മന്വന്തരങ്ങളുടേയും തുടര്‍ന്ന് വംശനാഥന്മാരുടേയും ചരിത്രം പറയുന്ന ഭാഗത്താണ് ഭാഗവതത്തില്‍ സത്യവ്രതന്റെയും മത്സ്യാവതാരത്തിന്റെയും ചരിത്രം വിസ്തരിക്കുന്നത്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ പ്രാരംഭപഠനം ഈ ഭാഗത്തു നിന്നാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.
ജലത്തില്‍ മാത്രം ജീവിക്കുന്ന മത്സ്യമൂര്‍ത്തിയില്‍ നിന്നാണ് ദശാവതാര ചരിതം ആരംഭിക്കുന്നത്. കൈക്കുമ്പിളില്‍ കിടന്നു തുടങ്ങി പുതിയ ചരിത്രം കുറിച്ച മല്‍സ്യാവതാരം. കൈക്കുള്ളില്‍ കിടന്ന ഭഗവദ് ചൈതന്യത്തെ സത്യവ്രതന് എളുപ്പം തിരിച്ചറിഞ്ഞു. കൃഷ്ണാവതാര കാലത്ത് ശ്രീകൃഷ്ണന് പിറന്ന സമയത്തു തന്നെ വസുദേവര്‍ക്ക് ഭഗവാന് ദിവ്യദര്‍ശനം നല്‍കിയതാണ്. എന്നിട്ടും ഭഗവാന്റെ മായാ ശക്തിയാല്‍ കൃഷ്ണചൈതന്യത്തിന്റെ രഹസ്യം വസുദേവര്‍ക്ക് തിരിച്ചറിയാനായില്ല.
എന്നാല്‍ മല്‍സ്യാവതാര മായാശക്തിയെ ഭൗതിക ലോകത്തെ പ്രകര്‍ഷേണ ലയിപ്പിക്കാനുള്ള പുറപ്പാടിലാണ് ഭഗവാന് മല്‍സ്യമൂര്‍ത്തി. സത്യവ്രതനെ മായാശക്തിയുടെ വൈഭവം കാട്ടി ഒന്ന് അല്‍ഭുതപ്പെടുത്തിയിട്ടാണ് മല്‍സ്യമൂര്‍ത്തി ലക്ഷം യോജന വിസ്തൃതിയില്‍ ശരീരം വിപുലപ്പെടുത്തിയത്. (ഒരു യോജന പന്ത്രണ്ടു കിലോമീറ്ററാണെന്ന് ഒരു അഭിപ്രായമുണ്ട്. അത് ഹനുമാന് മഹേന്ദ്രഗിരിയില്‍ നിന്ന് ശ്രീലങ്കയിലേക്ക് ചാടിയ നൂറുയോജന എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മഹേന്ദ്രഗിരിയില്‍ നിന്നും ലങ്കയിലേക്ക് 1,200 കിലോമീറ്ററാണത്രേ. എന്നാല്‍ തിരുനല്‍വേലിക്ക് സമീപവും ഒരു മഹേന്ദ്രഗിരിയുണ്ടെന്നു കേള്‍ക്കുന്നു.)
നമ്മുടെ കൈവെള്ളയില്‍ കിടന്നു വളര്‍ന്ന ശിശുക്കള്‍, കുറച്ചു കാലം കഴിയുമ്പോള്‍, നമ്മളേക്കാള്‍ പ്രഭാവത്തില്‍ വരുന്നത് നാം കാണാറുണ്ടല്ലോ. വളര്‍ച്ചയുടെ ഈ മഹത്തായ സ്വഭാവത്തേയും മല്‍സ്യാവതാരകഥയിലൂടെ ഓര്‍മപ്പെടുത്തുന്നുണ്ട്. മായാപ്രഭാവത്തിന്റെ ഇത്തരം പ്രതിഭാസങ്ങള്‍ ശരിയായി നോക്കിക്കാണാനും ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരൂ. സത്യവ്രതനെ അടുത്ത മന്വന്തരത്തിലേക്കുള്ള മനുവായി ഭഗവാന് നിശ്ചയിച്ചു കഴിഞ്ഞു എന്നതാണ് ഈ കളിയുടെ അടിസ്ഥാനം. ആറാമത്തെ മന്വന്തരത്തിന്റെ അന്ത്യത്തിലാണ് ഭഗവാന് മല്‍സ്യാവതാരമായി വന്ന് വിവസ്വാന്റെ പുത്രനായ സത്യവ്രതനെ അടുത്ത മന്വന്തരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ അവതരിച്ചത്. വൈവസ്വതനായ സത്യവ്രതന് ഏഴാം മന്വന്തരത്തില്‍ ശ്രാദ്ധദേവന്‍ എന്ന പേരില്‍ മനുവായിട്ടു വരും എന്നായിരുന്നു ഭഗവാന്റെ നിശ്ചയം. (ഈ ശ്രാദ്ധദേവന്റെ മന്വന്തരമാണ് ഇപ്പോള്‍ നടക്കുന്നത്) .
ഓരോ മന്വന്തരത്തിലും സപ്തര്‍ഷികളും വ്യത്യസ്തമാണ്. ആറാം മന്വന്തരമായ ചാക്ഷുഷമന്വന്തരത്തില്‍ ഹവിഷ്മാന്‍, വീരകന്‍, സുമേധസ്, ഉത്തമന്, മധു, അതിനാമാവ്, അസഹിഷ്ണു എന്നിവായിരുന്നു സപ്തര്‍ഷികള്‍. ഈ മന്വന്തരത്തില്‍ ഭഗവാന് മഹാവിഷ്ണു, സംഭൂതി-വൈരാജ ദമ്പതികളുടെ പുത്രനായി അജിതന് എന്ന പേരില്‍ അവതരിച്ചു. ഈചാക്ഷുസ മന്വന്തരത്തിലാണ് പാലാഴി മഥനവും കൂര്‍മാവതാരവുമെല്ലാം നടന്നത്. മോഹിനി അവതാരവും ധന്വന്തരി അവതാരവുമെല്ലാം ഉണ്ടായി.
ഏഴാമത്തെ മന്വന്തരത്തില്‍ സത്യവ്രതന്(വൈവസ്വതന്) ശ്രാദ്ധദേവന്‍ എന്ന പേരില്‍ മനുവായി വംശത്തെ നയിച്ചു. പുരന്ദരന്‍ ദേവേന്ദ്രനായി. കശ്യപന്, അത്രി, വസിഷ്ഠന്, ഗൗതമന്, വിശ്വാമിത്രന്, ജമദഗ്നി, ഭരദ്വാജന് എന്നിവര്‍ സപ്തര്‍ഷികളായി.
ഈ മന്വന്തരത്തില്‍ അദിതി -കശ്യപന്മാര്‍ക്ക് പുത്രനായി വാമനാവതാരമുണ്ടായി. എട്ടാമത്തെ മന്വന്തരത്തില്‍ സൂര്യ പുത്രനായ സാവര്‍ണി മനുവായും വാമനമൂര്‍ത്തിയാല്‍ സുതലത്തില്‍ പരിരക്ഷിക്കപ്പെടുന്ന ബലി ഇന്ദ്രനായും ഭവിക്കും.
ഗാലവാന്‍, ദീപ്തിമാന്‍, പരശുരാമന്, അശ്വത്ഥാമാവ്, കൃപര്‍, ഋശ്യശൃംഗന്, വ്യാസന് എന്നിവര്‍ സപ്തര്‍ഷികളായി ഭവിക്കും. ഭഗവാന് മഹാവിഷ്ണു, സരസ്വതി -ദേവഗുഹ്യ ദമ്പതികളുടെ പുത്രനായി സാര്‍വഭൗമന്‍ എന്ന പേരില്‍ അവതരിച്ച് പുരന്ദരനില്‍ നിന്നും ഇന്ദ്രസ്ഥാനം പിടിച്ചു വാങ്ങി ബലിയെ ഏല്‍പ്പിക്കും.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: