കണ്ണൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാകുടിശ്ശിക പിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. കനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്കിന്റെ സോണല്‍ മാനേജരാണ് വായ്പകളുടെ കിട്ടാക്കടത്തിന്റെ അമ്പത് ശതമാനം 15 നകം പിരിച്ചെടുക്കണമെന്ന് ജീവനക്കാര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയത്.
ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച തിരക്കുകള്‍ കുറഞ്ഞതിനാല്‍ ജീവനക്കാര്‍ വായ്പ കുടിശ്ശിക നിര്‍ബന്ധമായി പിരിച്ചെടുക്കണമെന്നാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഈ നടപടി. ജനങ്ങളെ കൊണ്ട് വായ്പ എടുപ്പിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന വിചിത്രമായ നിര്‍ദേശവും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ലോക്ഡൗണിന്റെ സാഹചര്യത്തില്‍ ജീവനക്കാര്‍ താമസസ്ഥലത്തിന് ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ ജോലി ചെയ്താല്‍ മതിയെന്നും ഓരോ ഗ്രൂപ്പുകളായി ആഴ്ചയില്‍ മൂന്നു ദിവസം വീതം ജോലിക്കെത്തിയാല്‍ മതിയെന്നുമുള്ള നിര്‍ദേശം നടപ്പാക്കാനും സോണല്‍ മാനേജര്‍ അനുവദിച്ചിട്ടില്ല. എല്ലാവരും അവരവരുടെ ബ്രാഞ്ചുകളില്‍ ദിവസവും ഹാജരാകണമെന്നും അല്ലാത്തപക്ഷം അവധിയായി കണക്കാക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ജീവനക്കാരുടെ ജോലിസമയം ഉച്ചയ്ക്ക് രണ്ട് വരെയാക്കി ക്രമീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് കനറാ ബാങ്കിന്റെ കണ്ണൂര്‍ റീജ്യണല്‍ മാനേജര്‍. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയെന്ന സമയക്രമം പാലിക്കണമെന്നും ജീവനക്കാര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കിയിരിക്കുകയാണ് റീജ്യണല്‍ മാനേജര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: