മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കുതകും വിധമുള്ള നിര്‍മിതികളെ പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണ് വാസ്തുവിദ്യ. വാസ്തുവിദ്യാ പരിണാമം ഒരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യരാശിയുടെ ചരിത്രമാകും.
വൃക്ഷങ്ങളായിരുന്നു
പുരാതന മനുഷ്യന്റെ പ്രധാന ജീവന സ്രോതസ്സുകള്‍. തദ്വിഷയത്തെ ദൃഢപെടുത്തുന്ന പുരാണ ശ്ലോകങ്ങള്‍ കാണാം. വൃക്ഷങ്ങള്‍ വാസത്തിനുള്ള ഇടങ്ങളും ഉടുക്കാന്‍ വസ്ത്രങ്ങളും ഭക്ഷിക്കാനുള്ള ഫലങ്ങളും അണിയാന്‍ ആഭരണങ്ങളും പൂക്കളെയും വീര്യം ആഗ്രഹിക്കുന്നവര്‍ക്ക് മധുവും പ്രദാനം ചെയ്യുന്നതിനാല്‍ വൃക്ഷങ്ങളെ ഗൃഹം എന്ന് വിളിക്കുന്നു. (മത്സ്യപുരാണം അദ്ധ്യായം 258).
പിന്നീട് പക്ഷിമൃഗാദികളെ പോലെ സ്വതസ്സിദ്ധമായ വാസന, ഗുഹകളിലേക്കും ഗൃഹപ്രാഗ് രൂപങ്ങളിലേക്കും അവനെ നയിച്ചു. പിന്നീട് അത് വൃക്ഷങ്ങളിലെ ഏറുമാടങ്ങളിലേക്കും പുല്ലുമേഞ്ഞ വീടുകളിലേക്കും മുള, ചെളി എന്നിവയില്‍ നിര്‍മിച്ച വീടുകളിലേക്കും പകര്‍ന്നു.
സമൂഹ ജീവിതവും ഗ്രാമീണ-നാഗരികതാ വളര്‍ച്ചയും ഉറപ്പുള്ള വീടുകള്‍ എന്ന ആശയത്തെ ശക്തിപ്പെടുത്തി. ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അതതിന്റെ ഗുണധര്മങ്ങള്ക്കനുസൃതമായി ശില്പിയുടെ സര്ഗവാസനകളനുസരിച്ചു നിര്‍മ്മാണങ്ങള്‍ പുരോഗമിച്ചപ്പോള്‍ വാസ്തുവിദ്യയും അതോടൊപ്പം വളര്‍ന്നു.
ബി സി അഞ്ചാം നൂറ്റാണ്ടിന് മുന്‍പ് വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ വാസ്തുവിദ്യ ലളിതസുന്ദരമായ പ്രാരംഭഘട്ടത്തിലായിരുന്നുവെന്ന് കാണാം. എല്ലാ തരത്തിലുമുള്ള ജ്യാമിതീയരൂപങ്ങളുടെയും ഉപയോഗത്തെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നു. മണ്ണ്, ഇഷ്ടിക, കല്ല്, മരം എന്നീ ദ്രവ്യങ്ങളെ ഉപയോഗിച്ചിരുന്നവരായിരുന്നു അവര്‍. പില്കാലത്താണ് വാസ്തുവിദ്യാ ശൈലിക്കനുസൃതമായി പൂര്ണതകളിലേക്കുള്ള വഴിയിലെത്തുന്നത്.
പല നിലകളിലുള്ള വലിയ നിര്‍മ്മിതികള്‍, മേല്‍ക്കൂരയുടെ ചട്ടക്കൂടുകള്‍, കമാനങ്ങള്‍, പ്രലംബിനികള്‍ തുടങ്ങിയ നൂതന നിര്‍മ്മാണ സങ്കേതങ്ങള്‍ സ്വീകരിക്കപ്പെട്ടു. അലങ്കാരങ്ങള്‍ക്കു പ്രാധാന്യമേറിയതും ഇക്കാലത്താണ്. ഭാരതീയ വാസ്തുവിദ്യ തത്വങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതും ഈ സുവര്‍ണ കാലത്താണ്.
ആവശ്യങ്ങള്‍ വര്‍ദ്ധിച്ചതിനനുസൃതമായി നിര്‍മ്മിതികള്‍ മാറി. കോണ്‍ക്രീറ്റും ഉരുക്കും മറ്റു ലോഹങ്ങളും ദ്രവ്യങ്ങളിലേക്ക് സ്വീകരിക്കപ്പെട്ടതോടെ കൂടുതല്‍ ആയാസരഹിതവും മനോഹരവും ബലമുള്ളതും ഈടുമുള്ളതുമായ നിര്‍മ്മാണങ്ങള്‍ സാധ്യമായി. വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായി കാലാവസ്ഥ, സൂര്യപ്രകാശം, ഭൂപ്രകൃതി, കാറ്റ്, ഭൂമിയുടെ ഘടന എന്നിവയെല്ലാം പരിശോധിച്ചറിഞ്ഞു കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ആധുനികകാലത്ത് കൂടുതല്‍ സാധ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: