സ്വാമി ഈശ
മുന്‍പൊന്നുമുണ്ടായിട്ടില്ലാത്തവിധം ലോകമെങ്ങും ജനസമൂഹം വിചിത്രമായൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയാണ്. അതിനെ നേരിടാനും അതിജീവിക്കാനുമൂള്ള കരുത്ത് ആര്‍ജിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന വലിയൊരു വെല്ലുവിളിയാണ് പ്രധാനമായും ഇന്ന് നമ്മുടെ മുന്നിലുള്ളത്.
ശബ്ദമുഖരിതമായ ലോകത്ത് കോവിഡും പ്രകൃതിയും അടിച്ചേല്‍പ്പിച്ച നിര്‍ബന്ധിത എകാന്തവാസക്കാലം ജനങ്ങളുടെ ശാരീരികവും ബൗദ്ധികവും മാനസികവുമായ പ്രതിരോധശേഷി ഊട്ടിയുറപ്പിക്കാന്‍ പൂര്‍ണമായും വിനിയോഗിക്കണം.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധപ്രസ്ഥാനങ്ങളും അതിന് മുന്‍കൈയെടുക്കണം.
മാനസിക സംഘര്‍ഷങ്ങള്‍ ജനങ്ങളുടെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.
സര്‍ഗാത്മകചിന്തകളും ക്രിയാത്മക മനോഭാവവും വളര്‍ത്തിയെടുത്താല്‍ മാത്രമേ ഈ പ്രതിസന്ധിയെ നമുക്ക് ഫലപ്രദമായി അതിജീവിക്കാന്‍ കഴിയൂ.
നിര്‍ബന്ധിത നിയന്ത്രണം നില നില്ക്കുന്ന ഈ കാലയളവില്‍ അതിനുള്ള ലളിതമായ ചില ഉപാധികളും സ്വാമി നിര്‍ദേശിക്കുന്നു.
1. ശാരീരിക പ്രതിരോധം: ശുദ്ധവും മധുരവും സ്നിഗ്ധവുമായ ആഹാരം– ആയുര്‍വേദശാസ്ത്രപ്രകാരം ജനങ്ങളുടെ ശാരീരിക പ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന പോഷക സമൃദ്ധമായ സാത്വികാഹാരത്തെക്കുറിച്ച് സര്‍ക്കാരിന്റെ ആരോഗ്യ സേവന ഉപദേഷ്ടാക്കള്‍ മുഖേനയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ജനങ്ങളില്‍ അവബോധം വളര്‍ത്തുകയും അവയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യണം. ഉദാഹരണമായി ഒരു സ്പൂണ്‍ തേനും അര സ്പൂണ്‍ നെയ്യും ചേര്‍ത്ത പാനീയം, കൂശ്മാണ്ഡരസായനം, അശ്വഗന്ധചൂര്‍ണമോ മഞ്ഞളോ ചേര്‍ത്ത് കാച്ചിയ പാല്, പാല്‍ക്കഞ്ഞി എന്നിവ പ്രതിരോധശേഷി ഉയര്‍ത്താന്‍ അത്യുത്തമമാണ്. പാക്കേജ്ഡ്, ഫാസ്റ്റ് ഫുഡ്ഡുകള്‍ക്ക് പകരം പാലും പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട സാത്വിക ഭക്ഷണക്രമത്തിലേക്ക് മാറണം. ഒപ്പം താമസികാഹാരത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണം. വീരാസനം, പൃഥ്വിമുദ്ര, നാഡിശുദ്ധി, പ്രാണായമം തുടങ്ങിയശരിയായ യോഗാസന, മുദ്ര പ്രാണായാമ മുറകള്‍ ശാരിരിക -മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും..
2. ബൗദ്ധിക പ്രതിരോധം.
ഓരോ വ്യക്തിയുടെയും ഇരുള്‍മയമായചിന്ത, മനോഭാവം, വികാരം എന്നിവയൊക്കെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ നിരാശാജനകമായ വാര്‍ത്തകളുടെയും വിവരങ്ങളുടെയും ആധിക്യം കുറച്ച് പകരം രോഗബാധിതരിലും നിരീക്ഷണത്തിലുള്ളവരിലും പ്രത്യാശയുണര്‍ത്തുന്ന സന്ദേശങ്ങള്‍ നല്കി അവരില്‍ ബൗധികപ്രതിരോധശേഷി വളര്‍ത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
സര്‍ഗാത്മക ചിന്തകളും വികാരങ്ങളും പ്രതിരോധശേഷിയും കര്മോന്മുഖതയും വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു ഉത്തമ ഉപാധിയാണ് ധ്യാനം. ഒരു ചിന്തയില്‍ രണ്ടു സെക്കന്‍ഡ് കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ അത് ധാരണയാകും. അതിന്റെ പന്ത്രണ്ടിരട്ടി സമയം വീണ്ടും കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ ധ്യാനമാവും. ലളിതമായ ധ്യാനമുറകള്‍ (ഉദാഹരണം: ദീപനാളത്തിലേക്ക് നേത്രങ്ങളെ കേന്ദ്രീകരിക്കുക) പ്രചരിപ്പിക്കുന്നതിലൂടെ ഏകാഗ്രത വളര്‍ത്തിയെടുക്കാനും കഴിയും. സാത്വിക ശബ്ദവും നല്ല മന്ത്രങ്ങളുമാണ് സദ്ചിന്തകളെ ഉദ്ദീപിക്കാനുള്ള അത്യുത്തമ മാര്‍ഗം. മന്ത്രോപാസന പ്രോത്സാഹിപ്പിക്കുന്നത് മാനസികമായ പ്രതിരോധശേഷി ഉയര്‍ത്തും. അതുപോലെ തന്നെ കല, സാഹിത്യം, സിനിമ തുടങ്ങിയ സര്‍ഗാത്മകരംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ജനങ്ങളെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളേയും യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മത്സരങ്ങള്‍ ഉള്‍പ്പെടെയൂള്ള വേദികള്‍ ഒരുക്കുന്നത് നന്നായിരിക്കും.
സമ്പര്‍ക്ക രഹിത നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒറ്റപ്പെടല്‍ മൂലമുണ്ടാകുന്ന മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് ആത്മവിശ്വാസവും ശുഭപ്രതീക്ഷയും സദ്ചിന്തകളും പ്രദാനം ചെയ്യുന്നതിന് സംവിധാനമൊരുക്കണം. സാമൂഹിക മാധ്യമങ്ങളെ അക്കാര്യത്തില്‍ പരമാവധി പ്രയോജനപ്പെടുത്തണം.
വേദകാലം മുതല്‍ നാം പിന്തുടര്ന്നുവന്ന സാത്വിക ശുചിത്വാചാരങ്ങള്‍ – നമസ്തെ അഭിവാദ്യം, ശവദാഹം, വീട്ടിലും പ്രവേശിക്കുന്നതിനു മുന്‍പ് കാലും കൈകളും കഴുകുന്ന ശീലം തുടങ്ങിയവയുടെ മഹത്വവും പ്രാധാന്യവും ലോകമെമ്പാടുമുള്ള ജനങ്ങളെ, പ്രത്യേകിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമാണിത്. നല്ല ബുദ്ധിക്ക് നല്ല ചിന്ത.
3. മാനസിക / വൈകാരിക പ്രതിരോധം:
മാനസിക (വൈകാരിക)പ്രതിരോധശേഷി വളര്‍ത്തുകയാണ് അനിവാര്യമായ മറ്റൊരു കാര്യം. വിക്ഷുബ്ധമായ ചിന്തകള്‍ വളര്‍ത്തുന്ന ഉപരിപ്ളവമായ പരിപാടികള്‍ ഒഴിവാക്കി മനസ്സിനെ എപ്പോഴും ശുദ്ധവും ക്രിയാത്മകവുമാക്കി നിലനിര്‍ത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇവയിലൂടെ ഓരോ വ്യക്തിയുടെയും ജീവോര്‍ജം ശക്തിപ്പെടുത്താനാകും. വികാര വിചാരങ്ങളും ശാരീരികാരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
മാനസിക-വൈകാരിക ഉന്മേഷം പകരുന്ന കലാപരിപാടികള്‍ ടെലിവിഷനിലൂടെയും ഇതര ഇലക്ട്രോനിക് മാധ്യമങ്ങളിലൂടെയും പരമാവധി ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണം. അതുപോലെ സ്നേഹം, കരുണ, ദയ, സഹനം തുടങ്ങിയ മാനുഷികമൂല്യങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കേണ്ട കാലമാണീത്. അവ വളര്‍ത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം
ജനങ്ങള്‍ക്ക് ദിവസവും സ്വന്തം ശാരീരിക – ബൗദ്ധിക- മാനസികാരോഗ്യം സ്വയം വിലയിരുത്തുന്നതിനും സദ്ഭാവനാശേഷി പരീക്ഷിക്കുന്നതിനും അനുയോജ്യമായ ഒരുപാധി വികസിപ്പിച്ചെടുക്കുന്നത് നന്നായിരിക്കും. അതിലൂടെ തങ്ങളുടെ പ്രതിരോധശേഷി വളര്‍ത്തിയെടുക്കാന്‍ ശീലിക്കേണ്ട ഉപായങ്ങള്‍ തിരിച്ചറിയാനും പരിശീലിക്കാനും അതവരെ പ്രാപ്തരാക്കും. ദിവസവും രണ്ടുനേരം – രാവിലെയും വൈകുന്നേരവും സാര്‍വദേശീയ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി ചിന്തിക്കാനും പ്രാര്‍ഥിക്കാനും സമയം കണ്ടെത്തണം. ഇവ രണ്ടും വൈകാരികാരോഗ്യം മെച്ചപ്പടുത്താന്‍ സഹായകമാവും.
ദീര്‍ഘകാല പരിഹാരങ്ങള്‍
ഇതോടൊപ്പം തന്നെ ദീര്‍ഘകാല പരിഹാരങ്ങളെക്കുറിച്ചും നാം ഇപ്പോള്‍ തന്നെ ചിന്തിക്കേണ്ടതുണ്ട്. ഈ മഹാമാരിയുടെ യഥാര്‍ഥ കാരണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ മാത്രമേ ദീഘകാല പരിഹാരങ്ങള്‍ കണ്ടെത്താനാകൂ. ഇത് വെറുമൊരു ഭൗതിക പ്രതിഭാസമാണെന്ന് തോന്നാം. എന്നാല്‍ അതിന്റെ വേരുകള്‍ നമ്മുടെ വിനാശകരമായ ചിന്തകളിലാണ്. കോവിഡ് 19 ജൈവായുധമായി മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കിലും പ്രകൃതിക്കു നേരെയുള്ള കടന്നുകയറ്റത്തിന്റെ ഉപോല്‍പ്പന്നമാണെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. ഇത് തെറ്റായ വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പരിണിതഫലമാണ്. പുരാതനകാലത്ത് യുദ്ധങ്ങള്‍ മുഖാമുഖമായിരുന്നു. പിന്നീടത് നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയായി. അതിന്ന് ശൂന്യാകാശം വരെയെത്തി. പോരാഞ്ഞ് സര്‍വസംഹാരിയായ ജൈവായുധങ്ങളും വികസിപ്പിച്ചെടുത്തു.ഇവയെല്ലാം തന്നെ നമ്മുടെ ആന്തരിക തലങ്ങളേയും തച്ചുതകര്‍ത്തു. അതാണ് മറ്റെല്ലാറ്റിനെക്കാളും മാരകം. ഇന്ന് നാം നേരിടുന്ന പ്രധാന പ്രതിസന്ധിയും അതു തന്നെയാണ്. പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും മേല്‍ സ്വാര്‍ഥനായ മനുഷ്യന് വീണ്ടുവിചാരമില്ലാതെ നടത്തുന്ന വിനാശകരമായ കടന്നു കയറ്റവും ആധിപത്യവും ആണ് ആത്യന്തികമായി എല്ലാമേഖലകളിലും ഇന്നു നാം നേരിടുന്ന ജ്ഞാതവും അജ്ഞാതവുമായ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ലോകം ഇന്ന് തിരിച്ചറിയുന്നു. മനുഷ്യ മനസ്സിനുള്ളിലെ മാലിന്യങ്ങളെ തുടച്ചുനീക്കാനും ശരിയായ വിദ്യാഭ്യാസത്തിലൂടെ വിനാശകരമായ വികസന സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ക്കാനും കഴിഞ്ഞാല്‍ മാത്രമെ നമുക്ക് ഈ ഗര്‍ത്തത്തില്‍ നിന്ന് കരകയറാന്‍ കഴിയൂ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആന്തരിക ബന്ധം അറ്റുപോകാന്‍ മുഖ്യകാരണം നമ്മുടെ അറിവിലും വിദ്യാഭ്യാസത്തിലും ഉണ്ടായിരിക്കുന്ന അപകടകരമായ മൂല്യച്ച്യുതിയാണ്. ഇതു തിരിച്ചറിഞ്ഞാണ് ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റ് സമ്പൂര്‍ണ വിദ്യാഭ്യാസ പദ്ധതിക്കും 2010 ല്‍ ഗ്ളോബല്‍ എനര്‍ജി പാര്‍ലമെന്റിനും രൂപം നല്‍കിയത്. ഐ-തിയറി എന്ന അടിസ്ഥാനപ്രമാണത്തിന്റെ പ്രായോഗികരൂപങ്ങള്‍ ആവിഷ്ക്കരിക്കുന്നതിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് നടന്ന എനര്‍ജി പാര്‍ലമെന്റുകളില്‍ ക്രിയാതമകമായ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ദീഘകാലാടിസ്ഥാനത്തില്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് സ്ഥായിയായ പരിഹാരമന്വേഷിക്കുമ്പോള്‍ അത്തരം ശുപാര്‍ശകള്‍ കൂടി നാം കണക്കിലെടുക്കേണ്ടതാണ്. സമ്പൂര്‍ണമായ അവബോധം സാധ്യമാക്കുന്ന വിദ്യാഭ്യാസ പരിഷ്ക്കരണത്തില്‍ കൂടി മാത്രമേ പുതിയ തലമുറയില്‍ ശരിയായ ജീവിതാവബോധവും ദര്‍ശനങ്ങളും രൂപപ്പെടുത്താനാവൂ. ഈശ വിശ്വവിജ്ഞാനട്രസ്റ്റ് ഈ രംഗത്ത് നടത്തിയ പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും പ്രദാനം ചെയ്യുന്ന ഉള്‍ക്കാഴ്ച അതു തന്നെയാണ്. മാനവശേഷി മന്ത്രാലയം ഈ ആശയം ഗൗരവപൂര്‍വം കണക്കിലെടുക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രത്യാശ.
കോവിഡ് 19നെ നമ്മള് അതിജീവിക്കും. എന്നാല്‍ അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പിന്നെയും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അതില്‍ നിന്ന് മോചനം നേടാന്‍ നാം ശാശ്വതമായ മാര്‍ഗങ്ങള്‍ തേടിയേ കഴിയൂ.
വസ്തുക്കളുടെയും സംഭവങ്ങളുടെയും ലോകമായ ഈ ഭൗതിക യാഥാര്‍ഥ്യം (physical reality) നിലനില്‍ക്കുന്നത് ഊര്‍ജം ദ്രവ്യമായി മാറുന്ന ക്വാണ്ടം യാഥാര്‍ഥ്യത്തിലാണ്. ഈ ക്വാണ്ടം മൂന്ന് വ്യത്യസ്ത ആവൃത്തിയില്‍ കമ്പനം ചെയ്യുന്ന സ്പന്ദന കാലിലാണ്. ആ കാലാണ് ഐ സ്പന്ദനം. കമ്പനാവൃത്തി കൂടുമ്പോള്‍ കറുപ്പും കുറയുമ്പോള്‍ വെളുപ്പും മധ്യമാവൃത്തിയില്‍ ചുവപ്പും. കറുത്ത സ്പന്ദനാധിക്യമുള്ള ചിന്ത അഹിതമായ വികാര കര്‍മത്തിലേക്കും വെളുത്ത സ്പന്ദനാധിക്യമുള്ള ചിന്ത ഹിതവികാരകര്‍മത്തിലേക്കും നയിക്കുന്നു. ഇന്നത്തെ ദുരന്തം ഇരുട്ടാധിക്യമുള്ള മനുഷ്യചിന്തയുടെ അനന്തരഫലമാണ്. കാലദേശാധിഷ്ഠിതമായ സുഖദു:ഖ സമ്മിശ്രമായ സ്പന്ദന ലോകത്തില്‍ നിന്ന് നിഷ്പന്ദമായ പൂര്‍ണാനന്ദ(ബോധ)ത്തിലേക്കുള്ള യാത്രയാണ് മനുഷ്യജീവിതം, സ്പന്ദനത്തില്‍ ജനിച്ച്, സ്പന്ദനത്തില്‍ ജീവിച്ച് സ്പന്ദിക്കാന്‍ മരിക്കലല്ല, എന്ന കല്‍പ്പിത യാഥാര്‍ഥ്യം ഇന്നത്തെ മനുഷ്യന് മറന്നുപോയിരിക്കുന്നു. അതിനുള്ള വെളിച്ചമായി ഈ ഏകാന്തതയെ മാറ്റാന്‍ മാനവരാശിക്കു കഴിയുമാറാകട്ടെ.
നിത്യം ആവര്‍ത്തിക്കാന്‍
1. രാവിലെ ഉണര്‍ന്നയുടന്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പത്തു പ്രാവശ്യം ദീര്‍ഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.
2. കടന്നുവരുന്ന ചിന്തകള്‍ നല്ലതാണോ, ചീത്തയാണോ എന്ന് ശ്രദ്ധിക്കുക.
3. ചീത്ത ചിന്തയാണെങ്കില്‍ നല്ല ചിന്തയെ അറിഞ്ഞുകൊണ്ട് ചിന്തിക്കാന്‍ പഠിപ്പിക്കുക.
4.എന്തു വികാരമാണ് കടന്നുവരുന്നതെന്ന് ചിന്തിക്കുക
5.ചീത്ത വികാരമാണെങ്കില്‍ നല്ല വികാരത്തിനു വേണ്ടി നല്ല വികാരാധിക്യമുള്ള ചിന്തയെ ചിന്തിക്കുക
6. ദീര്‍ഘമായി ശ്വാസമെടുത്ത് നിവര്‍ന്ന് രണ്ടു സെക്കന്റ് കഴിഞ്ഞ് ശ്വാസം വിട്ട് കുനിയുക (ഒന്‍പതു പ്രാവശ്യം)
7. കാല് നിവര്‍ത്തിവച്ച് തള്ളവിരല്‍ മുതല്‍ ശിരസ്സു വരെ കൈകൊണ്ട് മെതുവെ ഉരസി പാദാദികേശം ഉണര്‍വുള്ളതാക്കി മാറ്റുക.
8. വജ്രാസനത്തിലിരുന്ന് പ്രകാശത്തെ മൂന്ന് മിനിറ്റ് ധ്യാനിക്കുക
9. ധ്യാനം അവസാനിക്കുമ്പോള്‍ നല്ല ചിന്തയും നല്ല മനസ്സും നല്ല ശരീരവും നല്ല കര്‍മവും ചെയ്യാന്‍ തന്നെയും സര്‍വജനങ്ങളെയും പ്രാപ്തമാക്കാന്‍ ബോധത്തോട് പ്രാര്‍ഥിക്കുക.
മനുഷ്യനാകാനുള്ള മന്ത്രം –
‘ഞാന്‍ വളര്‍ന്നാല്‍ ഈ ലോകം
ലോകം ചുരുങ്ങിയാല്‍ ഈ ഞാന്‍
വളരാത്ത, ചുരുങ്ങാത്ത ഞാന്‍ ബോധം”
ഓം ശാന്തി: ശാന്തി: ശാന്തി:
പ്രതികരിക്കാൻ ഇവിടെ എഴുതുക: