തൃശൂര്‍ : കൊറോണ പ്രതിരോധ ലോക്ക് ഡൗണിന്റെ ഭാഗമായി തുറന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചനുകള്‍’ ആയി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്മ്യൂണിറ്റി കിച്ചനുകളും സിപിഎം നിയന്ത്രണത്തില്‍. രാഷ്ട്രീയ കളികള്‍ക്കും നേട്ടത്തിനുമായി ഇവയെ ഉപയോഗിച്ച് വല്യേട്ടന് ചമയുകയാണ് സിപിഎം. പാര്‍ട്ടി ഫണ്ട് ഉണ്ടാക്കുന്നത്തിനുള്ള മാര്‍ഗമായാണ് കിച്ചണിനെ സിപിഎം കാണുന്നത്.
കിച്ചണിനായി അനുവദിക്കുന്ന ഫണ്ട് ഇതിനായി ഒരിടത്തും ചെലവഴിക്കുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കിച്ചണുകളും സമ്പൂര്‍ണ പരാജയമാണ്. ഭക്ഷണ വിതരണത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ കിച്ചണിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.
ജില്ലയില്‍ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലുമായി നിരവധി കമ്മ്യൂണിറ്റി കിച്ചന് തുറന്നിട്ടുണ്ട്. എല്ലായിടത്തും മേല്‍നോട്ടം സിപിഎം നേതാക്കളും അണികളുമാണ് . തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മുഖം നോക്കി ആണ് എല്ലാ കിച്ചണില്‍ നിന്ന് ഭക്ഷണം വിതരണം ചെയുന്നത്.
എല്ലായിടത്തും പ്രതിപക്ഷത്തെ കിച്ചണിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം സഹകരിപ്പിക്കുന്നില്ല. എല്ലാ കിച്ചനുകളും സിപിഎം കയ്യടക്കി വെച്ചിരിക്കുകയാണ് . എല്ലായിടത്തും മറ്റു പാര്‍ട്ടി പ്രവര്‍ത്തരെ ഇവിടേക്ക് സിപിഎം അടുപ്പിക്കുന്നില്ല. പല സ്ഥലങ്ങളിലും കിച്ചണിനു പകരം സിപിഎമ്മിനു കീഴിലുള്ള സംഘടനകളിലേക്ക് ആണ് പണം എത്തുന്നത് . ഇതിനാല്‍ ആവശ്യത്തിനു പണം ഇല്ലാത്ത കാരണം പല കിച്ചണുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.
തനത് ഫണ്ടിനു പുറമേ പ്ളാന്‍ ഫണ്ടില്‍ നിന്നും പണം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ലഭിക്കുന്നില്ല എന്നാണ് ഗ്രാമപഞ്ചായത്തുകള്‍ പരാതിപ്പെടുന്നത്.
സിപിഎം ഭരിക്കുന്ന വിവിധ സഹകരണ സംഘങ്ങളില്‍ നിന്നും സംഘടനകള്‍ക്ക് പണം ലഭിക്കുന്നുണ്ട്. എല്ലാം സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് ആണ് പോകുന്നത്. ലക്ഷങ്ങള്‍ ഇങ്ങനെ സിപിഎം ഫണ്ടിലേക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞു. സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ 5 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 1800 പേര്‍ക്കുള്ള ഭക്ഷണം ആണ് ഇവിടെ തയ്യാറാക്കുന്നത്. വലിയാലുക്കലില്‍ കുടുംബശ്രീയുടെ കിച്ചനും ഉണ്ട്. 20 രൂപയാണ് ഊണിനു വില. പാഴ്സല്‍ ആയി എത്തിന്നതിനു 25 രൂപ.
കോര്‍പറേഷനു കീഴിലുള്ള വിവിധ ക്യാമ്പുകളില്‍ 600ഓളം പേര് കഴിയുന്നുണ്ട്. ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, അയ്യന്തോള്‍ ഗവ. സ്കൂള്‍, വില്‍വട്ടം ഗവ. സ്കൂള്‍, തൃശൂര്‍ മോഡല്‍ ബോയ്സ്, മോഡല്‍ ഗേള്‍സ് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ആണ് ക്യാമ്പ്. രാവിലെ പുട്ട്, ഇഡലി, ദോശ എന്നിവയാണ് നല്‍കുക. ചിലയിടത്തു കഞ്ഞിയാണ്. ഉച്ചക്ക് എല്ലായിടത്തും ഊണ്. സാമ്പാര്‍, ഉപ്പേരി, അച്ചാര്‍ എന്നിവ കറികള്‍. രാത്രിയില്‍ ചിലപ്പോള്‍ ക്യാമ്പില്‍ ചപ്പാത്തി ആണ് നല്‍കുന്നത്.
5 ദിവസത്തിനുള്ളില്‍ 5 ലക്ഷം രൂപ ചെലവു വന്നതായി കോര്പറേഷന് അധികൃതര്‍ പറയുന്നു. എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എല്ലാ ദിവസവും വിവിധ സംഘടനകളും വ്യക്തികളും അരിയും പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കാളും സംഭാവനയായി നല്‍കുന്നുണ്ട്. ഇതിനാല്‍ കോര്പറേഷന് തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കേണ്ട ആവശ്യം വരുന്നില്ല. ഇതിനു പുറമെ സാമ്പത്തിക സഹായവും പ്രമുഖ വ്യക്തികള്‍ നല്‍കുന്നുണ്ട്. പലരും വന്‍ തുകയാണ് സംഭാവനയായി നല്‍കുന്നത് . അതിനാല്‍ കോര്‍പറേഷനിലും കമ്മ്യൂണിറ്റി കിച്ചന് ഇപ്പോള്‍ ‘കമ്മ്യൂണിസ്റ്റ് കിച്ചന്’ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: