കൊയിലാണ്ടി: ഏറെ ദിവസത്തെ ആശങ്കയ്ക്കു ശേഷം മൂടാടി പാലക്കുളം കുനിയില്‍ കണ്ടി രഘുനാഥന്റെ (52) മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. 20 വര്‍ഷമായി ബഹ്റൈനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന രഘുനാഥനെ 26 ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ആശങ്കയായിരുന്നു. നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാണിച്ച് മൃതദേഹം എത്തിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ബെഹറിനില്‍ സംസ്കരിക്കാന്‍ പോലും വീട്ടുകാര്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ബഹ്റൈനിലെ മലയാളി സംഘടനായ സംസ്കൃതി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയത്. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പറ്റില്ലെന്ന നിലപാടെടുത്തെങ്കിലും ജില്ലാ കലക്ടര്‍ സാംബശിവറാവു കുടുംബത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലും കുടുംബത്തിന് ആശ്വാസമായി.
ഗള്‍ഫ് എയര്‍ വിമാന കമ്പനിയുടെ കാര്‍ഗോ വിമാനത്തിലാണ് മൃതദേഹം ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. മാര്‍ച്ച് 31 ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും, ഇടപെടലാണ് ഈ സൗകര്യം ഒരുക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാനുപയോഗിച്ച വിമാനം വഴി മൃതദേഹം നാട്ടിലെത്തിച്ചത്.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ ശേഷം രാത്രിയോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു.രഘുനാഥ് ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹും, ബിഎംഎസ് കൊയിലാണ്ടി താലൂക്ക് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ബഹ്റിനില്‍ സംസ്കൃതിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: