ആലപ്പുഴ: രാജ്യത്ത് കൊറോണ സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാന്‍ എല്ലാവരും ഇന്ന് രാത്രി ഒന്‍പതിന് ഒന്‍പത് മിനിട്ട് നേരം വീടുകളില്‍ ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജനങ്ങള്‍ പൂര്‍ണ മനസോടെ ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കണമെന്ന് എസ്എന്‍ഡിപി യോഗം ആവശ്യപ്പെട്ടു. സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചായിരിക്കണം ദീപം തെളിക്കേണ്ടത്. ആരും വീടിന് പുറത്തിറങ്ങരുത്. വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോനിന്ന് ദീപം തെളിക്കണം. ഇതോടെ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഏക മനസോടെയാണ് കൊറോണയെ നേരിടുന്നതെന്ന സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കാനാകുമെന്നും എസ്എന്‍ഡിപി യോഗം വ്യക്തമാക്കി.
തെളിയട്ടെ ഐക്യദീപം: തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി: കൊറോണ പ്രതിരോധനടപടികള്‍ക്ക് പിന്തുണ പ്രകടിപ്പിക്കാന്‍ ഇന്ന് എല്ലാ കേരളീയരും ഐക്യദീപം തെളിക്കണമെന്ന് ബിഡിജെഎസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു. ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ് വീടുകളില്‍ ദീപം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം നമുക്ക് പ്രചോദനമാകണം.
ഒരു ജനതയുടെ പ്രകാശമായി ഇത് മാറണം. മാനവരാശിക്ക് തന്നെ ഭീഷണിയായ ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയും കേരളവും കൈക്കൊള്ളുന്ന നടപടികളെ ലോകം പ്രതീക്ഷയോടെ കാണുന്ന കാലമാണിത്. വൈറസിനെതിരായ യുദ്ധം ജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മലയാളികളും സര്‍വാത്മനാ പിന്തുണ നല്‍കണം. രാജ്യത്ത് ആരും ഇക്കാര്യത്തില്‍ ഒറ്റപ്പെടുന്നില്ലെന്ന് തെളിയിക്കാന്‍ ഐക്യദീപം വഴിയൊരുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: