മാഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ യുദ്ധസമാനമായ നടപടികളിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ കേന്ദ്രഭരണപ്രദേശമായ മാഹി ഭരണകൂടം വേണ്ടത്ര മുന്‍കരുതലുകളെടുക്കാതെ വിഷയം ലഘൂകരിക്കുന്നതായി പരാതി. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലിപ്പം പോലും ഇല്ലാത്ത ഇവിടെ ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലാണ്.
600 ഓളം കിലോമീറ്റര്‍ താണ്ടി പുതുച്ചേരില്‍ നിന്നും ഇവിടെയെത്തുന്ന ഉദ്യോഗസ്ഥന്മാരില് മിക്കവരും മാഹിയെക്കുറിച്ച് അറിവില്ലാത്തവരാണ്. ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇവിടെ സംസ്ഥാന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉടനെ പറന്നെത്തി വലിയ പ്രഖ്യാപനങ്ങള്‍ നടത്തി പോയതല്ലാതെ ഇന്നുവരെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒരു നടപടിയുംഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്നവര്‍ക്കെല്ലാം മുടക്കമില്ലാതെ ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കുമെന്ന ഉന്നതാധികാര സമിതിയുടെ തീരുമാനം രണ്ടാഴ്ച കഴിഞ്ഞിട്ടും നടപ്പാക്കാനായിട്ടില്ല.
അഞ്ഞൂറിലേറെ പേര് ഇപ്പോഴും മയ്യഴി മേഖലില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സര്‍ക്കാരിനെ ജനം അനുസരിച്ചെങ്കിലും മുഖ്യമന്ത്രി മയ്യഴിയില്‍ പ്രഖ്യാപിച്ച ഒരു കോടിയുടെ പാക്കേജ് ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല. മയ്യഴിയുടെ സമീപ പ്രദേശങ്ങളായ അഴിയൂര്‍, ചൊക്ലി, ന്യൂമാഹി തുടങ്ങിയ പഞ്ചായത്തുകളില്‍ തെരുവില്‍ അലയുന്ന പട്ടികള്‍ക്കും പൂച്ചകള്‍ക്കും വരെ ഭക്ഷണം വിതരണം ചെയ്യുമ്പോഴാണ് ചേര്‍ന്നു നില്ക്കുന്ന മാഹിയില്‍ ഈ ദുരവസ്ഥ.
മാഹിയിലെ സമീപപ്രദേശങ്ങളിലെല്ലാം മാവേലിസ്റ്റോറുകളും സപ്ലൈകോ സ്റ്റോറുകളും ധാരളമായി ഉണ്ട്. എന്നാല്‍ പൊതുവിതരണ സംവിധാനം പൂര്‍ണമായും നിലച്ച പ്രദേശമാണ് മാഹി. റേഷന്‍ കടകള്‍ മാഹിയില്‍ ഇല്ലാതായി. വിവിധ വകുപ്പുകള്‍ തമ്മില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്യേണ്ട ഏകോപനം നടന്നിട്ടില്ല. രോഗികള്‍ക്ക് പലപ്പോഴും മരുന്ന് ലഭിക്കാത്തതായും ആരോപണങ്ങളുണ്ട്. സന്നദ്ധ സംഘടനകളെ പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുമ്പോള്‍ പകരം സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്താത്തതും ആളുകളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ്.
മാഹി എംഎല്‍എയും മാഹി ഭരണകൂടവും അലസത വെടിഞ്ഞ് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇനിയെങ്കിലും നടപടി വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: