ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് പരമ്പര നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച പാക് മുന്‍ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യയ്ക്ക് ക്രിക്കറ്റ് നടത്തി ഇപ്പോള്‍ പണമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് കപില്‍ദേവ് പറഞ്ഞു.
കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു മത്സര ഏകദിന പരമ്പര കളിക്കാമെന്നായിരുന്നു അക്തറിന്റെ ആശയം. അടച്ചിട സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്നും മത്സരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നുമായിരുന്നു അക്തറിന്റെ നിര്‍ദേശം.
എന്നാല്‍ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നാണ് കപില്‍ദേവ് പറയുന്നത്. നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബിസിസിഐ 51 കോടി രൂപ പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നല്കാന് ബി.സി.സി.ഐയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ ജീവന് രക്ഷിക്കുന്നതിനും രോഗബാധ കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനുമാകണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കപില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: