തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ കാറ്റില്‍ പറത്തി ചങ്ങനാശ്ശേരിയില്‍ തെരുവിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും കഴിഞ്ഞ മാസവും പ്രതിഷേധവുമായി പ്രകടനം നടത്തിയിരുന്നു. ജമാ അത്ത് ഇസ്ളാമിയും എസ്ഡിപിഐയും കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ സി ഐ എ വിരുദ്ധ സമരത്തില്‍ സജീവമായിരുന്നു ഇവര്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ നാട്ടിലെ സംരക്ഷകര്‍ ഈ സംഘടനകളിലെ ചില നേതാക്കളാണ്.
ലോക്ക് ഡൗണ്‍ നടക്കുമ്പോള്‍ ആയിരങ്ങളെ സംഘടിപ്പിക്കാനാകും എന്നത് ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ആഹാരത്തിന്റേയും പിന്നീട് നാട്ടിലേക്കുള്ള മടക്കവും സമരക്കാര്‍ ആവശ്യപ്പെട്ടതിലും ദുരൂഹതയുണ്ട്. പിന്നില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലത്തെത്തിയ പി തിലോത്തമനും വിലയിരുത്തി.
പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്ന സൂചനയുണ്ടന്നും അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടന്നും മുഖ്യമന്ത്രി പറയുന്നു
സിഐഎ വിരുദ്ധ സമരത്തിന്റെ പ്രചരണത്തില്‍ മുന്നില്‍ നില്‍ക്കുകയും വ്യാജവാര്‍ത്ത നല്‍കിയതിന് നടപടി ഏറ്റുവാങ്ങുകയും ചെയ്ത ചാനലായിരുന്നു പായിപ്പാട്ടെ പ്രതിഷേധം ആദ്യമായും സജീവമായും സംപ്രേക്ഷണം ചെയ്തത്. ഇത് യാദൃശ്ചികമല്ല എന്ന നിലപാടിലാണ് പോലീസ്. 3000 ത്തോളം പേര് ഒന്നിച്ചു കൂടിയത് വന്‍ സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.
വാട്സ് അപ്പ് സന്ദേശം അയച്ചാണ് തൊഴിലാളികളെ സംഘടിപ്പിച്ചത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ നാട്ടിലേക്ക് പോകാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന സന്ദേശമാണ് പോയത്. ഒരു കാരണവശാലും നാട്ടിലേക്ക് പോകാന്‍ കഴിയില്ലന്ന് ഉറപ്പുണ്ടായിട്ടും ഇത്തരമൊരു സന്ദേശം അയച്ചതിനു പിന്നലെ ഉദ്ദേശ്യം വ്യക്തമല്ല. ചിലര്‍ വിചാരിച്ചാല്‍ ഇത്രയും പേരെ സംഘടിപ്പിക്കാം എന്നത് സുരക്ഷാപരമായും ഗൗരവ വിഷയമാണ്.
ഒറ്റയ്ക്കും പെട്ടയ്ക്കും ഇറങ്ങുന്നവരെ പോലും ആട്ടിയോടിക്കുകയും ഏത്തയിടിയിപ്പിക്കുകയും ചെയ്യുമ്പോള്‍, ചെറിയ പട്ടണത്തില്‍ ആയിരങ്ങള്‍ ഒത്തു ചേര്‍ന്നത് നാണക്കേട് ഉണ്ടാക്കി എന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍.
പത്തനംതിട്ട ജില്ലയോട് അടുത്തുകിടക്കുന്ന കോട്ടയം ജില്ലയിലെ പഞ്ചായത്താണ് പായിപ്പാട്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം. പഞ്ചായത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നു. 250 ഓളം ലേബര്‍ ക്യാമ്പുകളാണ് ഇവിടുള്ളത്. സര്‍ക്കാറിനു നല്‍കിയിട്ടുള്ള കണക്കില്‍ പെടാത്ത നിരവധി പേരെ ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ അധികമായി താമസിപ്പിക്കുന്നുണ്ട്.
തൊഴിലാളികളെ കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍മാരോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.ലേബര്‍ ഓണേഴ്സിന്റ യോഗം വിളിച്ചു ചേര്‍ത്ത് കോവിഡ് 19 പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഇവര്‍ക്ക് അവബോധം നല്‍കിയിരുന്നു. ക്യാമ്പുകള്‍ വൃത്തിയാക്കാന്‍ പഞ്ചായത്തിന് നിര്‍ദേശവും നല്കി. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പുറത്ത് പോകാനോ നാട്ടിലേക്കു മടങ്ങുന്നതിനോ അനുവാദമില്ലന്നും കര്‍ശനം നിര്‍ദേശം നല്‍കിയിരുന്നു.
തൊഴിലാളികള്‍ക്ക് 14 വരെ ഭക്ഷണം നല്‍കണമെന്നാണ് കോട്ടേജ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്രയും പേര്‍ക്ക് സ്വന്തം കൈയില്‍നിന്ന് പണമെടുത്ത ഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടിലായിരുന്നു ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍. തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും നല്‍കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. പണം കേന്ദ്രം നല്‍കുകയും ചെയ്യും. അതു ചെയ്യാതെ ഉത്തരവാദിത്വം മുഴുവന്‍ കോണ്ട്രാക്ടര്മാരുടെ തലയില്‍ വെച്ചത് വീഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: