ചെറുതുരുത്തി: കൊറോണ ഭീതിമൂലം പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് വീടുകളിലേയ്ക്ക് ആവശ്യ സാധനങ്ങള്‍ എത്തിച്ചു നല്കി സേവാഭാരതി പ്രവര്‍ത്തകര്‍. വരവൂര്‍, ദേശമംഗലം, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നായി നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് സേവനരംഗത്ത് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നത്.
ചെറുതുരുത്തി സേവാഭാരതിയുടെ കീഴിലുള്ള വിവിധ പഞ്ചായത്തുകളിലായി ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. പോലീസിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്നവര്‍ക്ക് സേവാഭാരതിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആശ്വാസമാകുന്നതായി നിരവധി പേര് അറിയിച്ചു.
വേനല്‍ കടുത്തതോടെ കുടിവെള്ളത്തിന് ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങള്‍ക്ക് വെള്ളം എത്തിച്ചു നല്കി. കൂടാതെ അറുപതോളം കുടുംബങ്ങള്‍ക്ക് ജീവന് രക്ഷാമരുന്നുകള്‍, അയ്യായിരത്തിലധികം മാസ്കുകള്‍, നാനൂറോളം ബോട്ടില്‍ സാനിറ്റെസര്‍ എന്നിവ വിതരണം ചെയ്തു. പന്ത്രണ്ടോളം പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുകയും മുപ്പതോളം സ്ഥലങ്ങളില്‍ വാഷിംഗ് പോയിന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായും സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു.
പരസഹായം ഇല്ലാത്ത വീടുകളിലുള്ളവര്‍ക്ക് റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി എത്തിച്ചു നല്കുന്ന പ്രവര്‍ത്തനം കൂടി സ്വയം ഏറ്റെടുത്തു നടത്തുകയാണ് ഇവര്‍. മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ സേവാഭാരതിയുടെ സേവനം ആവശ്യമുള്ള പൊതുജനങ്ങള്‍ക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളില്‍ ഏത് സമയത്തും ബന്ധപ്പെടാവുന്നതാണ് ഫോണ്‍: 9544855614 പി. പ്രശോഭ്, 9847976745 കെ.കെ.മുരളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: