കാസര്‍ഗോഡ്: കൊറോണ വൈറസിന് സംസ്ഥാനത്ത് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയില്‍. ദല്‍ഹി നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കാസര്‍ഗോഡിലെ മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശിക്കു കൊറോണ സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷമാണ്. ഇതിനെ തുടര്‍ന്നാണ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് ആശങ്ക ഉയര്‍ത്തുന്നത്.
രോഗം സ്ഥിരീകരിക്കുന്നതു വരെ ഇയാള്‍ മാസ്തിക്കുണ്ട് പള്ളിയില്‍ 2 ജുമുഅ നമസ്കാരങ്ങള്‍, അമ്മങ്കോട്ടെ വിവാഹം ഉള്‍പ്പെടെ ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. നിരീക്ഷണ കാലത്തു രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്റെ സ്രവം പരിശോധിച്ചത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതു കൊണ്ടാണ്.
സമ്മേളനത്തിനു മുന്നോടിയായ അനുബന്ധ പരിപാടിയില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിമാനത്തില്‍ കൊച്ചിയിലും തുടര്‍ന്നു ട്രെയിനില്‍ കാസര്‍ഗോഡും എത്തുകയായിരുന്നു. ഈ മാസം 4നാണു രോഗം സ്ഥിരീകരിച്ചത്. അപ്പോഴേക്കും 24 ദിവസം കഴിഞ്ഞിരുന്നു.
ട്രെയിന്‍ യാത്ര ജനറല്‍ കംപാര്‍ട്മെന്റിലായിരുന്നതിനാല്‍ സഹയാത്രക്കാരെ കണ്ടുപിടിക്കുക പ്രയാസമാകും. അതുകൊണ്ടുതന്നെ ഇയാളുടെ റൂട്ട്മാപ്പ് തയ്യാറാക്കുക പ്രയാസമാണ്. ഇത് പൂര്ണമാക്കാന് ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ഇദ്ദേഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ സുഹൃത്തിനെ കാര്യമായ രോഗലക്ഷണങ്ങളോടെ കഴിഞ്ഞദിവസം ജനറല്‍ ആശുപത്രിയിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: