍ എന്‍ജിനീയറിങ് പരിപാടി ഉണ്ട്. ഇന്ത്യയുടെ കോവിഡ് കണക്കുകളുടെ ശരാശരിയിലും മികച്ചതാണ് കേരളത്തിന്റെ കണക്കുകള്‍ എന്നൊരു പൊതുബോധം ആള്‍ക്കാരില്‍ സൃഷ്ടിക്കുക എന്നതാണ് അതെന്നും ശ്രീജിത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം- മാധ്യമങ്ങള്‍, പ്രത്യേകിച്ചും പത്ര മാധ്യമങ്ങള്‍, നിസ്സാരമെന്നു തോന്നുന്ന ചില കണക്കുകളിലൂടെ നടത്തുന്ന ഒരു സോഷ്യല്‍ എന്‍ജിനീയറിങ് പരിപാടി ഉണ്ട്. ഇന്ത്യയുടെ കോവിഡ് കണക്കുകളുടെ ശരാശരിയിലും മികച്ചതാണ് കേരളത്തിന്റെ കണക്കുകള്‍ എന്നൊരു പൊതുബോധം ആള്‍ക്കാരില്‍ സൃഷ്ടിക്കുക എന്നതാണ് അത്.
കോവിഡിനെ പ്രതിരോധിക്കുന്ന ലോക നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ചിത്രം കൂടി ചേര്‍ക്കുന്ന സ്ഥലത്താണ് ഈ സോഷ്യല്‍ എന്‍ജിനീയറിങ് നടക്കുന്നത്. ബൃഹത്തായ രാജ്യങ്ങളും ഒരു ചെറിയ സംസ്ഥാനവും തമ്മിലാണ് താരതമ്യം എന്നതൊക്കെ വായനക്കാര്‍ മറക്കണം എന്നതാണ് അതിനു പിന്നിലെ രാഷ്ട്രീയം.ഇന്ത്യ കളി ജയിച്ചാലും തോറ്റാലും മലയാളി ക്രിക്കറ്റ് താരം സെഞ്ച്വറി നേടി എന്ന നിര്‍ദ്ദോഷമായ തലക്കെട്ട് പോലെയേ ഈ പ്രാദേശിക നേട്ടത്തിന്റെ റിപ്പോര്‍ട്ടിങ് ആള്‍ക്കാര്‍ക്ക് അനുഭവപ്പെടാവൂ എന്നതാണ് ഇതിന്റെ ടെക്നീക്.പക്ഷെ ഇതിനു പിന്നിലെ രാഷ്ട്രീയം നിസ്സാരമല്ല. ഉത്തര്‍ പ്രദേശിലെയും ഗുജറാത്തിലെയും ഏതു വില്ലേജ് തലത്തിലും ഉണ്ടാകുന്ന നെഗറ്റീവ് വാര്‍ത്തകളെ പര്‍വതീകരിച്ചു കാണിക്കുന്ന അതേ ടെക്നീക് ആണ് ഇതിനു പിന്നിലും. ഇനി, സംസ്ഥാന കണക്കിനു താഴെ ഒരു ഡിവിഷന് കൂടി കാണിച്ച് വീമ്പു പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല എന്നുള്ളത് ശ്രദ്ധിക്കൂ. ഇന്ത്യയിലെ സംസ്ഥാനങ്ങളെ തിരിച്ചു കണക്ക് കാണിച്ച് അഭിമാനം കൊള്ളുന്നതുപോലെ, സംസ്ഥാനത്തെ ജില്ലാ അടിസ്ഥാനത്തില്‍ തിരിച്ചു കണക്ക് കാണിച്ച് അഭിമാനം കൊള്ളാന്‍ ഇവര്‍ നോക്കുന്നുണ്ടോ? ഇല്ല.
കാരണം, ജില്ലകളിലെ കണക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ മേല്പറഞ്ഞ രാഷ്ട്രീയത്തെ പ്രതികൂലമായി ബാധിക്കും. ‘കോട്ടയത്തെ കാര്യങ്ങള്‍ ഭേദമാണ്, പക്ഷെ കാസര്‍ഗോഡ് ഉള്ളത് അങ്ങനെയല്ലല്ലോ’ എന്നു വായനക്കാരന് ചിന്തിച്ചാല്‍ ഈ ടെക്നീക് പൊളിയും. കാരണം അപ്പോള്‍ അവനു സംസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സംശയം തോന്നും. അതുകൊണ്ട് അത് പ്രത്യേകം മാത്രമേ കാണിക്കൂ. അതായത്, അവന് ‘കേരളത്തിലെ കാര്യങ്ങള്‍ ഭേദമാണ്, പക്ഷെ ഇന്ത്യയിലേത് അങ്ങനെയല്ലല്ലോ’ എന്നു മാത്രമേ ചിന്തിക്കാന്‍ പാടുള്ളൂ.
ജില്ലാ തലത്തിലേക്ക് പോയാല്‍ അവിടെ കാര്യങ്ങള്‍ നടത്തുന്നവരുടെ കാര്യക്ഷമത എന്നതിലേക്ക് വായനക്കാരന്റെ ചിന്ത പോകും എന്നതിനാല്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നതാണ് മറ്റൊരു കാരണം. പത്രങ്ങള്‍ ഇനി കുറച്ചുകൂടി പ്രാദേശിക വാദം കാണിച്ച് നോക്കൂ. പ്രിന്റ് എഡിഷനുകള്‍ തിരിച്ചു കണക്കുകള്‍ കാണിച്ച്, ഞങ്ങളാണ് മികച്ചത് എന്നു പറഞ്ഞു നോക്കൂ. ചെയ്യില്ല. അതാണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: