ന്യൂദല്‍ഹി: ലോക്ക്ഔട്ടിലൂടെ കൊറോണ പ്രതിരോധം മികച്ചരീതിയില്‍ രാജ്യത്തു മുന്നോട്ട് പോകവേ ദല്‍ഹി നിസാമുദ്ദീലെ മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത് കനത്തതിരിച്ചടിയാകുന്നു. വൈറസ് ബാധ സാമൂഹികവ്യാപനത്തിലേക്ക് കടക്കാതിരിക്കാന്‍ അതീവജാഗ്രതയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായ തബ് ലീഗില്‍ അധികം പേര്‍ പങ്കെടുത്ത പത്തു സംസ്ഥാനങ്ങളില്‍ കര്‍ശന നിരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാട്, കേരളം, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ആന്ധ്രപ്രദേശ്, അസം, മഹാരാഷ്‌ട്ര, മുഖ്യമന്ത്രിമാരോട് ഓരോ മൂന്നു മിനിറ്റിലും അതാതു സംസ്ഥാനത്ത് സ്ഥിതിവിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, വ്യാഴാഴ്ച രാവിലെ 11ന് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. മുഖ്യമന്ത്രിമാരെ കൂടാതെ, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. മതസമ്മേളനത്തില്‍ നിന്നു പങ്കെടുത്ത് സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയവരേയും അവരുമായി ബന്ധപ്പെട്ടവരേയും കര്‍ശനമായും നിരീക്ഷണത്തില്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ദല്‍ഹിയില്‍ നിന്നു മടങ്ങിയെത്തുവരുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. കേരളത്തില്‍ നിന്നു തബ് ലീഗിനു പോയി തിരിച്ചെത്തിയ ചില ഇതരസംസ്ഥാന തൊഴിലാളികള്‍ ഇപ്പോഴും സത്യം തുറന്നു പറയുന്നില്ല. നാട്ടില്‍ പോയി വന്നതാണെന്നാണു ഇവര്‍ പറയുന്നത്. ഇവരുടെ യാത്രവിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ കൃത്യമായ വിവരങ്ങള്‍ വ്യക്തമാകൂ.
കേരളത്തില്‍ നിന്ന് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 310 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 79 പേര്‍ സംസ്ഥാനത്ത് തിരിച്ചെത്തി. ഇവരെ നിരീക്ഷകേന്ദ്രത്തിലേക്ക് മാറ്റുകയാണ്.തിരുവനന്തപുരത്ത് നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മതസമ്മേളത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 45 പേര്‍ക്കും തെലങ്കാനയില്‍ നിന്നുള്ള 15 പേര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ചെറിയ മുറികളില്‍ 1500ഓളം പേരാണ് കഴിഞ്ഞത്. 2191 വിദേശികള്‍ സമ്മേളനത്തിനെത്തിയതായാണു കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: