തിരുവനന്തപുരം: നിരനിരയായി വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ നിരത്തി വച്ച് പൂമണം വാരിവിതറുന്ന ചാലക്കമ്പോളത്തിലെ പൂക്കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പൂക്കച്ചവടത്തേയും സാരമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. ഉത്സവ സമയമായതിനാല്‍ നല്ലകച്ചവടം നടക്കേണ്ട സമയമായിരുന്നു. എല്ലാം കോവിഡ് കൊണ്ടുപോയി. വിഷുക്കാലവും കൊറോണകൊണ്ടുപോയി ഇനി ഓണക്കാലം മാത്രമാണ് പ്രതീക്ഷയായി മുന്നിലുള്ളത്.
പ്രധാനമായും തോവളയില്‍ നിന്നും പിന്നെ ഒസൂര്‍, സേലം, ദിണ്ടുകല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് തിരുവനന്തപുരത്തെ പ്രധാനകമ്പോളമായ ചാലയില്‍ പൂക്കള്‍ എത്തിയിരുന്നത്. ഇപ്പോള്‍ പൂക്കളുമായി വാഹനങ്ങള്‍ ഒന്നും തന്നെ അതിര്‍ത്തി കടന്ന് എത്തുന്നില്ല. തമിഴ്‌നാട്ടിലെയും മൈസൂറിലെയും വലിയ പൂന്തോട്ടങ്ങളില്‍ വിളവെടുപ്പ് സാധാരണപോലെ നടക്കുന്നു. എന്നാല്‍ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ അവ സൗജന്യമായി നല്‍കുകയും ബാക്കി വരുന്നവ കുഴിച്ചു മൂടുകയുമാണ് ചെയ്യുന്നത്.
ഉത്സവസമയമായതിനാല്‍ ഈക്കാലയളവില്‍ വലിയ കച്ചവടം നടക്കേണ്ടതായിരുന്നു. ദിവസവും പന്ത്രണ്ടായിരവും പതിനയ്യായിരവും രൂപയുടെ കച്ചവടമാണ് സാധാരണ ഓരോ കടകളിലും നടന്നുവന്നിരുന്നത്. തലസ്ഥാനത്തെ നിരവധിക്ഷേത്രങ്ങളിലേക്കും വലിയ ഹോട്ടലുകളിലേക്കും ദിവസവും ആയിരക്കണക്കിനു രൂപയുടെ പൂവാണ് നല്‍കിയിരുന്നത്. അതെല്ലാം ഇന്ന് നഷ്ടമായിരിക്കുന്നു.
ഈ കച്ചവടമെല്ലാം തിരികെപിടിക്കാനാവുമോ എന്ന ആശങ്കയാണ് ഓരോ കച്ചവടക്കാര്‍ക്കുമുള്ളത്. ആറുമാസമെങ്കിലുമാകാതെ പിടിച്ചുനില്‍ക്കാനാവില്ല. ഒരു കടയെ ആശ്രയിച്ച് പത്തുപന്ത്രണ്ടു സ്ത്രീകളും മറ്റ് സ്റ്റാഫുകളും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നു. അവരുടെയെല്ലാം അവസ്ഥ ഇന്ന് മോശമായിരിക്കുകയാണ്. എല്ലാകടകളുടെയും തൊഴിലാളികളുടെയും അവസ്ഥ വളരെ മോശമായിരിക്കുകയാണ്. വിഷുക്കാലമാണ് വരാന്‍ പോകുന്നത്. സാധാരണ നല്ലകച്ചവടം നടക്കേണ്ട സമയമാണ്. അതും കൊറോണ കൊണ്ടുപോകും എന്നാണ് തോന്നുന്നത്. കൊറോണ ഒഴിഞ്ഞ ഒരു ഓണക്കാലമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഓരോ കച്ചവടക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: