കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ന്റെ പേരില്‍ പിരിച്ച സംഭാവന പിടിഎ അക്കൗണ്ടില്‍ നിക്ഷേപിച്ച നടപടി വിവാദമാകുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജനപ്രതിനിധികളും അംഗീകരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും അംഗങ്ങളായുള്ള ആശുപത്രി വികസന സമിതിയുടെ അക്കൗണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പ്രിന്‍സിപ്പാളിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കെ, സംഭാവനയായി ലഭിച്ച പണം ഇതുമായി ഒരു ബന്ധവുമില്ലാത്ത പിടിഎ അക്കൗണ്ടില്‍ നിക്ഷേപിച്ചതാണ് വിവാദമായത്. ഇത് തിരിമറി നടത്താനാണെന്നും സമഗ്രവും വ്യക്തവുമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
സംഭാവന വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി ഉത്തരമേഖലാ പ്രസിഡന്റും കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസന സമിതി അംഗവുമായ ടി.പി. ജയചന്ദ്രന് മുഖ്യമന്ത്രിക്ക് പരാതി നല്കി. കോവിഡ് 19- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാനും ക്രമീകരണങ്ങള്‍ നടത്താനുമെന്ന വ്യാജേന പൊതുജനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചെടുത്ത് മെഡിക്കല്‍ കോളേജ് പിടിഎ അക്കൗണ്ടില്‍ നിക്ഷേപിച്ചത് ദുരുദ്ദേശപരവും വലിയ അഴിമതിയുമാണെന്ന് അദ്ദേഹം നല്കിയ പരാതിയില്‍ പറയുന്നു.
ആശുപത്രി വികസന സമതിക്ക് വികസനാവശ്യങ്ങള്‍ക്ക് അക്കൗണ്ട് നിലവിലുള്ളപ്പോഴാണ് പിടിഎ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ഇക്കാര്യത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍, വൈറോളജി സൈന്റിസ്റ്റ്, മെഡിക്കല്‍ കോളേജ് ഇടതു സംഘടനാ നേതാവ് എന്നിവര്‍ക്കുള്ള പങ്ക് സംശയാ സ്പദമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. പിടിഎ സമിതിക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ദുര്‍വിനിയോഗവും തട്ടിപ്പുകളും സാധാരണമായ പശ്ചാത്തലത്തില്‍ ഇതിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കാന്‍ താല്പര്യമുള്ളവര് മെഡിക്കല്‍ കോളേജ് പിടിഎ കമ്മറ്റി അക്കൗണ്ടിലേക്ക് പണം നല്കണമെന്നാ വശ്യപ്പെട്ടുള്ള സന്ദേശം ഗള്‍ഫ് നാടുകളിലടക്കമുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കിടയിലാണ് പ്രചരിച്ചത്. മെഡിക്കല്‍ കോളേജ് വൈറോളജി വിഭാഗത്തിലെ ഡോ. വി. പ്രശാന്തിന്റെ പേരിലായിരുന്നു സന്ദേശം. സന്ദേശം വ്യാജമാണെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ പ്രതികരണം. തന്റെ പേരില്‍ സന്ദേശം പ്രചരിച്ചതിനെകുറിച്ച് അറിയില്ലെന്നായിരുന്നു ഡോ. വി. പ്രശാന്തിന്റെ പ്രതികരണം.
മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയായി ഉയര്‍ത്തിയ സാഹചര്യത്തില്‍ അടിയന്തര സൗകര്യമൊ രുക്കുന്നതിന് പലരും നല്കിയ സഹായം പിടിഎ അക്കൗ ണ്ടിലാണ് നിക്ഷേപിച്ചതെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ അക്കൗണ്ട് ഉപയോഗിച്ചത്. പിപി കിറ്റ് വാങ്ങാന്‍ സഹകരണ സ്ഥാപനങ്ങള്‍ സമാഹരിച്ചു നല്കിയ 20 ലക്ഷം രൂപയും ജില്ലയിലെ ക്വാറി യൂണിറ്റ് ഉടമകളുടെ അസോസിയേഷന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതില്‍ 2.02 ലക്ഷം രൂപയും പിടിഎ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതല്ലാതെ പണം സമാഹരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം നല്കി യിട്ടില്ലെന്നാണ് പ്രിന്‍സിപ്പാള്‍ ഡോ. വി.ആര്. രാജേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: