കോഴിക്കോട്: ക്ഷേമനിധി ആനുകൂല്യങ്ങളുടെ പേരില്‍ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേരള പ്രദേശ് നിര്‍മാണ തൊഴിലാളി ഫെഡറേഷന് (ബിഎംഎസ്) പ്രസിഡന്റ് ഇ. ദിവാകരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊറോണ വ്യാപനം തടയുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും, ക്ഷേമ ബോര്‍ഡുകളും നിരവധി സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച ഒരു ക്ഷേമ ബോര്‍ഡും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ചിട്ടില്ല. എങ്ങനെ അപേക്ഷിക്കണം എന്നത് സംബന്ധിച്ച് അതാത് ബോര്‍ഡുകള്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയിട്ടുള്ളതാണ്. ലോക്ഡൗണ്‍ കാലയളവില്‍ യോഗം ചേരുകയോ അപേക്ഷാഫോറങ്ങള്‍ വിതരണം ചെയ്യുന്നതിന് വീടുകളില്‍ കയറി ഇറങ്ങുകയോ ചെയ്യേണ്ടതില്ല. അത്തരം നടപടികള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനവും രോഗവ്യാപനത്തിന് ഇടവരുത്തുന്നതുമാണ്.
നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ധനസഹായ തുക അര്‍ഹരായ എല്ലാ തൊഴിലാളികള്‍ക്കും പ്രത്യേക അപേക്ഷ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് മുഖേന അയയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് പിന്നീട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ആനുകൂല്യം അനുവദിക്കും. ലോക്ക് ഡൗണ്‍ സയമത്തെ കാലതാമസത്തിന്റെ പേരില്‍ ആര്‍ക്കും ആനുകൂല്യം നിഷേധിക്കുന്നില്ലെന്നും ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ ദിവാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: