കര്‍ണാടക സംസ്ഥാനം മംഗലാപുരം അതിര്‍ത്തി അടച്ച സംഭവം ഇപ്പോള്‍ സുപ്രീം കോടതിയിലെത്തി നില്‍ക്കുകയാണ്. വിഷയം രമ്യമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്ന സാധാരണക്കാരായ ജനങ്ങളും ഈ നിര്‍ദ്ദേശത്തിനൊപ്പമാണെന്നതില്‍ തര്‍ക്കമില്ല. രണ്ട് സര്‍ക്കാരുകളും സൗഹൃദത്തോടു കൂടിയുള്ള സമീപനം സ്വീകരിക്കേണ്ട സമയമാണിത്. വിഷയം സങ്കീര്‍ണമാക്കാതെ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്കാന് മുന്നോട്ട് വരണം. നമ്മുടെ ആവശ്യമായതിനാല്‍ കേരളത്തിലെ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള പ്രവൃത്തികള്‍ കണക്കിലെടുക്കുമ്പോള്‍ ആശ്വാസത്തിന് വകയില്ല.
കര്‍ണാടക ഭരിക്കുന്നത് ബിജെപിയാണെന്നതിനാല്‍ പ്രാദേശിക വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. പത്രസമ്മേളനങ്ങളിലും മറ്റും മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്ന വാക്കുകള്‍ വിദ്വേഷം വളര്‍ത്തി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കര്‍ണാടക സര്‍ക്കാരിന് ഒരു നിവേദനം പോലും നല്‍കാതെയാണ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ പബ്ലിക് റിലേഷന്‍സ് ഏറ്റെടുത്തിരിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന റിപ്പോര്‍ട്ടിങ്ങാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് തന്നെ കൊറോണ രോഗത്തിന്റെ ഏറ്റവും വലിയ ഹോട്ട് സ്പോട്ട് ആയി മാറിക്കഴിഞ്ഞ ജില്ലയെ ഈ ദുരിതാവസ്ഥയിലേക്ക് തള്ളിവിട്ടവര്‍ അയല്‍ സംസ്ഥാനത്തെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കേരളം ഏതാനും ദിവസങ്ങളായി കാണുന്നത്. ഈ സാഹചര്യത്തില്‍ കാസര്‍കോടിനെക്കുറിച്ച് മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം മറച്ചുവെച്ച ചില വസ്തുതകള്‍ പരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
മംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമായി ഏഴ് മെഡിക്കല്‍ കോളേജുകളും അത്രത്തോളം തന്നെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുമുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ജില്ലയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ആശ്രയിക്കുന്നത് ഈ ആശുപത്രികളെയാണ്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നവര്‍ മാത്രമല്ല ജില്ലയൊന്നാകെ ചികിത്സക്കായി മംഗലാപുരത്തേക്ക് ഒഴുകുന്ന കാഴ്ചയും പതിവാണ്. മംഗളുരുവിനടുത്തുള്ള ദേര്‍ളക്കട്ടെയെന്ന ഒരു ചെറിയ ഗ്രാമത്തില്‍ മാത്രം നാല് മെഡിക്കല്‍ കോളേജുകളാണുള്ളത്. അതില്‍ രണ്ടെണ്ണം കാസര്‍കോടുകാരുടെ ഉടമസ്ഥതയിലുള്ളതും. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ രണ്ടെണ്ണവും ജില്ലയിലുള്ളവരുടേതാണ്. അതിര്‍ത്തി അടച്ചതിനെതിരായ കേസ് കോടതി കയറിയപ്പോള്‍ കാസര്‍കോട്ടുകാരെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടുന്ന കത്ത് കോടതിയില്‍ സമര്‍പ്പിച്ച് ജില്ലയോട് ഇവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും ഈ നിലക്കാണ്. ചികിത്സയ്ക്കാവശ്യമായ തങ്ങളുടെ ഉപകരണങ്ങള്‍ ഒരു ആശുപത്രി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ജില്ലയ്ക്ക് വിട്ടുനല്‍കിയതും നാട്ടുകാര്‍ എന്ന വികാരത്തിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ നാടിനെ സ്നേഹിക്കുന്ന ഇവര്‍ക്ക് ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള ജില്ലയെ ഒഴിവാക്കി മംഗളുരുവില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കേണ്ടി വന്നത്?. കേരളം ഇതുവരെ ഭരിച്ച ഇടത്-വലത് മുന്നണികളാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്.
അടുത്തിടെയാണ് കാഞ്ഞങ്ങാട്ട് സ്വകാര്യ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തയ്യാറായി വന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ജില്ലയിലുള്ളവര്‍ക്ക് ഏറെ ആവശ്യമായ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം ചെങ്കൊടി നാട്ടി സിപിഎം തടഞ്ഞു. നിക്ഷേപകര്‍ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. അമിതമായ രാഷ്ട്രീയ അതിപ്രസരവും നിക്ഷേപകരെ ശത്രുപക്ഷത്ത് നിര്‍ത്തി വേട്ടയാടുന്ന തൊഴിലാളി പാര്‍ട്ടിയുടെ അഹന്തയുമാണ് ജില്ലയിലുള്ളവരെ പിന്നോട്ടുവലിക്കുന്നത്. അതിനാലാണ് അവര്‍ സുരക്ഷിതവും നിക്ഷേപ സൗഹൃദ കേന്ദ്രങ്ങവുമായ മംഗളൂരുവിലും അതിര്‍ത്തി ഗ്രാമങ്ങളിലേക്കും കണ്ണെറിയുന്നത്. വികസന കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലയില്‍ നിലവാരമുള്ള ഒരു ആശുപത്രി നിര്‍മ്മിക്കാന്‍ പോലും ഇതുവരെ ഭരിച്ച സിപിഎമ്മിനും കോണ്‍ഗ്രസ്സിനും സാധിച്ചിട്ടില്ല.
ഉക്കിനടുക്കയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഒന്നാം മോദി സര്‍ക്കാര്‍ കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസിനു സമാനമായ ആശുപത്രി ജില്ലയില്‍ സ്ഥാപിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും കഴിഞ്ഞില്ല. ക്യാഷ്ലെസ് കൗണ്ടര്‍ എന്ന ആശയത്തോടെ ചികിത്സ വാഗ്ദാനം ചെയ്ത് പെരിയയില്‍ സത്യസായി ട്രസ്റ്റ് നിര്‍മ്മാണമാരംഭിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനവും ചില കേന്ദ്രങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. രോഗികളെ തടയുന്ന നടപടി ശരിയല്ലെന്ന് തന്നെയാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ അതിന്റെ പേരില്‍ പാര്‍ട്ടിയെ ആക്ഷേപിച്ച് മുതലെടുപ്പ് നടത്താനുള്ള നീക്കത്തെ ചെറുക്കും.
അതിവേഗം പടരുന്ന മഹാമാരിയില്‍ ഭയപ്പാടിലാണ് ലോകം മുഴുവന്‍. രാജ്യത്ത് ഏറ്റവുമധികം കൊറോണ സ്ഥിരീകരിക്കപ്പെട്ട ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സര്‍ക്കാരിന് അവരുടെ ജനങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാകുന്നതിനെ എങ്ങനെയാണ് കുറ്റം പറയാന്‍ സാധിക്കുന്നത്? മാര്‍ച്ച് 23ന് തന്നെ കേരളം അതിന്റെ അതിര്‍ത്തികള്‍ അടച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അയല്‍ സംസ്ഥാനത്തെ പഴി ചാരുന്നതിന് പകരം താല്‍ക്കാലികമായെങ്കിലും അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കാനായിരുന്നില്ലേ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക് ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ മുഖ്യമന്ത്രിക്ക് ബിജെപി കത്തയച്ചിരുന്നു. ജില്ലയിലെ രോഗികളെ ഇവിടെ തന്നെ ചികിത്സിപ്പിക്കാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു.
1. ജില്ലയിലെ ചികിത്സ പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി ആരോഗ്യ പാക്കേജ് പ്രഖ്യാപിക്കണം. ഇതിനാവശ്യമായ ഫണ്ട് ദുരന്ത നിവാരണ നിധിയില്‍ നിന്ന് അനുവദിക്കണം.
2. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താല്‍ക്കാലിക ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കണം. 40 ലക്ഷം രൂപ ചിലവില്‍ അഞ്ച് ദിവസങ്ങള്‍ കൊണ്ട് ഇത് നടപ്പാക്കാം.
3. ഡയാലിസിസ്, കേത്ത് ലാബ്, വെന്റിലേറ്റര്‍ തുടങ്ങിയ ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
ഇവയിലൊന്ന് പോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആരോഗ്യ രംഗത്ത് ഒന്നാമതാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ കാസര്‍കോട് ജില്ലയുടെ യഥാര്‍ത്ഥ ചിത്രം കൊറോണക്കാലത്തെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സൈബര്‍ സഖാക്കളുടെയും ഇടത് മാധ്യമപ്രവര്‍ത്തകരുടെയും അശ്ലീല സാഹിത്യങ്ങളാല്‍ മറച്ചുപിടിക്കേണ്ടതല്ല അത്. വികസന വിരോധം അവസാനിപ്പിച്ച് നിക്ഷേപ സൗഹൃദ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും തയ്യാറായാല്‍ കാസര്‍കോട്ടും സ്വകാര്യ മെഡിക്കല്‍ കോളേജ് ഉയരും. ഇതിനായി ചെങ്കൊടിയുമായി വികസനത്തിന് തുരങ്കം വയ്ക്കുന്ന ചെങ്കണ്ണ് മാറ്റുകയാണ് പിണറായി വിജയന് ആദ്യം ചെയ്യേണ്ടത്.
അഡ്വ.കെ. ശ്രീകാന്ത്
(കാസര്‍കോട് ബിജെപി ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: