ശ്ലോകം 152
ആത്മാനാത്മ വിവേകഃ കര്‍ത്തവ്യോ
ബന്ധമുക്തയേ വിദുഷാ
തേനൈവാനന്ദീ ഭവതി
സ്വം വിജ്ഞായ സച്ചിദാനന്ദം
ബന്ധത്തില്‍ നിന്ന് മുക്തനാവാനായി അറിവുള്ളയാള്‍ ആത്മ അനാത്മ വിവേകം ചെയ്യണം. അപ്പോള്‍ സ്വസ്വരൂപമായ ആത്മാവ് സച്ചിദാനന്ദമെന്നറിയാനാകും. അതുവഴി ആനന്ദത്തെ നേടാം.
ആത്മാവിനെയും അനാത്മാവിനെയും വേര്‍തിരിച്ച് അറിയുന്നതാണ് ആത്മാനാത്മ വിവേകം. അനാത്മ വസ്തുക്കളെ കൊണ്ട് നിറഞ്ഞതാണ് പ്രപഞ്ചം. എന്നാല്‍ ഇവയില്‍ ശരീരം മുതലായ പലതും ആത്മാവെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്. അതുകൊണ്ട് എന്നും എങ്ങുമുള്ള ആത്മവസ്തുവിനെ തിരിച്ചറിയണം. ജ്ഞാന മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോകുന്ന സാധര്ക്ക് ഇതിന് സാധിക്കും. ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പഠനം ചെയ്തയാള്‍ക്ക് ഇതിന് കഴിയും- അങ്ങനെയുള്ളയാളെയാണ് വിദ്വാന് എന്ന് വിശേഷിപ്പിച്ചത്. ആത്മാവ് നിത്യവസ്തുവാണെന്നും അതല്ലാത്തതൊക്കെ അനിത്യ വസ്തുക്കളായ അനാത്മാക്കളെന്നും അറിയണം. ഇങ്ങനെ വിചാരം ചെയ്ത് ഉറപ്പിക്കുന്നത് ഓരോ സാധകന്റെയും കര്‍ത്തവ്യമാണ്.
അനാത്മാക്കളും ഉപാധികളുമായ ശരീരമനോബുദ്ധികളുമായി ബന്ധപ്പെട്ട അനുഭവങ്ങളൊന്നും ആത്മാവിന്റെയല്ല എന്ന് വിവേകിക്ക് മനസ്സിലാകും. അവയ്ക്കൊന്നും ആത്മാനുഭവത്തെ തരാനാവില്ല. അവയിലൂടെയുള്ള ആനന്ദം ക്ഷണികമാണ്.
മൂന്ന് കാലങ്ങളിലും മാറാതെ നില്ക്കുന്ന സദ് വസ്തുവിന് മാത്രമേ എന്നുമുള്ളതായ പരമാനന്ദത്തെ നല്‍കാനാവൂ. അതിനാല്‍ അസത്തായ അനാത്മ വസ്തുക്കളെ വിചാരം ചെയ്ത് തള്ളിക്കളയണം.
താന്‍ സച്ചിദാനന്ദ സ്വരൂപമായ പരമാത്മാവാണെന്ന അനുഭവം കൈവരിക്കാനായാല്‍ പിന്നെ അതില്‍ പരം ഒന്നുമില്ല. സദാ ആനന്ദം തന്നെ.. പരമാനന്ദം..മുക്തനെക്കുറിച്ച് പറയുന്നു.
ശ്ലോകം 153
മുഞ്ജാദിഷീകാമിവ ദൃശ്യവര്‍ഗ്ഗാത്
പ്രത്യഞ്ച മാത്മാനമസംഗമക്രിയം
വിവിച്യ തത്ര പ്രവിലാപ്യ സര്‍വ്വം
തദാത്മനാ തിഷ്ഠതി യഃ സ മുക്തഃ
മുഞ്ജപ്പുല്ലില് നിന്ന് അതിന്റെ ഉള്ളിലെ ഇളംതണ്ട് വേര്‍പ്പെടുത്തും പോലെയാണ് ആത്മാവിനെ വേര്തിരിച്ചറിയല്.ഇക്കാണാകുന്ന സകല ദൃശ്യങ്ങളില്‍ നിന്നും വേറിട്ടവനായി സംഗമില്ലാത്തവനും ക്രിയകളില്ലാത്തവനുമായി ആത്മാവിനെ അറിയണം. ആ ആത്മാവില്‍ എല്ലാം ലയിപ്പിച്ച് അതില്‍ തന്നെ മുഴുകിയിരിക്കുന്നവനാണ് മുക്തന്.
ഉള്ളില്‍ ഇളം കാമ്പിന്റെ തണ്ടും ചുറ്റും പോളകളുമുള്ള ഒരു തരം പുല്ലാണ് മുഞ്ജപ്പുല്ല്.നിരവധി പോളകളുള്ളവാഴപ്പിണ്ടി പോലെയിരിക്കും ഇതും.
പോളകളെ ഓരോന്നായി നീക്കം ചെയ്താല്‍ ഒത്ത നടുക്കുള്ള കാമ്പിന്റെ ഇളം തണ്ട് പുറത്തെടുക്കാം. അല്ലെങ്കില്‍ ഈ പോളകളെയോ പുറംചുറ്റുകളെയോ തൊടാതെ മുകളിലെ തുമ്പില്‍ പിടിച്ച് വലിച്ചാല്‍ നടുവിലെ ഇളംതണ്ട് ഊരിപ്പോരും. മുഞ്ജപ്പുല്ലിന്റെപോളകള് ഓരോന്നായി നീക്കും പോലെയാണ് പഞ്ചകോശങ്ങള്‍ വിചാരം ചെയ്ത് നീക്കുന്നത്. അവയ്ക്കുള്ളിലെ കാമ്പായ ആത്മാവിനെ കണ്ടെത്തലാന്ന് വേണ്ടത്.കഠോപനിഷത്തില്‍ ‘തം സാച്ഛരീരാത് പ്രവൃഹേന് മുഞ്ജാദിവേഷീകാം ധൈര്യേണ’ എന്ന വാക്യമാണ് ഇവിടെ സ്മരിച്ചിട്ടുള്ളത്.
മുഞ്ജപ്പുല്ലിന്റെ ഇളംതണ്ടിനെ വേര്പ്പെടുത്തിയെടുക്കുംപോലെ വളരെ ശ്രദ്ധയോടെആത്മാവിനെ തന്റെ ശരീരത്തില്‍ നിന്ന് അടര്ത്തിയെടുക്കണമെന്ന് അവിടെ പറയുന്നു.
എല്ലാ വിഷയങ്ങളും ദൃശ്യങ്ങളാണ് അവയാല്‍ ദ്രഷ്ടാവായ ആത്മാവ് മറഞ്ഞിരിക്കുന്നു. ശരീരം, മനസ്സ്, ബുദ്ധി എന്നിവയും അവയുടെ വിഷയ, വികാരവിചാരങ്ങളുമെല്ലാം ദൃശ്യങ്ങളാണ്.ഈ ദൃശ്യങ്ങളെ നീക്കിയാല്‍ ഒന്നു മായും ഒരു ഒട്ടലില്ലാത്തവനും ഒരു പ്രവര്‍ത്തനവും ഇല്ലാത്തവനായി നമ്മില്‍ കുടികൊള്ളുന്ന ആത്മാവിനെ അറിയാം.
ആത്മസാക്ഷാത്കാരത്തിലൂടെ എല്ലാ ദൃശ്യങ്ങളും അതില്‍ വിലയിക്കും. ഉണരുമ്പോള്‍ സ്വപ്ന ദൃശ്യങ്ങളും സ്വപ്നം കണ്ടയാളുമൊക്കെ ജാഗ്രത്തില്‍ ലയിക്കും പോലെയാണിത്.
സകല ദൃശ്യങ്ങളേയും വേറിട്ടതെന്ന് തോന്നിപ്പിച്ച തന്റെ വ്യക്തിത്വത്തേയും ആത്മാവില്‍ ലയിപ്പിച്ച് ആത്മസ്വരൂപത്തില്‍ ഉറച്ചിരിക്കുന്നയാളാണ് മുക്തന്. പിന്നെ ആത്മസ്വരൂപമല്ലാതെ രണ്ടാമതൊന്നില്ല. ഇത് തന്നെ മുക്താവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: