മുക്കം: കോവിഡിനെതിരെ പൊരുതുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ മൊട്ടയടിക്കല്‍ ചലഞ്ച് ഏറ്റെടുത്ത് ഒരു നാട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയാണ് ഡേവിഡ് വാര്‍ണര്‍ ചലഞ്ച് ചെയ്തിരുന്നത്. കൊടിയത്തൂരിലെയും പരിസരത്തെയും അന്‍പതിലധികം യുവാക്കളും കുട്ടികളുമാണ് ചലഞ്ചില്‍ പങ്കാളികളായത്.
സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിലും ഇതുവഴി ഇവര്‍ പങ്കാളികളായി. ട്രിമ്മര്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സഹായത്തോടെയാണ് ഓരോരുത്തരും മൊട്ടയടിക്കുന്നത്. ഡേവിഡ് വാര്‍ണറുടെ ചലഞ്ച് ഏറ്റെടുത്ത് മൊട്ടയടിച്ചതായി വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ചതോടെ പ്രദേശത്തെ കൂടുതല്‍ പേര് ഇതില്‍ പങ്കാളികളാവുകയായിരുന്നു.
അദ്ധ്യാപകരും ബിസിനസുകാരും വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. കൊറോണ കാലത്ത് വീടുകളില്‍ ഒതുങ്ങി കൂടുന്നതിനാല്‍ കൂട്ടുകാരുടെ കളിയാക്കലില്‍ നിന്നും രക്ഷപ്പെടാം. സ്വന്തമായി ട്രിമ്മര്‍ ഉള്ളവര്‍ വീട്ടിലുള്ള മറ്റുള്ളവരെയും മൊട്ടയടിച്ച് ഫ്രീക്കന്‍ ആക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചിട്ടതും ചൂട് കൂടിയതും മൊട്ടകളുടെ എണ്ണം കൂടാനും കാരണമായി. കുട്ടികള്‍ മുതല്‍ 45 വയസുകാരന് വരെ മൊട്ടയടിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൊട്ടയടിക്കല്‍ ട്രന്റ് സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: